ദ്യകാലത്ത് സാഹിത്യത്തോടുണ്ടായിരുന്ന പലതരം ബന്ധങ്ങൾ മുൻനിർത്തി, സിനിമയെന്നാൽ കഥയാണ് എന്നും സിനിമാപഠനമെന്നത് സാഹിത്യപഠനം പോലെയാണ് എന്നും പൊതുവെ കരുതിപ്പോന്നിരുന്നു. മാറിയ ചലച്ചിത്രബോധം ഈ ധാരണയ്ക്കിളക്കം തട്ടിച്ചുവെങ്കിലും പഴയ കാഴ്ചപ്പാടു മാറ്റാത്തവർ ഇന്നും ഈ രംഗത്തുണ്ട്. പാഠ്യപദ്ധതികളിൽ സിനിമയും തിരക്കഥയും ചലച്ചിത്രഗാനങ്ങളും മറ്റും ഉൾപ്പെടുത്തുന്ന സർവകലാശാലാ സാഹിത്യവിഭാഗങ്ങളുടെ ധാരണയും മറിച്ചല്ല. ഒരുപക്ഷെ അവരായിരിക്കും പ്രൊഫഷണൽ സിനിമാനിരൂപകരെക്കാൾ ഈ ദുരവസ്ഥയ്ക്കു കാരണം. നവതരംഗ സിനിമാപ്രസ്ഥാനം 1970 കളിൽതന്നെ സിനിമയുടെ ഭാഷയും രൂപവും കലയും സൗന്ദര്യവുമൊക്കെ സാഹിത്യത്തിൽനിന്നു ഭിന്നമാണെന്ന വിശ്വാസം മലയാളത്തിൽ സൃഷ്ടിച്ചുവെങ്കിലും സംഗതി പഴയപടി തുടരുന്നു. ചലച്ചിത്രഗാനരചന കവിതാരചനയെക്കാൾ അധമമാണെന്നു കരുതുന്ന മഹാകവികളും തിരക്കഥ വായിച്ചുരസിക്കാനുള്ള സാഹിത്യപാഠമാണെന്നു വാദിക്കുന്ന വിഖ്യാത ചലച്ചിത്രപ്രവർത്തകരും എത്രയെങ്കിലുമുണ്ട്. സ്വാഭാവികമായും സിനിമാനിരൂപണത്തിന്റെ രീതിശാസ്ത്രവും കഥാചർച്ചയും സംഭാഷണകലയും പരിണാമഗുപ്തിയും മറ്റും മറ്റും മുൻനിർത്തുന്ന സാഹിതീയ വിശകലനത്തിന്റെ പഴയ സമ്പ്രദായംതന്നെ അക്കാദമികതലങ്ങളിൽ നിലനിർത്തിപ്പോരുന്നു.

എന്നാൽ ഇതിൽനിന്നു ഭിന്നമായി സിനിമയെ മൗലികവും സ്വതന്ത്രവുമായ മാദ്ധ്യമവും കലയും രൂപവും സംസ്‌കാരവുമായി കാണുന്ന നിരൂപകരും കുറവല്ല. അവർ സിനിമയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും സാങ്കേതികതയും ഭാഷയും സമ്പദ്ഘടനയും സാമൂഹികതയും സാംസ്‌കാരിക പ്രതിനിധാനങ്ങളുമൊക്കെ 'സിനിമ'യെന്ന ഗണ/രൂപത്തിന്റെ മൗലികഘടനയ്ക്കുള്ളിൽ തന്നെ വിശകലനം ചെയ്യുന്നു. പലതലങ്ങളിലും ഭിന്നങ്ങളായ സമീപനങ്ങൾ കൈക്കൊള്ളുമ്പോഴും പൊതുവിൽ 'പ്രത്യയശാസ്ത്രപഠനം' എന്നുതന്നെ വിളിക്കാവുന്നവിധം രാഷ്ട്രീയവൽക്കരിച്ച പഠനസങ്കേതത്തെയാണ് ഈ വിമർശനങ്ങളെല്ലാം സ്വീകരിക്കുന്നത്. സാമൂഹ്യശാസ്ത്രപരമോ സ്ത്രീവാദപരമോ ചിഹ്നവിജ്ഞാനപരമോ ആയ സമീപനങ്ങൾ കൈക്കൊള്ളുമ്പോഴും അടിസ്ഥാനപരമായി സിനിമയും സിനിമയുടെ അനുബന്ധമേഖലകളും പ്രതിനിധാനം ചെയ്യുന്നതോ സൃഷ്ടിക്കുന്നതോ ആയ രാഷ്ട്രീയങ്ങളെയാണ് ഈ പഠനങ്ങൾ ലക്ഷ്യമിടുന്നത്. മാർക്‌സിയൻ, ലിബറൽ കാഴ്ചപ്പാടുകളിൽ ഒരുപോലെ സമൃദ്ധവും പ്രസക്തവുമാണ് ഇവ. കെപി ജയകുമാറിന്റെ 'ജാതിവ്യവസ്ഥയും മലയാളസിനിമയും' എന്ന ലേഖനസമാഹാരം രൂപംകൊള്ളുന്നതും ഈ സ്വഭാവത്തിലാണ്.

