കൊച്ചി: മുടിയിൽ മുല്ലപ്പൂ ചൂടാൻ ഇനി പൊന്നിന്റെ വില കൊടുക്കണം. രണ്ടാഴ്ച മുമ്പു വരെ ഒരു കിലോ മുല്ലപ്പൂവിന് കേരളത്തിലെ വില 600 രൂപയായിരുന്നു. എന്നാൽ ഇന്നത്തെ വില കിലോഗ്രാമിന് 2600 മുതൽ മൂവായിരം വരെ. രണ്ടാഴ്ചകൊണ്ടു വില അഞ്ചിരട്ടിയായാണ് ഉയർന്നത്. ഒരു മുഴം മുല്ലപ്പൂവിന് പത്തിൽ നിന്ന് നാൽപ്പതായാണ് ചില്ലറ വിൽപ്പന.

മുല്ലപ്പൂവിനൊപ്പം മറ്റു പൂക്കൾക്കും ഇതേപോലെ ഗണ്യമായ വില ഉയർന്നിട്ടുണ്ട്. അരളി പൂവിന് നൂറു രൂപയിൽനിന്ന് കിലോയ്ക്ക് നാനൂറായി ഉയർന്നിട്ടുണ്ട്. റീത്തുണ്ടാക്കാനും മറ്റും കൂടുതലായി ഉപയോഗിക്കുന്ന ചെണ്ടുമല്ലിക്ക് കിലോയ്ക്ക് നാൽപ്പതിൽനിന്ന് എൺപതായി. മലയാളി മുറ്റങ്ങളിൽ നിറഞ്ഞുനിന്നിരുന്ന തുളസിയും തമിഴ്‌നാട്ടിൽ നിന്നാണ് ഇപ്പോളെത്തുന്നത്. തുളസിയുടെ വില മൂന്നിരട്ടിയായി, കിലോയ്ക്ക് 20 ൽ നിന്ന് അറുപതിലേക്കെത്തി. ലില്ലിപ്പൂ, റോസ്, താമര എന്നിവയുടെയും വില ഉയർന്നു. ഒരു താമരപ്പൂവിന് പത്തു രൂപയായിരുന്നത് ഇപ്പോൾ നാൽപ്പതായി വില.

പൂക്കൾക്ക് വരുന്ന ഒരു മാസം കൂടി വില വർദ്ധിക്കുമെന്നാണ് മൊത്തപ്പൂക്കച്ചവടക്കാർ പറയുന്നത് .ഇതേനില പോയാൽ മുല്ലപ്പൂവിന് കിലോയ്ക്ക് നാലായിരം കടന്നാലും അത്ഭുതപ്പെടാനില്ല. തമിഴ്‌നാട്ടിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ കനത്ത മഴയാണ് പൂ പ്രതിസന്ധിക്ക് കാരണമായത്. മുലപ്പൂ വില വർദ്ധനക്ക് മഴക്കൊപ്പം ഇപ്പോഴത്തെ കനത്ത മഞ്ഞും കാരണമായി. കനത്ത മഞ്ഞിൽ പൂക്കൾ വിരിയുന്നില്ല.

കോയമ്പത്തൂർ, തിരുപ്പുർ, മധുര, കടലൂർ തുടങ്ങിയ ഇടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പൂവെത്തുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് മുല്ലയ്ക്ക് മെച്ചപ്പെട്ട വിളവ് കിട്ടുന്നത്. ആ സമയത്ത് അഞ്ചേക്കറിൽനിന്ന് 200 കിലോഗ്രാമിലേറെയാണ് ഉൽപ്പാദനം ഒരു ദിവസം ലഭിച്ചിരുന്നത്. എന്നാലിപ്പോൾ ഇത് അഞ്ചു കിലോഗ്രാമിൽ താഴെയായി കുറഞ്ഞു. രണ്ടാഴ്ച മുമ്പുവരെ 20 കിലോ വരെ ഉൽപ്പാദനം ലഭിച്ചിരുന്നു.

മധുര ഭാഗത്ത് അരലക്ഷത്തിലേറെ ഏക്കർ ഭൂമിയിൽ കർഷകർ മുല്ലകൃഷി ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലെ മൊത്ത വിൽപ്പനകേന്ദ്രമായ തിരുപ്പൂരിൽ വരെ മുല്ലപ്പൂവിന് കിലോയ്ക്ക് 2500 രൂപയിൽ കൂടിയിരുന്നു. നിത്യേന പത്ത് ടൺ മുല്ലപ്പൂ എത്തിയിരുന്ന തിരുപ്പൂർ മാർക്കറ്റിൽ ഇപ്പോൾ ശരാശരി നൂറ് കിലോ പൂവാണെത്തുന്നത്. മുല്ലപ്പൂവിന്റെ വിലക്കയറ്റം കേരളത്തിലെ കല്യാണ പാർട്ടികളെയാണ് ശരിക്കും ബാധിക്കുകയെങ്കിൽ ചെണ്ടുമല്ലിയുടെ വിലക്കയറ്റം മരണത്തിനും ചെലവേറ്റും. നേരത്തെ 400 രൂപക്ക് വിറ്റിരുന്ന റീത്തുകൾക്കും വില ഇരട്ടിയായി. ഭംഗി കൂട്ടാൻ റോസപ്പൂവും മറ്റും വച്ചാൽ വില പിന്നേയും വർദ്ധിക്കും.