ന്യൂഡൽഹി: സുപ്രീംകോടതിയിലെ നിലവിലെ പ്രശ്‌നങ്ങൾക്ക് എത്രയും പെട്ടെന്നു ശാശ്വത പരിഹാരമുണ്ടാക്കണമെന്നു ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു. ഡൽഹിയിൽ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

'സ്വതന്ത്ര ജനാധിപത്യത്തിന്റെ നിലനിൽപ്പിനു പക്ഷപാതമില്ലാത്തതും സ്വതന്ത്രവും നീതിപൂർണവുമായ നീതിന്യായ വ്യവസ്ഥ ആവശ്യമാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയാണു സുപ്രീംകോടതിയിലെ വിധിപ്രസ്താവങ്ങൾ. സുപ്രീംകോടതിയുടെ വിശ്വാസ്യത വീണ്ടെടുത്താലേ ജനാധിപത്യം ശക്തിപ്പെടൂ. തുടർച്ചയായ പ്രക്രിയയാണിത്. ജുഡീഷ്യറിയിൽ നിരന്തരമായ പരിശോധന ആവശ്യമാണ്. ജനസംഖ്യയുടെ എട്ടിലൊന്നു ആളുകൾ ജുഡീഷ്യറിയുമായി നേരിട്ടു ബന്ധപ്പെടുന്നുണ്ട്' ചെലമേശ്വർ പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തിറങ്ങിയ ജഡ്മാരിൽ ഉൾപ്പെട്ടയാളാണു ചെലമേശ്വർ. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരാണു മറ്റുള്ളവർ. വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികൾ ജഡ്ജിമാർക്കു വീതിച്ചു നൽകുന്നതിൽ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നു എന്നാണു മുതിർന്ന ജഡ്ജിമാരുടെ വിമർശനം.