കൊച്ചി: പാവപ്പെട്ടവർക്ക് എല്ലാത്തരം ചികിത്സയും സൗജന്യമായി നൽകാൻ കഴിയുന്ന ഒരു ആശുപത്രി ഹരിപ്പാട് സ്ഥാപിക്കണം. ഇത് ഒരു മൾട്ടി നാഷണൽ ബിസിനസുകാരന്റെ വാക്കല്ല. ഭർത്താവിന്റെ മരണത്തോടെ അഞ്ച് മക്കളുടെ ഭാരിച്ച പഠനചിലവും വീട്ടുചിലവും വഹിച്ച്, അവരെ ഡോക്ടർമാരാക്കിയ ഒരമ്മയുടെ വാക്കുകളാണ്. അതിനാൽ തന്നെ ഈ വാക്കിന് അൽപം മൂർച്ചയുണ്ട്. ഈ വാക്കിന് പിന്നിൽ സഹനത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും ഒരു കഥയുണ്ട്. ഒരു സാധാരണ കുടുംബത്തിലെ മധ്യവയസ്‌കയായ ഒരു വീട്ടമ്മ ഇങ്ങനെയൊക്കെ ചിന്തിക്കാവോ എന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ, ഇവരുടെ ഇന്നലെകളെക്കുറിച്ചുകൂടി നിങ്ങൾ അറിയേണ്ടതുണ്ട്. 18 വർഷങ്ങൾക്ക് മുമ്പ് 1999 വരെ ഇവർ ഒരു വീട്ടമ്മ മാത്രമായിരുന്നു. ഭർത്താവ് അധ്വാനിച്ച് കൊണ്ടുവരുന്നത് അഞ്ച് മക്കൾക്കും കൊടുത്ത് അവരെ പഠിപ്പിക്കുന്ന ഒരു യഥാസ്ഥിതിക വീട്ടമ്മ.

ഐസ് ഫാക്ടറി ആരംഭിക്കാനായി ഭർത്താവ് വീടും സ്ഥലവും ഈടായി നൽകിയാണ് ലോണെടുത്തത്. ഫാക്ടറി നഷ്ടത്തിലായതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ഒരു ഓണക്കാലത്ത് വീടിന്റെ ചുമരിൽ ജപ്തി നോട്ടിസ് അധികൃതർ ഒട്ടിച്ചു. അവർ പോയതോടെ നെഞ്ച് വേദനയെത്തുടർന്ന് ലിയാകത്തിനെ ആശുപത്രിയിലെ എമർജൻസി കെയറിൽ പ്രവേശിപ്പിച്ചു. ഓണഘോഷങ്ങൾ ആശുപത്രിയിൽ നടക്കുന്നതിനാൽ സീനിയർ ഡോക്ടർമാർ ആരും ഭർത്താവിന്റെ അടുത്തേക്ക് വന്നില്ല. കൃത്യമായി ചികിത്സ ലഭിക്കാതെ ഭർത്താവ് മരിച്ചു.

ഒരാൾ മരിച്ചാലെന്താ, ജനിച്ചലെന്താ.. ആശുപത്രിക്കാർക്ക് പണം കിട്ടിയാപ്പോരെ, നഷ്ടപ്പെട്ടത് എനിക്കും എന്റെ മക്കൾക്കും മാത്രമാ. ജാസ്മിൻ വേദനയോടെ മറുനാടൻ മലയാളിയോട് പറഞ്ഞു. അഞ്ച് മക്കളുടെ പഠനവും കടവുമെല്ലാം കണ്ടപ്പോൾ രണ്ട് പേരുടെ വീട്ടുകാരും പയ്യെതടിതപ്പി. ആദ്യം മനസ്സിൽ ഒരു ശൂന്യതയായിരുന്നു. പിന്നെ ഒറ്റവാശിയായിരുന്നു. ചികിത്സ കിട്ടാതെ മരിച്ച ബാപ്പയുടെ എല്ലാമക്കളേയും പാവങ്ങൾക്ക് ആശ്രയമാകുന്ന ഡോക്ടർമാരാക്കണമെന്ന്.

