തൃശ്ശൂർ: തന്റെ ഭർത്താവിനെ കന്യാസ്ത്രീ തട്ടി എടുത്തു എന്ന പരാതിയുമായി ചാലക്കുടി സ്വദേശിയായ വീട്ടമ്മ രംഗത്ത് വന്നിരുന്നു . ചാലക്കുടി മേലൂർകുന്ന് ദേശത്തിൽ പാട്ടത്തിൽ കിഴക്കതിൽ അനൂപിന്റെ ഭാര്യ ജാസ്മിനാണ് തൃശ്ശൂർ പൊലീസ് ജില്ലാ സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. ഇവരുടെ മകൾ പഠിക്കുന്ന ചാലക്കുടി എസ്.എച്ച് കോൺവെന്റിലെ ടീച്ചറായ സിസ്റ്റർ ലിഡിയയാണ് തന്റെ ഭർത്താവിനെ വിവാഹം ചെയ്തിരിക്കുന്നത് എന്ന് ജാസ്മിൻ പരാതിയിൽ പറയുന്നു. എന്നാൽ ഇവർ കന്യാസ്ത്രീ അല്ലെന്ന് എഫ് സിസി സന്യാസ സമൂഹം പറയുന്നു. സഭയിൽ നിന്ന് ഇവർ ഒളിച്ചോടി പോയതാണെന്നാണ് വിശദീകരണം.

ഭാര്യയും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളുമുള്ള ഒരാൾക്കൊപ്പം ജീവിക്കാനാണ് അവർ സന്യാസം ഉപേക്ഷിച്ചത്-ഈ വിഷയത്തിൽ വോയ്സ് ഓഫ് നൺസിന്റെ അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞ ചില വാസ്തവങ്ങൾ എന്ന പേരിലാണ് ഫെയ്‌സ് ബുക്കിലൂടെ ഔദ്യോഗിക വിശദീകരണവുമായി സഭ എത്തുന്നത്. 2022 ഫെബ്രുവരി 17ന് പ്രസ്തുത സന്യാസിനിയെ കാണാതാവുകയും അതെ തുടർന്ന് അധികൃതർ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.

തുടർന്ന് സന്യാസിനി തന്നെ താൻ മറ്റൊരാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ സന്യാസജീവിതം ഉപേക്ഷിക്കുകയാണ് എന്ന് സുപ്പീരിയർമാരെ അറിയിച്ചതിനെ തുടർന്ന് 2022 മാർച്ച് 9 ന് സന്യാസ സഭയുടെ നിയമപ്രകാരം അംഗത്വത്തിൽനിന്ന് വിടുതൽ കൊടുത്തിട്ടുള്ളതാണ്-ഇതാണ് സഭ വിശദീകരിക്കുന്നത്.

എപ് സി സി സഭയുടേതായി വന്ന വിശദീകറണം ചുവടെ

മുമ്പ് ചാലക്കുടി സേക്രട്ട് ഹാർട്ട് സ്‌കൂളിൽ അദ്ധ്യാപികയും, FCC സന്യാസിനീ സമൂഹത്തിൽ അംഗവുമായിരുന്ന മുൻ സന്യാസിനിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഒരു ഓൺലൈൻ ചാനലിൽ വന്ന വീഡിയോയിലൂടെ ചർച്ചാവിഷയമായിട്ടുണ്ട്. ഭാര്യയും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളുമുള്ള ഒരാൾക്കൊപ്പം ജീവിക്കാനാണ് അവർ സന്യാസം ഉപേക്ഷിച്ചത്. ഈ വിഷയത്തിൽ വോയ്സ് ഓഫ് നൺസിന്റെ അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞ ചില വാസ്തവങ്ങൾ:

1. 2022 ഫെബ്രുവരി 17ന് പ്രസ്തുത സന്യാസിനിയെ കാണാതാവുകയും അതെ തുടർന്ന് അധികൃതർ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.