2007 ലും 2009 ലും മികച്ച ചലച്ചിത്രനിരൂപണത്തിനുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം ലഭിച്ചിട്ടുള്ള ജയകുമാറിന്റെ ശ്രദ്ധേയമായ രണ്ടാമത്തെ വിമർശനഗ്രന്ഥമാണ് ഇത്. ഈ പുസ്തകത്തിലെ ഒൻപതു ലേഖനങ്ങളിലും ജയകുമാർ തുടർച്ചയായി ഉന്നയിക്കുന്ന നിലപാടുകൾ പ്രധാനമായും മൂന്നാണ്. ഒന്ന്, മലയാള സിനിമ 1950 കൾ തൊട്ടിങ്ങോട്ട് പ്രകടിപ്പിച്ചുപോരുന്ന ഏറ്റവും പ്രമുഖമായ രാഷ്ട്രീയസ്വഭാവം സവർണ ഹൈന്ദവ ജാതിഘടനയുടെയും മധ്യ-ഉപരിവർഗ സാമൂഹ്യഘടനയുടെയും സുനിശ്ചിതമായ കലർപ്പാണ്. രണ്ട്, ഈ മത- ജാതി രാഷ്ട്രീയം സ്വാഭാവികമായും കീഴാള, ദലിത് സമൂഹങ്ങളെ പാർശ്വവൽക്കരിക്കുകയും മുസ്ലിമിനെ ഒരളവോളം പിശാചവൽക്കരിക്കുകയും ചെയ്യുന്നു. മൂന്ന്, 1980കൾ മുതൽ ആഗോള, ദേശീയ പ്രാദേശിക രാഷ്ട്രീയങ്ങളിൽ പ്രകടമായിപ്പോന്നിട്ടുള്ള പ്രത്യയശാസ്ത്ര വിപര്യങ്ങൾ (ഇസ്ലാമോ ഫോബിയ മുതൽ ദലിത്ഹിംസവരെയും ബ്രാഹ്മണ പുനരുത്ഥാനവാദം മുതൽ ശൂദ്രതയുടെ ദേശീയതാവൽക്കരണം വരെയും ആഗോളവൽക്കരണം മുതൽ വിപണിയുടെ ശരീര-വസ്തുഹർഷങ്ങൾ വരെയും) മലയാളസിനിമ ഉത്സവലഹരിയോടെ ഏറ്റെടുത്താഘോഷിക്കുകയും ചെയ്യുന്നു. ദാനന്ദഗുപ്തയും ശ്രീനിവാസും പാണ്ഡ്യനും മുതൽ ആശിഷ് രാജാധ്യക്ഷയും രാഘവേന്ദ്രയും മാധവപ്രസാദും ഗീതാകപൂറും പാർത്ഥാചാറ്റർജിയും വരെയുള്ള ഇന്ത്യൻ സിനിമാ/സംസ്‌കാരനിരൂപകരും മലയാളത്തിൽതന്നെ രവീന്ദ്രൻ മുതൽ വെങ്കിടേശ്വരൻ വരെയുള്ള ചലച്ചിത്രവിമർശകരും ഏറിയും കുറഞ്ഞും മുൻപുതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് മേല്പറഞ്ഞ കാഴ്ചപ്പാടുകൾ.

