- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; അച്ചടക്ക നടപടി തുടരും; സീതത്തോട് ഡിവിഷനിലേക്ക് സ്ഥലംമാറ്റി; സമരം തുടരുന്ന അസോസിയേഷനോട് വിട്ടുവീഴ്ചയില്ലാതെ കെ.എസ്.ഇ.ബി ചെയർമാൻ; കൂടുതൽ പേരെ സ്ഥലം മാറ്റും; സമരം തുടരുമെന്നും യൂണിയൻ
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരത്തിൽ കടുത്ത നടപടിയുമായി മാനേജ്‌മെന്റ്. അനുമതി ഇല്ലാതെ അവധിയെടുത്തുവെന്ന് പറഞ്ഞ് നടപടിയെടുത്ത കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും അവരെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. കർശന താക്കീതോടെയാണു സസ്‌പെൻഷൻ പിൻവലിച്ചത്. അച്ചടക്ക നടപടി തുടരും.
സമരം തുടരുന്ന അസോസിയേഷനോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ചെയർമാൻ സ്വീകരിച്ചത്. നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകാതെ സമവായത്തിന് ഫിനാൻസ് ഡയറക്ടറെ ചുമതലപ്പെടുത്തിയ കെഎസ്ഇബി ചെയർമാൻ ബി അശോക് കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങി.
സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാർ അടക്കമുള്ളവരെയും സ്ഥലം മാറ്റാനാണ് മാനേജ്‌മെന്റ് തീരുമാനം. നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷൻ അറിയിച്ചു. സിഐടിയു വിമർശനങ്ങൾ തള്ളിയ വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞു.
അനുമതി ഇല്ലാതെ അവധിയിൽ പ്രവേശിച്ചു എന്ന് ആരോപിച്ചായിരുന്നു ജാസ്മിൻ ബാബുവിനെ സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ ജാസ്മിൻ ബാനു ഹൈക്കോടതിയെ സമീപിച്ചു. അവധിയിൽ പ്രവേശിച്ചത് മേലുദ്യോഗസ്ഥരെ അറിയിച്ചും പകരം ചുമതല നൽകിയും ആണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും കർശന താക്കീതോടെയാണ് നടപടി. തിരുവനന്തപുരത്തെ വൈദ്യുതി ഭവനിൽ നിന്നും ജാസ്മിനെ സീതത്തോടേക്ക് സ്ഥലം മാറ്റിയിട്ടുമുണ്ട്.
അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാറിന്റെയും ജനറൽ സെക്രട്ടറി ഹരികുമാറിന്റെയും സസ്‌പെൻഷൻ പിൻവലിക്കുമെങ്കിലും ഇവരെയും സ്ഥലം മാറ്റുമെന്നാണ് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികാരനടപടി അംഗീകരിക്കില്ലെന്നും ചെയർമാൻ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
സമരം തുടരുമെന്ന് അസോസിയേഷൻ പറയുമ്പോഴും ചെയർമാന് പൂർണ പിന്തുണ നൽകുകയാണ് വൈദ്യുതിമന്ത്രി. സിഐടിയു അടക്കം മന്ത്രിയെ പരിഹസിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ കൃഷ്ണൻകുട്ടിയുടെ മറുപടി.
സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ബോർഡ് മാനേജ്മെന്റും അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ചർച്ചയിൽ സിഎംഡി ബി. അശോക് പങ്കെടുത്തിരുന്നില്ല. ബോർഡ് അംഗങ്ങളും സംഘടനാ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ഏകപക്ഷീയമായ സമീപനം മാറ്റാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് യോഗത്തിന് ശേഷം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാർ പറഞ്ഞു.
തീരുമാനം ഉണ്ടയാലേ സമരം അവസാനിപ്പിക്കൂ എന്നും സുരേഷ് കുമാർ പറഞ്ഞു. സ്ഥാപനത്തിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് മനസിലാക്കി പെരുമാറുന്നതിന് പകരം സ്ഥാപിത താല്പര്യം നടപ്പാക്കാനാണ് സിഎംഡി അടക്കമുള്ളവർ ശ്രമിക്കുന്നത്. തുടർ ചർച്ചകൾ വേണമെങ്കിൽ നടത്താം. ചർച്ചകളുമായി സഹകരിക്കും. കൂടുതൽ ചർച്ചകൾ സംബന്ധിച്ച് വിവരം ഒന്നും അറിയില്ലെന്നും എം.ജി സുരേഷ് കുമാർ പറഞ്ഞു.
ജാസ്മിൻ ഭാനുവിനെ സ്ഥലംമാറ്റിയതിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് അംഗീകരിക്കുന്നില്ല. തിരിച്ച് തിരുവനന്തപുരത്ത് പോസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം പിൻവലിക്കാൻ തയ്യാറല്ലെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