റുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി പശ്ചിമേഷ്യയെ വീണ്ടും അസമാധാനത്തിന്റെ നാളുകളിലേക്ക് തള്ളിയിട്ടു. വെസ്റ്റ് ബാങ്കിൽ ഫലസ്തീൻകാർ നടത്തിയ അക്രമാസക്തമായ പ്രതിഷേധ പ്രകടനത്തെ ഇസ്രയേൽ സൈന്യം നേരിട്ടു. വരാനിരിക്കുന്ന നാളുകൾ കൂടുതൽ രക്തരൂക്ഷിതമായ പ്രതിഷേധത്തിന്റേതാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

കല്ലുകളും പാറക്കഷ്ണങ്ങളുമായാണ് ബത്ത്‌ലഹേമിൽ ഫലസ്തീനികൾ ഇസ്രയേൽ സൈന്യത്തെ നേരിട്ടത്. കണ്ണീർവാതരവും ജലപീരങ്കിയുമുപയോഗിച്ച് സൈന്യം പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു. വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും നടന്ന പ്രതിഷേധപ്രകടനത്തിനുനേർക്ക് ഇസ്രയായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 31 പേർക്ക് പരിക്കേറ്റു. നാബ്ലൂസ്, ജെനിൻ, റാമള്ള എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി. ജറുസലേം ഫലസ്തീന്റെ തലസ്ഥാനമാണെന്ന മുദ്രാവാക്യമുയർത്തി ഹിബ്രോണിലും അൽ-ബിറേയിലും പ്രകടനങ്ങളുണ്ടായി.

പതിറ്റാണ്ടുകളായി അമേരിക്ക പിന്തുടർന്നുവന്ന വിദേശനയം അട്ടിമറിച്ച് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച നടപടിയിലൂടെ, ബോംബിന്റെ പിൻ ഊരിയിടുകയാണ് ട്രംപ് ചെയ്തിരിക്കുന്നതെന്ന് തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിരിം പറഞ്ഞു. പശ്ചിമേഷ്യയെ തീഗോളമാക്കി മാറ്റിയിരിക്കുകയാണ് ട്രംപെന്ന് തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ്പി എർഡോഗൻ ആരോപിച്ചു. ലെബനനിലെ ഹിസ്ബുള്ള അനുകൂല പത്രത്തിൽ അമേരിക്കയ്ക്ക് മരണം എന്നായിരുന്നു തലവാചകം.

ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ എർഡോഗൻ ഫോണിൽ ഫ്രാൻസിസ് മാർപാപ്പയെ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ചർച്ച ചെയ്തു. ജറുസലേമിന്റെ ഇപ്പോഴത്തെ പദവിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ഇരുവരും സമ്മതിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ജറുസലേം യഹൂദന്മാരുടെയും ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും പുണ്യനഗരമാണെന്നും ആ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ശ്രമിക്കുന്നത് ലോകം മുഴുവൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും എർഡോഗൻ പോപ്പിനെ അറിയിച്ചു.

 

ട്രംപിന്റെ പ്രസ്താവനയെ കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്ന് റഷ്യ വ്യക്തമാക്കി. യു.എൻ. രക്ഷാസമിതിയിൽ ഈ പ്രഖ്യാപനത്തെ എതിർക്കുമെന്നും റഷ്യ പറഞ്ഞു. ജറുസലേമിനെ തലസ്ഥാനനഗരമായി പ്രഖ്യാപിച്ച നടപടി ഒട്ടും സഹായകരമല്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ പറഞ്ഞു. ജറുസലേമിനെ ഏകപക്ഷീയമായി തലസ്ഥാനമായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഫ്രാൻസും ജറുസലേമിന്റെ പദവി സംബന്ധിച്ച് തീരുമാനിക്കേണ്ടത് ഇരുരാജ്യങ്ങളുമായുള്ള സമവായത്തിലൂടെ വേണമെന്ന് റഷ്യയും അഭിപ്രായപ്പെട്ടു.

എന്നാൽ, ട്രംപിന്റെ പ്രഖ്യാപനം ജറുസലേമിന്റെ പദവി ഉയർത്തുകയാണുണ്ടായതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതകരിച്ചു. ഇസ്രയേൽ ചരിത്രത്തിൽ തന്റെ കൂടി പേര് എഴുതിച്ചേർക്കുകയാണ് ട്രംപ് ഇതിലൂടെ ചെയ്തത്. ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റാനുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുടർന്ന് കൂടുതൽ രാജ്യങ്ങൾ ആ വഴിക്ക് നീങ്ങുകയാണെന്നും നെതന്യാഹു പറഞ്ഞു.