മുക്കൂട്ടുതറ:കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായി ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ആരോപണം. അന്വേഷണത്തിൽ ലോക്കൽ പൊലീസിന്റെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

നിഷ്‌ക്രിയമായ പൊലീസ് അന്വേഷണത്തിൽ പ്രതിഷേധിച്ച് ജസ്‌നയുടെ ജന്മനാടായ മുക്കൂട്ടുതറയിൽ കേരള ജനപക്ഷം മുണ്ടക്കയം ഭരണിക്കാവ് ദേശീയ പാത ഉപരോധിച്ചു. കേരളത്തിൽ നിന്നും കാണാതാകുന്ന കുട്ടികളുടെ കണക്കും സത്യസന്ധമായ വിവരങ്ങളും പുറത്തുവിടാൻ് സർക്കാർ തയ്യാറാകണമെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത് യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സൻ ആവശ്യപ്പെട്ടു. അന്വേഷണം ഉടൻ ക്രൈംബ്രാഞ്ചിനെ എൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രകടനമായെത്തിയ നൂറ് കണക്കിന് പ്രവർത്തകർക്കൊപ്പം പ്രദേശവാസികളും കൂടിയതോടെ ശക്തമായ രോഷപ്രകടനമായി ഉപരോധസമരം മാറി. ജസ്‌നയെ കണ്ടെത്തുവാനും കേരളത്തിലെ പെൺകുട്ടികളെ സംരക്ഷിക്കാനും ഈശ്വരൻ സഹായിക്കണമെന്ന പ്രാർത്ഥന ചൊല്ലിയാണ് സമരം ഉദ്ഘാടനം ചെയ്തത്. ആകാശത്തിലേക്ക് കൈകളുയർത്തി സമരത്തിൽ പങ്കെടുത്തവർ ആ പ്രാർ്ത്ഥന ഏറ്റു ചൊല്ലി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾ കൊലചെയ്യപ്പെടുമ്പോൾ കേരളത്തിൽ കാണാതാകുന്ന കുട്ടികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ടെന്ന് ഷൈജോ ഹസൻ പറഞ്ഞു.

ജെസ്നയുടെ തിരോധാനത്തിലെ അന്വേഷണം ഇഴയുന്നതിൽ പ്രതിഷേധിച്ച് സെന്റ് ഡോമിനിക്‌സ് കോളേജിലെ വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ മനുഷ്യച്ചങ്ങലയും ഒപ്പുശേഖരണവും നടത്തി. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രിക്ക് വിദ്യാർത്ഥികൾ നിവേദനവും നൽകി.

കഴിഞ്ഞ 22 ന് രാവിലെ 9.30 ഓടെ ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറയിലെത്തുകയും പിന്നെ എവിടേക്കോ ജസ്‌ന അപ്രത്യക്ഷയാവുകയായിരുന്നു. കുന്നത്തുവീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ. കഴിഞ്ഞ മാർച്ച് 22-നാണ് ജെസ്നയെ കാണാതാവുന്നത്. അധികം ആരോടും സംസാരിക്കാത്ത പ്രക്യതം. അതുകൊണ്ടു തന്നെ ജെസ്നയ്ക്ക് സുഹ്യത്തുകളും കുറവായിരുന്നു. പക്ഷേ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അയൽവാസികൾക്കും ജെസ്നയെക്കുറിച്ച് മോശമായ ഒരു അഭിപ്രായമില്ലായിരുന്നു. ഒൻപതു മാസങ്ങൾക്ക് മുൻപ് ന്യുമോണിയ ബാധിച്ച് ജെസ്നയുടെ അമ്മ മരിച്ചിരുന്നു. അച്ഛനും സഹോദരനും ഭക്ഷണം പാകം ചെയ്തു നല്കാനും വീട്ടിലെ കാര്യങ്ങൾ നോക്കാനുമായി ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് ജെസ്ന വീട്ടിൽ എത്തിയിരുന്നു. പീന്നിടാണ് ജെസ്നയെ കാണാതാവുന്നത്.

