അഹമ്മദാബാദ്: രണ്ട് ദിവസത്തെ ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഷിൻസോ അബെയെയും ഭാര്യ അകി അബെയെയും ഗാർഡ് ഓഫ് ഓണർ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

ജപ്പാൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരിക പരിപാടികളും അരങ്ങേറി. വിമാനത്താവളത്തിൽ മാത്രമല്ല, മോദിയും അബെയും നടത്തുന്ന റോഡ്‌ഷോയിലും സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.

സബർമതി ആശ്രമവും 16ാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതുന്ന സീതി സയ്യിദ് മസ്ജിദും സന്ദർശനവുമാണ് ജപ്പാൻ പ്രധാനമന്ത്രിയുടെ ആദ്യ പരിപാടികൾ. 1924ൽ നിർമ്മിച്ച മംഗൾദാസ് ഗിരിധർ ദാസ് പൈതൃക ഹോട്ടലിൽ നിന്ന് രാത്രി ഭക്ഷണം കഴിക്കും.

ജപ്പാൻ സഹകരണത്തോടെയുള്ള ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ തറക്കല്ലിടൽ അബെയും മോദിയും ചേർന്ന് നിർവ്വഹിക്കും. പ്രധാനമന്ത്രി മോദിക്കൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കുചേരും.

15ഓളം ജപ്പാനീസ് കമ്പനികൾ ഗുജറാത്തിൽ നിക്ഷേപമിറക്കുന്നതിനുള്ള കരാറുകൾ ഉച്ചകോടിയിൽ ഒപ്പുവെക്കും. ജപ്പാൻ ഇന്റർ നാഷണൽ കോർപ്പറേഷൻ ഏജൻസിയിൽ നിന്ന് കുറഞ്ഞ പലിശക്ക് അടിസ്ഥാന സൗകര്യ വികസനരതതിനായി സംസ്ഥാനത്തിന് ലോണും ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചു. വ്യാഴാഴ്ച ഷിൻസോ അബെ തിരികെ ജപ്പാനിലേക്ക് തിരിക്കും.