ഇത്തരം അക്കാദമിക ചലച്ചിത്രപഠനങ്ങളുടെ ചുവടുപിടിച്ച് മലയാളസിനിമയെ പൊതുവിലും ചില ചലച്ചിത്രങ്ങളെയും പ്രവണതകളെയും സവിശേഷമായും വിശകലനം ചെയ്യുകയാണ് ജയകുമാർ. സിനിമാപഠനത്തിൽ തുടർച്ചയായിത്തന്നെ ഒരു കാഴ്ചപ്പാടും നിലപാടും നിലനിർത്തുന്നുവെന്നത് ഈ വിശകലനത്തിന് കൂടുതൽ സ്വീകാര്യതയും ആധികാരികതയും നൽകുന്നുമുണ്ട്.

'മലയാളസിനിമ : മാറുന്ന കാലങ്ങൾ, കാഴ്ചകൾ' എന്ന ആദ്യലേഖനം സിനിമാതീയറ്റർ-സിനിമ-സിനിമയിലെ പ്രതിനിധാനങ്ങൾ എന്ന ക്രമത്തിൽ മലയാളസിനിമയെക്കുറിച്ചുള്ള ഒരവലോകനമാണ്. കേരളീയ പൊതുസമൂഹം പ്രേക്ഷകരെന്ന നിലയിൽ മലയാളസിനിമയെ നിർവചിച്ചതിന്റെ സൂചനകൾ കൂടിയാണിത്. ഒപ്പം ഈ പുസ്തകത്തിലെ പഠനങ്ങളുടെ പൊതുഭൂമികയും. ജാതിസമൂഹത്തിന്റെ അധികാരഘടനകളോടിണങ്ങിയും സാമ്പത്തിക സമൂഹത്തിന്റെ പരിണാമങ്ങളോടു ചേർന്നും രൂപംകൊണ്ട മലയാളസിനിമയുടെ ചരിത്രപാഠങ്ങൾ ക്രോഡീകരിക്കുന്നു, ലേഖനം. സിനിമയിൽ പ്രചാരവും പ്രഭാവവും നേടുന്ന ജാതി, മത, ലിംഗ, വർഗ, വർണ രാഷ്ട്രീയങ്ങളുടെ സൂചനകൾ നൽകിയും പുതിയ നൂറ്റാണ്ടിൽ രൂപംകൊണ്ട മൾട്ടിപ്ലക്‌സ് സംസ്‌കാരത്തിന്റെ സാധ്യതകൾ ചൂണ്ടിക്കാണിച്ചും തുടർലേഖനങ്ങളിലേക്കുള്ള വഴി തുറക്കുന്നു, ഈ രചന.

'സിനിമയിലെ ഭക്തിപ്രസ്ഥാനം', മലയാളത്തിൽ 1960 കളിലും 70 കളിലും നിർമ്മിക്കപ്പെട്ട് ഹിന്ദുമത പുരാണസിനിമകളിലും വടക്കൻപാട്ട് സിനിമകളിലും ഭിന്നരീതികളിൽ പ്രവർത്തിച്ച ആത്മീയതാവാദത്തിന്റെയും വീരനായക പരിവേഷത്തിന്റെയും രാഷ്ട്രീയം ചർച്ചചെയ്യുന്നു. ഐതിഹാസികവും പൗരാണികവുമായ നായകസങ്കല്പം മുതൽ ആദർശാത്മകമായ ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകൾ വരെയും; ഫ്യൂഡൽ നാടുവാഴിത്തത്തിന്റെ വീരപുരുഷന്മാരും വീരാംഗനമാരും മുതൽ ഹിന്ദു മുസ്ലിം സൗഹാർദത്തിന്റെയും സംഘർഷത്തിന്റെയും ഉഭയജീവിതമുള്ള ഉടൽനിലകൾ വെളിപ്പെടുത്തുന്ന ആദർശാത്മക-ദേശീയതാ പ്രതിനിധാനങ്ങൾ വരെയും ഇവയിൽ ജയകുമാർ കണ്ടെത്തുന്നു. ഇതേ കാഴ്ചപ്പാടിന്റെ തുടർച്ചയാണ് 'നായർപൗരുഷ'ത്തിന്റെ കേരളീയബിംബങ്ങളുടെ ചിത്രം കടന്നുവരുന്ന ആറാമത്തെ ലേഖനത്തിലുമുള്ളത്.