മുണ്ടക്കയം പുഞ്ചവയലിൽ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌ന അവിടെ എത്തിയിട്ടില്ലന്ന് വീട്ടുകാർ അറിയുന്നത് വൈകിട്ടാണ്.പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചതിനൊടുവിൽ രാത്രി പത്ത് മണി യോടെ എരുമേലി പൊലീസിലും പിറ്റേന്ന് രാവിലെ വെച്ചൂച്ചിറ പൊലീസിലും അറിയി ക്കുകയും പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിൽ പ്രണയബന്ധമില്ലെന്നും തട്ടി ക്കൊണ്ടുപോകലിന് സാധ്യത ഉണ്ടോയെന്നും അന്വേഷിച്ചറിഞ്ഞ ലോക്കൽ പൊലീസിന് കൂടുതൽ അന്വേഷണത്തിന് അധികാര പരിമിതികൾ തടസമായി. ചൈൽഡ് പ്രൊട്ടക്ഷൻ ഫോറം ഇടപെട്ട് ജെസ്‌നയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സ്‌പെഷ്യൽ ടീം അന്വേഷണം ഏറ്റെടുക്കുന്നതിന് ജസ്‌നയുടെ പിതാവിന്റെ പരാതിയിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.

ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നതിന് പ്രധാന തടസം ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളുമായി ബന്ധമില്ലാത്ത ഒരാളുടെ തിരോധാനം ആയതിനാലാണെന്ന് സ്പഷ്ടമാണ്. പഠനത്തിൽ അതീവ സമർത്ഥയായിരുന്നിട്ടും സ്വയം ഒതുങ്ങി കൂടുന്ന സ്വഭാവമായി രുന്നു. ജസ്‌നയുടേത്. പഴയ നോക്കിയ 1100 മോഡൽ മൊബൈൽ ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആകെയുള്ള സൗഹൃദങ്ങൾ അടുത്ത കൂട്ടുകാരികളിൽ ഒതുങ്ങി നിൽക്കുന്നു. അമ്മയുടെ മരണത്തിലൂടെ ഏകാന്തതയും അതിലൂടെ പകർന്ന വിഷാദ ചിന്തയും ഒഴിച്ചാൽ ജസ്‌നയെ മറ്റു പ്രയാസങ്ങൾ അലട്ടിയിരുന്നില്ലന്ന് ബന്ധുക്കൾ പറയുന്നു. എടിഎം കാർഡ് പോലും ജസ്‌ന ഉപയോഗിക്കാറില്ല.

പഠനത്തിന്റെ ആവശ്യത്തിന് കോളേജിൽ നൽകാൻ ഇ മെയിൽ ഐ ഡി കൂട്ടുകാരികളാണ് നൽകിയത്.ഏതാനും ടൂർ യാത്രകളല്ലാതെ നടത്തിയിട്ടില്ല. കാഞ്ഞിരപ്പള്ളിയിൽ കോളേജിലേക്ക് സഹോദരനൊപ്പം പോയി മടങ്ങുന്നതും പിതൃസഹോദരിയുടെ വീട്ടിലേക്കുള്ള യാത്രയുമല്ലാതെ ബാഹ്യലോകവുമായി സമ്പർക്കത്തിന് ജസ്‌ന താൽപ്പര്യം കാട്ടി യിരുന്നില്ല. അച്ഛനും ആങ്ങളയുമായി ചേർന്ന് വീട്ടിൽ പാചകം ചെയ്യുമ്പോഴായിരുന്നു സന്തോഷമേറെയും. ഹോസ്റ്റലിൽ കഴിയാതെ ദിവസവും അവൾ വീട്ടിലെത്തും. അണി ഞ്ഞൊരുക്കവും ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളുമൊന്നും അവൾ ഇഷ്ടപ്പെട്ടിരു ന്നില്ല. വിഷമങ്ങളും സന്തോഷങ്ങളും കുത്തിക്കുറിച്ചെഴുതി വെക്കും.

വടിവൊത്ത കയ്യക്ഷരങ്ങളും അടുക്കും ചിട്ടയുമുള്ള മുറിയും തികഞ്ഞ മത ഭക്തിയും ഒക്കെ വേറിട്ട അവളുടെ സ്വഭാവ ഗുണങ്ങളായിരുന്നെന്നു ബന്ധുക്കൾ വേദനയോടെ ഓർക്കുന്നു. അവളുടെ തിരിച്ചുവരവിന് പ്രാർത്ഥിക്കുകയാണ് എല്ലാവരും. പഠനത്തിൽ ഓരോ കടമ്പകളിലും 90 ശതമാനത്തോളം വിജയം നേടിക്കൊണ്ടിരുന്ന അവൾ അധികം വൈകാതെ എല്ലാവരെയും വിസ്മയിപ്പിച്ച് പ്രസന്നവദനയായി തിരിച്ചെത്തുമെന്ന് ഒരു നാട് മൊത്തം വിശ്വസിക്കുന്നു.