പത്തനംതിട്ട: റാന്നി കൊല്ലമുളയിൽനിന്നു കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാർത്ഥിനി ജെസ്‌നയെ ബെംഗളൂരുവിൽ കണ്ടതായി സൂചനകൾക്ക് സ്ഥിരീകരണമില്ല. എങ്കിലും അന്വേഷണം ബംഗളുരുവിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു ബെംഗളൂരുവിലുള്ള ആന്റോ ആന്റണി എംപിയുടെ വിശദീകരണം കണക്കിലെടുത്ത് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. ഇവിടെ വിശദമായ പരിശോധന തന്നെ പൊലീസ് നടത്തും.

ജെസ്‌നയോടു സാമ്യമുള്ള പെൺകുട്ടിയെയും മലയാളിയായ യുവാവിനെയും കണ്ടതായാണ് പൊലീസിനും ബന്ധുക്കൾക്കും വിവരം ലഭിച്ചത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. തസ്ഥിരീകരണമുണ്ടായാൽ ബെംഗളൂരുവിലേക്കു തിരിക്കാൻ തയാറായിരിക്കാൻ ജെസ്‌നയുടെ വീട്ടുകാർക്കു പൊലീസ് നിർദ്ദേശം നൽകി. യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതായും ഇവർ ബെംഗളൂരുവിനടുത്ത് ആശുപത്രിയിൽ ചികിൽസ തേടിയെന്നുമാണ് ലഭ്യമായ വിവരം. ഇതെല്ലാം തെറ്റാണെന്ന സൂചനയാണ് ഇപ്പോൾ പൊലീസ് നൽകുന്നത്.

ബംഗളൂരുവിൽ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ആശ്വാസ ഭവൻ എന്ന സ്ഥാപനത്തിൽ ഇവർ പോയിരുന്നതായും വിവാഹം കഴിപ്പിച്ചു നൽകുമോയെന്ന് അവിടത്തെ മാരിസ് എന്ന വൈദികനോടു ചോദിച്ചതായും പറയുന്നു. ആശുപത്രി വിട്ട ഇവർ മൈസൂരുവിലേക്കു പോകുമെന്നു പറഞ്ഞതായും വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

റാന്നി കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടിൽ ജെസ്‌ന മരിയ ജയിംസിനെ മാർച്ച് 22നു രാവിലെ 10.30ന് ആണ് കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കു പുറപ്പെട്ട ജെസ്‌നയെക്കുറിച്ചു പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി ഇടപെട്ട് വനിതാ സിഐയെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കാണാതായിട്ട് അൻപതു ദിവസം തികയുന്നതിനിടെയാണ് പുതിയ പ്രചരണങ്ങളെത്തുന്നത്. കഴിഞ്ഞ ദിവസം വിവാഹ സൽകാരത്തിന് ജസ്‌ന പങ്കെടുത്തുവെന്ന തരത്തിൽ ഫോട്ടോ പ്രചരിച്ചിരുന്നു.

ഒരു യുവാവിനൊപ്പമുള്ള ഫോട്ടോ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ബംഗളൂരുവിലെ കഥയും പൊലീസ് അത്തരത്തിലാണ് കാണുന്നത്. രൂപ സാമ്യമാകും സംശയത്തിന് കാരണം. എങ്കിലും കരുതലോടെ അന്വേഷിക്കാനാണ് തീരുമാനം.