2. തുടർന്ന് സന്യാസിനി തന്നെ താൻ മറ്റൊരാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ സന്യാസജീവിതം ഉപേക്ഷിക്കുകയാണ് എന്ന് സുപ്പീരിയർമാരെ അറിയിച്ചതിനെ തുടർന്ന് 2022 മാർച്ച് 9 ന് സന്യാസ സഭയുടെ നിയമപ്രകാരം അംഗത്വത്തിൽനിന്ന് വിടുതൽ കൊടുത്തിട്ടുള്ളതാണ്.

3. പ്രസ്തുത മുൻ സന്യാസിനി എയ്ഡഡ് സ്‌കൂളിൽ സ്ഥിരം സർവീസിൽ പ്രവേശിച്ചിരുന്ന അദ്ധ്യാപികയായതിനാലും സന്യാസ ജീവിതം ഉപേക്ഷിക്കുന്നതോ ഒരാളെ വിവാഹം ചെയ്യുന്നതോ ജോലിയെ ബാധിച്ചേക്കാവുന്ന കാര്യം അല്ലാത്തതിനാലും, ചെയ്ത പ്രവൃത്തിയുടെ ധാർമ്മികവശം പരിഗണിച്ച് അച്ചടക്ക നടപടിയായി സ്ഥലം മാറ്റം കൊടുക്കുക മാത്രമാണ് സന്യാസ സമൂഹം ചെയ്തത്.

4. സന്യാസസമൂഹത്തിൽനിന്നുള്ള അംഗത്വവും സഹസന്യാസിനിമാരായിരുന്നവരുമായുള്ള ബന്ധവും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ജീവിക്കാൻ ആരംഭിച്ച ഒരാളുടെ മറ്റു വിശദാംശങ്ങളൊന്നും സന്യാസ സമൂഹത്തിന് അറിവുണ്ടായിരുന്നില്ല. അതിനാൽത്തന്നെ അവർ ചെയ്ത പ്രവൃത്തി നിയമപ്രകാരം ശരിയാണോ തെറ്റാണോ എന്ന അറിവും മേലധികാരികൾക്ക് ഉണ്ടായിരുന്നില്ല.

5. ഇത്രയും കാലം ഭാര്യയുടെയും മകളുടെയും മുന്നിൽ നിന്ന് മുൻ സന്യാസിനിയുടെ ഒപ്പം ജീവിക്കുന്ന വ്യക്തി ഇക്കാര്യം മറച്ചു വച്ചിരിക്കുകയായിരുന്നു എന്നത് സന്യാസ സമൂഹത്തിന് പുതിയ അറിവാണ്.

ഭാര്യയെയും മകളെയും ഉപേക്ഷിച്ച് നിർദാക്ഷിണ്യം മറ്റൊരു സ്ത്രീയുടെ ഒപ്പം പോയ വ്യക്തിയുടെ പ്രവൃത്തിയും, അതിന് അയാൾക്ക് കൂട്ട് നിന്ന മുൻ സന്യാസിനിയുടെ പ്രവൃത്തിയും നീതീകരിക്കത്തക്കതല്ല. സമൂഹമനഃസാക്ഷിയുടെയും നിയമത്തിന്റെയും മുന്നിൽ അവർ തെറ്റുകാരാണ്. സ്ത്രീയും മകളും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സാഹചര്യം ദൗർഭാഗ്യകരമാണ്. അവർക്ക് നീതി ലഭിക്കേണ്ടതുണ്ട്. നിശ്ചയമായും നിയമത്തിന്റെയും നീതിപീഠത്തിന്റെയും സഹായം അവർക്കുണ്ടാകും എന്ന് വിശ്വസിക്കുന്നു.

സന്യാസിനിമാരുടെ കൂട്ടായ്മ എന്ന നിലയിൽ ഒരു സന്യാസിനിയായിരുന്ന വ്യക്തിയിൽനിന്നും സംഭവിച്ച പിഴവിനെയും അതുമൂലം കുടുംബത്തിനുണ്ടായ തകർച്ചയെയും പ്രതി ഞങ്ങൾ ആ സ്ത്രീയോടും കുഞ്ഞിനോടും മാപ്പ് ചോദിക്കുന്നതോടൊപ്പം ആത്മാർത്ഥമായ വേദന അറിയിക്കുകയും ചെയ്യുന്നു.

വോയ്സ് ഓഫ് നൺസ്