മേല്പറഞ്ഞ ലേഖനങ്ങൾ പ്രമേയമാക്കുന്ന ഫ്യൂഡൽ ഉടൽനിലകളുടെയും ശരീരരാഷ്ട്രീയത്തിന്റെയും തുടർച്ചയെന്നോണം, വള്ളുവനാടൻ മധ്യവർഗ നായർ മാടമ്പിത്തഴമ്പുകളുടെ ആഘോഷം നടപ്പാക്കുന്ന പത്മരാജൻ, രഞ്ജിത്ത് സിനിമകളുടെ ചർച്ചയിൽ തുടങ്ങി ഇക്കഴിഞ്ഞ വർഷങ്ങളിൽ പുറത്തുവന്ന ചില സിനിമകളിലെ മണ്ണും മനുഷ്യരുമായുള്ള ആത്മബന്ധത്തിന്റെ വിശകലനം വരെ ഉൾക്കൊള്ളുന്നു, അടുത്ത ലേഖനം.

നാലും അഞ്ചും ആറും ലേഖനങ്ങൾ പലനിലകളിൽ പ്രശ്‌നവൽക്കരിക്കുകയും ചരിത്രവൽക്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയമുഹൂർത്തവും സാമൂഹ്യസന്ദർഭവും മണ്ഡൽകമ്മീഷൻ റിപ്പോർട്ടാണ്. രണ്ടുനിലപാടുകളിൽ ഉറച്ചുനിന്നാണ് ഈ ലേഖനങ്ങൾ ഭാവന ചെയ്യപ്പെടുന്നത്. ഒന്ന്, ഇന്ത്യൻ ദേശീയതയുടെ സവർണ ഹൈന്ദവ പുരുഷയുക്തികളുടെ അഭ്രാവിഷ്‌ക്കാരങ്ങളെന്ന നിലയിൽ പുറത്തുവന്ന നിരവധി സിനിമകളുടെ വിശകലനം തെളിയിക്കുന്നതുപോലെ, ആവർത്തിച്ചാഘോഷിക്കപ്പെടുന്ന ഹിന്ദുത്വവാദമാണ് മുഖ്യധാരാ ഇന്ത്യൻ, മലയാള സിനിമയുടെ പ്രത്യക്ഷരാഷ്ട്രീയം തന്നെയും. രണ്ട്, ഇടതുപക്ഷ, പുരോഗമന കലാ, സാഹിത്യപ്രസ്ഥാനങ്ങൾക്കുപോലും അഭിസംബോധന ചെയ്യാൻ കഴിയാത്ത ജാതിഘടനയുടെയും വർണവ്യവസ്ഥയുടെയും പലനിലകളിലുള്ള തുടർച്ചകൾ സാമൂഹ്യമണ്ഡലത്തിലെന്നപോലെ ചലച്ചിത്രമണ്ഡലത്തിലും തെഴുത്തുനിൽക്കുകതന്നെ ചെയ്യുന്നു.[BLURB#1-VL] പൊതുബോധം, സാമാന്യബോധം എന്നൊക്കെ നാം വിശേഷിപ്പിക്കുന്ന സാമൂഹ്യബോധം, ഹിന്ദു അനുകൂലവും ഇസ്ലാം-ന്യൂനപക്ഷ വിരുദ്ധവും മാത്രമല്ല സവർണവും കീഴാളവിരുദ്ധവുമാണെന്നും തെളിയിക്കുന്നു, ബഹുഭൂരിപക്ഷം സിനിമകളും. മണ്ഡൽ അനന്തര ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സവർണയുക്തികൾ അന്തർവഹിക്കുന്ന ആര്യൻ (1987) എന്ന സിനിമ വിശദീകരിച്ചുകൊണ്ട് ജയകുമാർ എഴുതുന്നു: 'വ്യക്തിയുടെ ദൈനംദിന ജീവിതദുരന്തങ്ങളിലൂടെ സാമൂഹ്യചരിത്രത്തെ നിർവചിക്കുന്ന സിനിമ, ജാതിവ്യവസ്ഥയുടെ മർദ്ദകഭാവങ്ങളെ മായ്ച്ചുകളയാനാണ് ശ്രമിക്കുന്നത്. വർത്തമാനകാലത്തിന്റെ ഇരകളായി ആനയിക്കപ്പെടുന്ന നവബ്രാഹ്മണ്യം സാമൂഹ്യ-രാഷ്ട്രീയ നവോത്ഥാനത്തെ സവർണ്ണപ്രത്യയശാസ്ത്രത്തിന് അനുകൂലമായി വ്യാഖ്യാനിക്കുന്നു. ഒപ്പം കീഴാളരാഷ്ട്രീയത്തെ സാധ്യമാക്കിയിരുന്ന സാമൂഹികമായ ഓർമ്മകളെ പുനരാനയിക്കുകയും വിപരീത ദൃശ്യാഖ്യാനങ്ങളിലൂടെ അവയെ പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്യുന്നു. 