എന്നാലും വിധി പലരൂപത്തിലും വേട്ടയാടിക്കൊണ്ടിരുന്നു. ഫീസടയ്ക്കാത്തതിനാൽ കോൺവെന്റ് സ്‌കൂളിൽ നിന്നും പുറത്താക്കി. വേറൊരു വഴിയും മുന്നിൽ ഇല്ലാത്തതിനാൽ നാലു മക്കളെ തൃശ്ശൂർ പെരുമ്പിലാവ് അനാഥാലയത്തിലാക്കി. അവിടെ നിന്ന് 12 ആം ക്ലാസ്സുവരെ അവർ പഠിച്ചു. നാട്ടിലെ അച്ചാർ കമ്പനിയിൽ ജോലിക്ക് പോയി കിട്ടുന്ന കുറഞ്ഞ വരുമാനം കൊണ്ട് അതേ വീട്ടിൽ കഴിഞ്ഞു. പലരുടേയും സഹായത്തോടെ, ചിലർ മക്കളെ പഠിപ്പിക്കാനായി സ്വർണം പണയം വെയ്ക്കാൻ തന്നു, മറ്റ് ചിലർ പണമായും തന്നു. ഉമ്മയുടെ നിശ്ചയദാർഢ്യത്തോടൊപ്പം മക്കളുടെ മികച്ച പഠനവും കൂടിയായപ്പോൾ, 2002 ലെ സംസ്ഥാന മെഡിക്കൽ പരീക്ഷയിൽ 161 ആം റാങ്കോടെ സിയാന കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേർന്നു. പുസ്തകവും പണവുമെല്ലാം അദ്ധ്യാപകരും കൂട്ടുകാരും മറ്റ് പലരുമായി തന്നു സഹായിച്ചു.

മൂന്നാമത്തെ മകൾക്ക് ഡൽഹിയിൽ ബിഡിഎസിന് അഡ്‌മിഷൻ ലഭിച്ചതിനെത്തുടർന്ന് ചേർക്കാൻ എല്ലാവരും ഒന്നിച്ചാണ് പോയത്. ആ യാത്രയാണ് വിധി വീണ്ടും ഈ കുടുംബത്തെ വേട്ടിയാടിയത്. പത്താം ക്ലാസ്സുകാരനായ നാലാമത്തെ മകനെ വിജയവാഡയിൽ വെച്ച് ട്രെയിനിൽ നിന്ന് കാണാനില്ല. അന്നത്തെ കേന്ദ്രമന്ത്രിമാർ കൃത്യമായി അന്വേഷണത്തിന് ഇടപെട്ടു. കുറച്ച് ദിവസത്തിനുള്ളിൽ ഒരു കോൾ. കമ്മം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ ഒരു പഴക്കമുള്ള ഒരു ബോഡിയുണ്ടെന്ന്. ചെന്ന് കണ്ടപ്പോൾ തലയിലെല്ലാം പഴുവരിച്ച് കിടക്കുന്നു.

കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ മരിച്ചെന്ന് കരുതി മോർച്ചറിയിൽ തള്ളിയ ബോഡിയിൽ ഒരനക്കം. നേരെ ആശുപത്രിയിലേക്ക്. ഒരുപ്രതീക്ഷയും ഇല്ലാഞ്ഞിട്ടും ചികിത്സിച്ചു. ഒരു മാസത്തോളം ദിവസവും 40000 രൂപ വരെ ചെലവാക്കി സെക്കന്തരാബാദിലെ സ്വകാര്യ ആശുപത്രിയിൽ തങ്ങി. മാധ്യമങ്ങൾ നൽകിയ വാർത്ത കണ്ട് പലരും സഹായിച്ചു. ആ സഹായം മാത്രമായിരുന്നു ഏക ആശ്രയം. പിന്നെ ആറുമാസത്തോളം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ. ആശുപത്രി വാസത്തിനിടെ അവനെ പഠിപ്പിച്ചു. പ്ലസ് വണ്ണും ടുവും എഴുതിച്ചു.

