കാസർഗോഡ്: മുഹമ്മദ് ജാസിറിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവ് പിടിയിൽ. ഈ യുവാവ് കഞ്ചാവ് വലിക്കുന്ന വിവരം വീട്ടിൽ അറിയിച്ചത് ജാസിറായിരുന്നു. ഇതിന്റെ പേരിൽ ഉടലെടുത്ത വൈരാഗ്യം മൂലം ജാസിറിനെ അപകടപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സൂചന. പിടിയിലായ നാലംഗ സംഘത്തിന്റെ തലവൻ ഇയാളായിരുന്നു. സ്‌ക്കൂളിലെ യാത്രയപ്പുമായി ബന്ധപ്പെട്ട് പുതുവസ്ത്രം വാങ്ങാൻ ജാസിറിന്റെ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കാനും ഈ സംഘം ശ്രമിച്ചതായി സൂചനയുണ്ട്.

ജാസിറിനു വേണ്ടിയുള്ള തിരച്ചിലിൽ നാട്ടുകാർക്കൊപ്പം ഈ നാലുപേരും സജീവമായി ഉണ്ടായിരുന്നു. കസ്റ്റഡിയിലുള്ള പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലിലാണ് ജാസിറിന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയമുണ്ട്. മരണത്തിൽ കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കീഴൂർ മാങ്ങാട്ടെ വീട്ടിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്‌ച്ച വൈകീട്ട് കാസർഗോട്ടേക്കെന്നും പറഞ്ഞ് തിരിച്ച ജാസിർ പിന്നീട് തിരിച്ചു വന്നിരുന്നില്ല. ഇന്നു പുലർച്ചേ കളനാട് ബസ്സ് സ്റ്റോപ്പിന് പിറകിലെ റയിൽവേ ട്രാക്കിൽ അഴുകിയ നിലയിലായിരുന്നു ജാസിറിന്റെ മൃതദേഹം കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജാസിറിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ നിന്നാണ് ജാസിന്റെ ബന്ധുവിലേക്ക് വിവരങ്ങൾ ലഭിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ചട്ടച്ചാൽ സ്‌ക്കൂളിലെ പത്താം തരം വിദ്യാർത്ഥികളുടെ സെന്റോഫായിരുന്നു. അതിന്റെ ഒരുക്കത്തിൽ തലേ ദിവസം മുടി വെട്ടാനെന്നു പറഞ്ഞാണ് ജാസിർ വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. അല്പ സമയം കഴിഞ്ഞപ്പോൾ പുതു വസ്ത്രമെടുക്കാൻ കാസർഗോഡ് പോകുന്നുവെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ രാത്രി ഏറെ വൈകിട്ടും ജാസിറിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. അന്ന് മുതൽ പൊലീസും നാട്ടുകാരും ബന്ധുക്കളും വിവിധ സ്ഥലങ്ങളിൽ ജാസിറിന് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിലാണ് കളനാട് റയിൽ പാതയോട് ചേർന്ന ഓവുചാലിൽ ജാസിറിന്റെ മൃതദേഹം കാണപ്പെട്ടത്.

വ്യാഴാഴ്‌ച്ച രാത്രി ജാസിറും സുഹൃത്തും ഉദുമയിലെ ഒരു മൊബൈൽ കടയിലെത്തി ബന്ധുവായ യുവാവിനോട് അഞ്ഞൂറു രുപക്ക് ആവശ്യപ്പെട്ടിരുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ കൂടാതെ മറ്റൊരു ഫോണു ജാസിർ ഉപയോഗിച്ചതായി വിവരമുണ്ട്. ഒരാഴ്ച മുമ്പ് ജാസിറിന്റെ സുഹൃത്തുക്കൾ ചട്ടച്ചാലിൽ നിന്നും വാടകക്ക് ഒരു കാർ എടുത്തതായ വിവരം പുറത്ത് വന്നതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് ജാസിറിന് അപകടം സംഭവിച്ചതായ സൂചന ലഭിച്ചത്.

അതേ തുടർന്ന് നാട്ടുകാരായ ഒരു സംഘം സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെയാണ് ജാസിറിന്റെ മൃതദേഹം റയിൽവേ ട്രാക്കിന് സമീപം ഉണ്ടെന്ന വിവരം ലഭിച്ചത്. നാട്ടുകാർ ഇവരെ ചോദ്യം ചെയ്തതോടെ മൃതദേഹം കാട്ടിക്കൊടുക്കുകയായിരുന്നു. ഈ യുവാക്കളെ നാട്ടുകാർ തന്നെ പൊലീസിന് കൈമാറി. ജാസിറിനെ കൊലപ്പെടുത്തിയ ശേഷം കുന്നിൻ മുകളിൽ നിന്നും മൃതദേഹം താഴെക്കിട്ടതായാണ് ലഭ്യമായ വിവരം.