'പത്ത് സ്റ്റാൻഡേർഡ് ഏക്കറിൽ കവിഞ്ഞാൽ തരിശും തെങ്ങും പറമ്പും പാടവുമൊക്കെ സർക്കാർ പിടിച്ചെടുത്തുകൊണ്ടുപോകും. ആയിരക്കണക്കിനേക്കർ റബ്ബറും കാപ്പിയും ചായത്തോട്ടവുമൊക്കെയുള്ളവർക്ക് ഇവിടുത്തെ രാഷ്ട്രീയഷണ്ഡന്മാർ ശിങ്കിടിപാടും അക്കാര്യത്തിൽ ഇടതും വലതും നടവുമൊക്കെ ഒരുപോലെയാ' എന്ന് നായകൻ ദേവനാരായണൻ പറയുന്നുണ്ട്. മുതലാളിത്തവും ഭൂപരിഷ്‌കരണവുമാണ് നമ്പൂതിരിസമുദായത്തിന്റെ സാമ്പത്തികനില അവതാളത്തിലാക്കിയതെന്നാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. ഭൂപരിഷ്‌കരണവും മുതലാളിത്ത സാമ്പത്തിക താല്പര്യങ്ങളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന വാദം രീതിശാസ്ത്രപരമായും വസ്തുതാപരമായും നിലനിൽക്കുകയില്ല. എന്നാൽ നായകന്റെ വൈകാരികക്ഷോഭവും സിനിമയുടെ കാല്പനിക ആഖ്യാനവും ഇത്തരം പ്രശ്‌നസ്ഥലങ്ങളെ അനായാസമായി മറികടക്കുന്നു. ഭൂമിയുടെയും സമ്പത്തിന്റെയും സാമുദായിക പദവികളുടെയും യഥാർത്ഥ അവകാശികൾ തങ്ങളായിരുന്നുവെന്നും ജനാധിപത്യഭരണം അത് അപായപ്പെടുത്തുകയാണെന്നുമുള്ള ആശങ്കയാണ് നായകൻ പ്രകടിപ്പിക്കുന്നത്. സാമൂഹ്യപരിവർത്തനത്തിന്റെ ചരിത്രത്തെ നിരാകരിക്കുന്ന ചലച്ചിത്ര ലാവണ്യശാസ്ത്രം അധഃകൃതരുടെ സമൂഹമനസ്സിനെ ആഖ്യാനത്തിനു വെളിയിൽ നിർത്തുന്നു. ജന്മിത്ത-നാടുവാഴി ഭരണത്തെ പൊരുതിതോൽപ്പിച്ച സംഭവബഹുലമായ സമരസ്മൃതികളിലൂടെ, കൊളോണിയൽ ഭരണകൂടത്തെ പുറത്താക്കിയ രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെ, സാമൂഹ്യ അനാചാരങ്ങൾക്കെതിരെ സാംസ്‌കാരികമായി വളർത്തിയെടുത്ത പ്രതിരോധത്തിലൂടെ, കേരളത്തിൽ നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന മതാതീത ജീവിതപരിസരത്തെ പ്രതിരോധശാസ്ത്രം പ്രക്ഷേപണം ചെയ്യുന്നത്'. രഞ്ജിത്തിന്റെ ആറാംതമ്പുരാൻ തൊട്ടുള്ള സിനിമകളിലെ ശൈവനായകബിംബത്തിന്റെ ചർച്ചയും തുടർന്നുവരുന്നു.

