കാസർഗോഡ്: ജാസിറിന്റെ മരണം കൊലപാതകമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് മാങ്ങാട് നിവാസികൾ. ജാസിറിനെ ഒരു സംഘം ചതിച്ചു കൊലപ്പെടുത്തുകയാണുണ്ടായതെന്ന് അവർ വിശ്വസിക്കുന്നു. നേരത്തെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച നാലംഗ യുവാക്കളെ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജാസിർ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം കൂടെയുണ്ടായിരുന്ന ഒരാളിൽ നിന്നും മൃതദേഹം കണ്ടെത്താൻ കാരണമായ വിവരം ലഭിച്ചത്.

മാങ്ങാട്ടെ സാമൂഹ്യ പ്രവർത്തകനായ അബ്ദുറഹ്മാനും ഒപ്പം നാല് യുവാക്കളും ജാസിമിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ മരണ കാരണം കണ്ടെത്താനുള്ള അവരുടെ അന്വേഷണത്തിലാണ് കളനാട് റെയിൽവേ ബ്രിഡ്ജിന് സമീപത്തെ റെയിൽ പാതയോരത്തെ ഓവുചാലിൽ മൃതദേഹം കണ്ടെത്തിയത്. ജാസിമിന്റെ ബന്ധുവും വീട്ടിൽ നിന്ന് ഇറക്കി കൊണ്ടു പോയ മറ്റൊരാളിൽ നിന്നുമാണ് മൃതദേഹം കിടക്കുന്ന സ്ഥലം ഈ അന്വേഷണ സംഘം മനസ്സിലാക്കിയത്.

തന്ത്ര പൂർവ്വം സാമൂഹ്യ പ്രവർത്തകനും കൂടെയുള്ളവരും സ്ഥലം മനസ്സിലാക്കിയതാണ് ഇന്നലെയെങ്കിലും മൃതദേഹം കണ്ടെത്താനായത്. ആരും തിരിഞ്ഞു നോക്കാത്ത ഈ ഓവുചാലിൽ കഴിഞ്ഞ നാല് ദിവസവും മൃതദേഹം കിടന്നു. ഈ അന്വേഷണ സംഘമാണ് വിവരം പൊലീസിനെ അറിയിച്ചത്. ബന്ധുവായ യുവാവ് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം വീട്ടിലറിയിക്കുമെന്ന് പറഞ്ഞതിന്റെ പേരിലാണ് ജാസിമിനെ അപകടപ്പെടുത്തിയതെന്ന് മാങ്ങാട്ടുകാർ വിശ്വസിക്കുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടു പോയ ഏക മകന്റെ മുഖം പോലും ശരിക്ക് കാണാനുള്ള സാഹചര്യം പോലും നിഷേധിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. ഇതിന്റെ പിന്നിൽ കഞ്ചാവുമായി ബന്ധപ്പെട്ട ഒരു സംഘം കുറ്റവാളികളാണ്.

അതിനാൽ പൊലീസ് നടപടി ശക്തമായി സ്വീകരിക്കണമെന്നും ജാസിമിന്റെ ദുരൂഹമരണത്തിന്റെ പിന്നാമ്പുറം അന്വേഷിച്ചു കണ്ടെത്താൻ നാട്ടുകാരുടെ പൂർണ്ണ സഹകരണം ഉണ്ടാകുമെന്നും സാമൂഹ്യപ്രവർത്തകൻ അബ്ദുറഹ്മാൻ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചട്ടച്ചാൽ സ്‌ക്കൂളിലെ പത്താം തരം വിദ്യാർത്ഥികളുടെ സെന്റോഫായിരുന്നു. അതിന്റെ ഒരുക്കത്തിൽ തലേ ദിവസം മുടി വെട്ടാനെന്നു പറഞ്ഞാണ് ജാസിർ വീട്ടിൽ നിന്നും പുറത്തേക്ക് പോയത്.

അല്പ സമയം കഴിഞ്ഞപ്പോൾ പുതു വസ്ത്രമെടുക്കാൻ കാസർഗോഡ് പോകുന്നുവെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ രാത്രി ഏറെ വൈകിട്ടും ജാസിറിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. അന്ന് മുതൽ പൊലീസും നാട്ടുകാരും ബന്ധുക്കളും വിവിധ സ്ഥലങ്ങളിൽ ജാസിറിന് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിലാണ് കളനാട് റയിൽ പാതയോട് ചേർന്ന ഓവുചാലിൽ ജാസിറിന്റെ മൃതദേഹം കാണപ്പെട്ടത്.

വ്യാഴാഴ്‌ച്ച രാത്രി ജാസിറും സുഹൃത്തും ഉദുമയിലെ ഒരു മൊബൈൽ കടയിലെത്തി ബന്ധുവായ യുവാവിനോട് അഞ്ഞൂറു രുപക്ക് ആവശ്യപ്പെട്ടിരുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ കൂടാതെ മറ്റൊരു ഫോണു ജാസിർ ഉപയോഗിച്ചതായി വിവരമുണ്ട്. ഒരാഴ്ച മുമ്പ് ജാസിറിന്റെ സുഹൃത്തുക്കൾ ചട്ടച്ചാലിൽ നിന്നും വാടകക്ക് ഒരു കാർ എടുത്തതായ വിവരം പുറത്ത് വന്നതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് ജാസിറിന് അപകടം സംഭവിച്ചതായ സൂചന ലഭിച്ചത്.

അതേ തുടർന്ന് നാട്ടുകാരായ ഒരു സംഘം സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെയാണ് ജാസിറിന്റെ മൃതദേഹം റയിൽവേ ട്രാക്കിന് സമീപം ഉണ്ടെന്ന വിവരം ലഭിച്ചത്. നാട്ടുകാർ ഇവരെ ചോദ്യം ചെയ്തതോടെ മൃതദേഹം കാട്ടിക്കൊടുക്കുകയായിരുന്നു. ഈ യുവാക്കളെ നാട്ടുകാർ തന്നെ പൊലീസിന് കൈമാറി. ജാസിറിനെ കൊലപ്പെടുത്തിയ ശേഷം കുന്നിൻ മുകളിൽ നിന്നും മൃതദേഹം താഴെക്കിട്ടതായാണ് ലഭ്യമായ വിവരം.