കോട്ടയം:കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് മാസം ഒന്ന് തികയുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലയും ഒപ്പുശേഖരണവും നടത്തിയത്. എസ്.എഫ്.ഐ സെന്റ് ഡോമിനിക്ക്സ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരപരിപാടി സംഘടിപ്പിച്ചത്.

ഉച്ചക്ക് ഒരു മണിയോടെ കോളേജ് കവാടത്തിന് മുന്നിൽ മനുഷ്യചങ്ങല തീർത്തപ്പോൾ രാഷ്ട്രീയ ഭേദമില്ലാതെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ചങ്ങലയിൽ അണിചേരുവാൻ ഒഴുകി എത്തി.തുടർന്ന് ജസ്റ്റിസ് ഫോർ ജസ്ന ബാനറിൽ പ്രതികാത്മകമായി ഒപ്പു വെച്ചു.ഇതിനൊപ്പം തന്നെ ജസ്നയുടെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജമാക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള നിവേദനത്തിലും വിദ്യാർത്ഥികൾ ഒപ്പുവെച്ചു.

കഴിഞ്ഞ 22 ന് രാവിലെ 9.30 ഓടെ ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറയിലെത്തുകയും പിന്നെ എവിടേക്കോ ജസ്ന അപ്രത്യക്ഷയാവുകയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിൽ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്ന അവിടെ എത്തിയിട്ടില്ലന്ന് വീട്ടുകാർ അറിയുന്നത് വൈകിട്ടാണ്.പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചതിനൊടുവിൽ രാത്രി പത്ത് മണി യോടെ എരുമേലി പൊലീസിലും പിറ്റേന്ന് രാവിലെ വെച്ചൂച്ചിറ പൊലീസിലും അറിയി ക്കുകയും പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിൽ പ്രണയബന്ധമില്ലെന്നും തട്ടി ക്കൊണ്ടുപോകലിന് സാധ്യത ഉണ്ടോയെന്നും അന്വേഷിച്ചറിഞ്ഞ ലോക്കൽ പൊലീസിന് കൂടുതൽ അന്വേഷണത്തിന് അധികാര പരിമിതികൾ തടസമായി. ചൈൽഡ് പ്രൊട്ടക്ഷൻ ഫോറം ഇടപെട്ട് ജെസ്നയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സ്പെഷ്യൽ ടീം അന്വേഷണം ഏറ്റെടുക്കുന്നതിന് ജസ്നയുടെ പിതാവിന്റെ പരാതിയിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.

ജസ്നയുടെ തിരോധാനം അന്വേഷിക്കുന്നതിന് പ്രധാന തടസം ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളുമായി ബന്ധമില്ലാത്ത ഒരാളുടെ തിരോധാനം ആയതിനാലാണെന്ന് സ്പഷ്ടമാണ്. പഠനത്തിൽ അതീവ സമർത്ഥയായിരുന്നിട്ടും സ്വയം ഒതുങ്ങി കൂടുന്ന സ്വഭാവമായി രുന്നു. ജസ്നയുടേത്. പഴയ നോക്കിയ 1100 മോഡൽ മൊബൈൽ ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആകെയുള്ള സൗഹൃദങ്ങൾ അടുത്ത കൂട്ടുകാരികളിൽ ഒതുങ്ങി നിൽക്കുന്നു. അമ്മയുടെ മരണത്തിലൂടെ ഏകാന്തതയും അതിലൂടെ പകർന്ന വിഷാദ ചിന്തയും ഒഴിച്ചാൽ ജസ്നയെ മറ്റു പ്രയാസങ്ങൾ അലട്ടിയിരുന്നില്ലന്ന് ബന്ധുക്കൾ പറയുന്നു. എടിഎം കാർഡ് പോലും ജസ്ന ഉപയോഗിക്കാറില്ല.

പഠനത്തിന്റെ ആവശ്യത്തിന് കോളേജിൽ നൽകാൻ ഇ മെയിൽ ഐ ഡി കൂട്ടുകാരികളാ ണ് നൽകിയത്.ഏതാനും ടൂർ യാത്രകളല്ലാതെ നടത്തിയിട്ടില്ല. കാഞ്ഞിരപ്പള്ളിയിൽ കോളേജിലേക്ക് സഹോദരനൊപ്പം പോയി മടങ്ങുന്നതും പിതൃസഹോദരിയുടെ വീട്ടിലേ ക്കുള്ള യാത്രയുമല്ലാതെ ബാഹ്യലോകവുമായി സമ്പർക്കത്തിന് ജസ്ന താൽപ്പര്യം കാട്ടി യിരുന്നില്ല. അച്ഛനും ആങ്ങളയുമായി ചേർന്ന് വീട്ടിൽ പാചകം ചെയ്യുമ്പോഴായിരുന്നു സന്തോഷമേറെയും. ഹോസ്റ്റലിൽ കഴിയാതെ ദിവസവും അവൾ വീട്ടിലെത്തും. അണി ഞ്ഞൊരുക്കവും ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളുമൊന്നും അവൾ ഇഷ്ടപ്പെട്ടിരു ന്നില്ല. വിഷമങ്ങളും സന്തോഷങ്ങളും കുത്തിക്കുറിച്ചെഴുതി വെക്കും.

വടിവൊത്ത കയ്യക്ഷരങ്ങളും അടുക്കും ചിട്ടയുമുള്ള മുറിയും തികഞ്ഞ മത ഭക്തിയും ഒക്കെ വേറിട്ട അവളുടെ സ്വഭാവ ഗുണങ്ങളായിരുന്നെന്നു ബന്ധുക്കൾ വേദനയോടെ ഓർക്കുന്നു. അവളുടെ തിരിച്ചുവരവിന് പ്രാർത്ഥിക്കുകയാണ് എല്ലാവരും. പഠനത്തിൽ ഓരോ കടമ്പകളിലും 90 ശതമാനത്തോളം വിജയം നേടിക്കൊണ്ടിരുന്ന അവൾ അധികം വൈകാതെ എല്ലാവരെയും വിസ്മയിപ്പിച്ച് പ്രസന്നവദനയായി തിരിച്ചെത്തുമെന്ന് ഒരു നാട് മൊത്തം വിശ്വസിക്കുന്നു.