1957 ൽ ഇ.എം.എസ്. നേതൃത്വം നൽകിയ ഭരണപരിഷ്‌ക്കരണക്കമ്മറ്റി, സംവരണത്തിനെതിരെ നിലപാടെടുത്ത, ഇടതുപക്ഷത്തിന്റെ സമീപനംപോലും കീഴാളവിരുദ്ധവും സവർണാനുകൂലവുമാക്കിയതിന്റെ വിശകലനം ഈ ഭാഗത്ത് ജയകുമാർ നടത്തുന്നത് ശ്രദ്ധേയമാണ്. ഇടതുപക്ഷ നിരൂപകർ വാളും പരിചയുമായി മലയാളത്തിലെ 'സവർണ ഫാസിസ്റ്റ്' സിനിമകളെ ആക്രമിക്കുന്ന ശീലം സജീവമായിരുന്ന കാലത്ത് ചർച്ചചെയ്യപ്പെടേണ്ടിയിരുന്ന ഒന്നായിരുന്നു, യഥാർത്ഥത്തിൽ ഇത്. ഇ.എം.എസും ഇടതുപക്ഷവും സംവരണവിരുദ്ധനിലപാടെടുത്തതിന്റെ ചരിത്രപരമായ പാപഭാരം കേരളീയ പൊതുസമൂഹത്തെ കീഴാള, ദലിത് സംവരണവിരുദ്ധമാക്കുക മാത്രമല്ല ചെയ്തത്, മണ്ഡൽ-ബാബ്‌റിമസ്ജിദ് അനന്തരകാലത്ത് ഹിന്ദുത്വവൽക്കരണത്തിന്റെ ഇരട്ടമുഖം (സവർണവും ഇസ്ലാംവിരുദ്ധവും) കരുത്തുറ്റതാക്കുകയും ചെയ്തു.

പ്രിയദർശന്റെയും രഞ്ജിത്തിന്റെയും ഷാജികൈലാസിന്റെയുമൊക്കെ '90 കളിലെ സിനിമകൾ നേരിട്ട് ബ്രാഹ്മണ്യത്തിനു സ്തുതിപാടിയപ്പോൾ സത്യൻ അന്തിക്കാടിന്റെയും ബി. ഉണ്ണികൃഷ്ണന്റെയും രഞ്ജിത്തിന്റെയും (പിൽക്കാല) സിനിമകൾ നായർമാടമ്പിത്തത്തിനു കുഴലൂത്തു നടത്തി. എം ടി. അവതരിപ്പിച്ച തകരുന്ന നായർമേധാവിത്തത്തിന്റെയും തറവാടിത്തഘോഷണത്തിന്റെയും കെട്ട ഗൃഹാതുരതയാണ് സത്യൻ-ശ്രീനിവാസൻ ടീമും ഏറ്റെടുത്തതെന്ന് ജയകുമാർ ചൂണ്ടിക്കാണിക്കുന്നു.