പതിയെ അവൻ റിക്കവറായി, ചലനമറ്റ കൈയും കാലും എല്ലാം ഏതാനം വർഷങ്ങൾക്കൊണ്ട് സാധാരണ നിലയിലേക്ക് എത്തി. ഇപ്പോൾ സുൽഫിക്കറിനും നീറ്റ് വഴി മികച്ച റാങ്കോടെ എം.ബി.ബി.എസിന് ചേർന്നതോടെയാണ് ഈ അമ്മയുടെ വലിയ സ്വപ്നത്തിലേക്കുള്ള അവസാന പടിയും കയറിയത്. മൂത്ത മകൾ സിയാന അനസ്‌തേഷ്യയിൽ പിജി കഴിഞ്ഞ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഡിഎം ചെയ്യുകയാണ്. രണ്ടാമത്തെ മകൾ ജസ്‌ന കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് നാലാം വർഷവും, മൂന്നാമത്തെ മകൾ ഷെസ്‌ന ഡൽഹി ധ്യാൻപൂർ മെഡിക്കൽ കോളേജിൽ ബിഡിഎസ് കഴിഞ്ഞ് കഴിഞ്ഞ് ഹൗസർജൻസി ചെയ്യുന്നു. ഏറ്റവും ഇളയ മകൻ അക്‌ബറലി മംഗലാപുരം സ്രീനിവാസ മെഡിക്കൽ കോളേജിൽ ബിഡിഎസ് രണ്ടാം വർഷവുമാണ് പഠിക്കുന്നത്. വീടിന് മുകളിൽ ജപ്തി ഉള്ളതിനാൽ വിദ്യാഭ്യാസ ലോൺ ഒരു ബാങ്കും ഇവർക്ക് നൽകിയിരുന്നില്ല.

ഇനിയുള്ളത് ചിലവേറിയ ഉത്തരവാദിത്വങ്ങളാണ്. മക്കളുടെ പഠനം പൂർത്തിയാക്കണം. മൂന്ന് പെൺമക്കളെ വിവാഹം കഴിപ്പിച്ച് വിടണം. വീടിന്റെ മേലുള്ള ലോൺ ഇനിയും അടച്ചിട്ടില്ല. അത് അടയ്ക്കണം. കടം എഴുതി തള്ളുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അത് ലഭിച്ചാൽ ഭാഗ്യം. പിന്നെ സ്വപ്നങ്ങളാണ്. ആശുപത്രിയെന്ന സ്വപ്നം. മക്കളെ പഠിപ്പിച്ചത് ഒരു പാട് സമ്പാദിക്കാനല്ല. അവർക്കും അതിന് താൽപര്യം ഇല്ല. ഉമ്മയുടെ സ്വപ്നത്തിന് പൂർണ്ണത നൽകാൻ അവരും നന്നായി പ്രയത്‌നിക്കുന്നുണ്ട്. ആദ്യ സ്വപ്നം നടപ്പാക്കാനായാൽ, പിന്നെ ഒരു അനാഥ മന്ദിരം തുടങ്ങണം.

ഒരു പാട് കുട്ടികളെ ഏറ്റെടുത്ത് നല്ല നിലയിൽ വളർത്തി, അവരുടെയെല്ലാം മാതാവാകണം. ഇതൊക്കെ നടക്കണമെങ്കിൽ ഇപ്പോൾ മക്കളുടെ പഠനം പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി ആർക്കെങ്കിലും സാമ്പത്തിക സഹായം ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണം. ജാസ്മിന്റെ മക്കൾ എം.ബി.ബി.എസ്. പൂർത്തിയാക്കുന്നതുവരെ മാസംതോറും 10,000 രൂപവീതം ഇദ്ദേഹം കുടുംബത്തിന് നൽകുമെന്ന് സംവിധായകൻ ശ്രീകുമാര മേനോൻ അറിയിച്ചിട്ടുണ്ട്. മക്കളുടെ ആരുടെയെങ്കിലും പഠനം ഏതെങ്കിലും സന്മനസ് ഉള്ളവർ ഏറ്റെടുത്തിരുന്നേൽ, ബാക്കിയുള്ളവരുടെ പഠന ചെലവ് കണ്ടെത്തിയാൽ മതിയായിരുന്നു. ജാസ്മിൻ താഴ്മയോടെ അപേക്ഷിക്കുകയാണ് വായനക്കാരോട്.

ജാസ്മിനെ സഹായിക്കാൻ താൽപ്പര്യമുള്ളവർക്ക് ചുവടേയുള്ള അക്കൗണ്ടിൽ പണം അയക്കാം:

  • Jasmine liyakath ac no 67308749680 SBIN 0070086 SBI harippad branch