മലയാളസിനിമയിലെ മുസ്ലിം പ്രതിനിധാനം ഏഴാമത്തെ ലേഖനവും ദലിത്പ്രതിനിധാനം എട്ടാമത്തെ ലേഖനവും ചർച്ചചെയ്യുന്നു. ദേശവിരുദ്ധ മുസ്ലിമെന്നല്ല ദേശീയ മുസ്ലിം എന്നതുതന്നെയും മുസ്ലിംവിരുദ്ധ നിലപാടിന്റെ സൃഷ്ടിയാണെന്ന ബാബ്‌റിമസ്ജിദനന്തര രാഷ്ട്രീയസങ്കല്പനവും സമീപനവുമാണ് ഇവിടെ ജയകുമാറും സ്വീകരിക്കുന്നത്. സമീപകാല മലയാളസിനിമയിലാകട്ടെ 9/11 അനന്തരരാഷ്ട്രീയത്തിന്റെ തന്നെയും സ്വാധീനത്തിൽ മുസ്ലിം പ്രതിനിധാനം തികച്ചും പ്രതിലോമപരമാണെന്ന് ജയകുമാർ കണ്ടെത്തുകയും ചെയ്യുന്നു. ശ്രീനി-സത്യൻ സിനിമകൾ ചർച്ചക്കെടുത്തുകൊണ്ടാണ് ദലിത് ജീവിതത്തിന്റെ ചലച്ചിത്രരൂപങ്ങൾ വിശദീകരിക്കപ്പെടുന്നത്. ജാതിവെറിയുടെയും തമസ്‌കരണത്തിന്റെയും ശരീരവിന്യാസങ്ങളും സ്വത്വനിർമ്മാണങ്ങളും തുടർച്ചയായി നടക്കുന്ന ഒരു സാമൂഹ്യമണ്ഡലംതന്നെ മലയാളസിനിമയിലുണ്ടെന്ന് ഈ ലേഖനം സമർഥിക്കുന്നു.

അവസാന ലേഖനം മലയാളസിനിമയിൽ ആവിഷ്‌കൃതമാകുന്ന ഹൈറേഞ്ചിന്റെ രാഷ്ട്രീയമന്വേഷിക്കുന്നു. ആദ്യകാല സിനിമകളിലെ ഗാനപശ്ചാത്തലങ്ങൾ മുതൽ രഞ്ജിപണിക്കർ, ബ്ലസി, ജയരാജ് സിനിമകളിൽ ആഖ്യാനത്തിന്റെ കേന്ദ്രബിംബമായി മാറുന്ന ഇടുക്കിയിലെ ഗ്രാമങ്ങൾ വരെ ഈ പഠനം അവലോകനം ചെയ്യുന്നു. ഹൈറേഞ്ചിന്റെ സാമൂഹ്യശാസ്ത്രം ഏറ്റവുമധികം ചർച്ചചെയ്ത 'അച്ഛനുങ്ങാത്തവീട്' ഉൾപ്പെടെയുള്ള ചില ചിത്രങ്ങൾ ഈ പഠനത്തിൽ വിട്ടുപോയിട്ടുമുണ്ട്. [BLURB#2-VR] വിയോജിപ്പുകൾ ക്ഷണിച്ചുവരുത്തുന്നത് ഒരു പഠനത്തിന്റെ പരിമിതിയല്ല എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടുതന്നെ പറയട്ടെ, ഇസ്ലാമിന്റെ ചലച്ചിത്ര പ്രതിനിധാനത്തെക്കുറിച്ചുള്ള ജയകുമാറിന്റെ നിരീക്ഷണങ്ങൾ എം ടി. അൻസാരിയുടെയും മറ്റും തീർത്തും വർഗീയമായ സാഹിതീയ-സാമൂഹിക നിലപാടുകളിൽനിന്ന് പ്രചോദനം സ്വീകരിക്കുന്നത് കഷ്ടമാണ്. 'ആദാമിന്റെ മകൻ അബു' വിശകലനം ചെയ്തുകൊണ്ട്, 'മോക്ഷം കിട്ടാൻ മുസ്ലിം ഹജ്ജിനുപോകുന്നത് ഹിന്ദുത്വവാദത്തിന്റെ കടന്നുകയറ്റം മൂലമാണ്' എന്നു പറയുന്നതു (പുറം 53) പോലുള്ള തമാശകൾ അങ്ങനെയുണ്ടാകുന്നതാണ്. പല ലേഖനങ്ങളിലും വസ്തുതകളുടെ സ്രോതസുകൾ വെളിപ്പെടുത്താതിരിക്കുന്നത് പഠനങ്ങളുടെ അക്കാദമിക സ്വഭാവം ദുർബ്ബലമാക്കുന്നു. ഒപ്പം, പുതിയ പതിപ്പിൽ ജയകുമാർ തിരുത്തേണ്ട നിരവധിയായ അച്ചടി-ഭാഷാ പിഴവുകളും ഈ പുസ്തകത്തിലുണ്ട്. ചരിത്രപ്പെടുക, ദൃശ്യപ്പെടുക, സാമൂഹ്യരൂപീകരണം, വർത്തമാനപ്പെടുത്തുക, അരാചകവാദം എന്നിങ്ങനെ. പുറം നാല്പതിലെ അതിവിചിത്രമായ ഒരു പ്രയോഗം വേറെയും.
പുസ്തകത്തിൽനിന്ന്

'അമ്പതുകളിലെയും അറുപതുകളിലെയും മലയാളസിനിമയിൽ ശരീരങ്ങളുടെ കൂടിക്കലരൽ ഒരു സാമൂഹ്യ യാഥാർത്ഥ്യമായിരുന്നു. വ്യത്യസ്ത ജാതികളിലും വർഗ്ഗങ്ങളിലും പെട്ടവർ, ഗ്രാമീണ ആവാസവ്യവസ്ഥകൾ, കാർഷികവും കാർഷികേതരവുമായ തൊഴിൽ ഇടങ്ങൾ, വേല, കൂലി, ആഘോങ്ങൾ, കലഹം, പ്രണയം, വിരഹം, വിവാഹം, സംഘർഷം, പലായനം, സ്വപ്നങ്ങളുമെല്ലാം ഒരേസമയം പ്രമേയങ്ങളാകുന്നു. നിത്യജീവിതസംഘർഷങ്ങളെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും മെരുക്കിയെടുത്ത് സാമൂഹ്യജീവിതത്തിന്റെ ജൈവക്രമമാക്കി മാറ്റുന്ന നിരവധി ജീവിതസന്ദർഭങ്ങൾ ചലച്ചിത്രങ്ങൾ ആവിഷ്‌കരിച്ചു ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് സ്വത്വങ്ങളെയും പ്രതിനിധീകരിക്കുന്ന ശരീരങ്ങളുടെ കലരൽ തകഴി, ഉറൂബ്, ബഷീർ, പൊൻകുന്നം വർക്കി, കേശവദേവ്, തോപ്പിൽ ഭാസി തുടങ്ങിയവരുടെ ചലച്ചിത്രങ്ങളിൽ കാണാമായിരുന്നു.

എഴുപതുകൾ മലയാളസിനിമയുടെ ദിശാവ്യതിയാനത്തിന്റെ കാലമാണ്. മുഖ്യധാരാ ജനപ്രിയസിനിമയ്ക്ക് പുതിയൊരു വർണ്ണവ്യവസ്ഥ നൽകിക്കൊണ്ട് എം ടി. വാസുദേവൻ നായരുടെ ചലച്ചിത്രങ്ങൾ പുറത്തുവരുന്നു. സ്വയംവരത്തോടെ ആരംഭിക്കുന്ന സമാന്തര സിനിമ അടൂർ ഗോപാലകൃഷ്ണൻ - അരവിന്ദൻ ദ്വയങ്ങളിലൂടെ ശക്തിപ്രാപിക്കുന്നതും ഇതേ കാലത്താണ്. എം ടി.യുടെ ഭാഷയും വ്യാകരണവും പിൽക്കാല ജനപ്രിയ സിനിമയുടെ ആഖ്യാനഘടനയെ ആഴത്തിൽ നിർണ്ണയിക്കുന്നു. 'നല്ല സിനിമ' എന്ന ഒരു വർഗ്ഗീകരണം തന്നെ ഇതുണ്ടാക്കുന്നുണ്ട്. നായർ ഉപജാതി സ്വത്വവും വള്ളുവനാടൻ ഉപദേശീയതയും കേരളത്തിന്റെ സാംസ്‌കാരിക സ്വത്വമായി സാമാന്യവൽക്കരിക്കുന്നതായിരുന്നു ആ കാഴ്ച. ഏറനാടൻ, വള്ളുവനാടൻ മുസ്ലിം ജീവിതവും സാംസ്‌കാരിക വൈവിധ്യങ്ങളും ഏറെക്കുറെ കാഴ്ചകളിൽനിന്നും അദൃശ്യമായിത്തുടങ്ങുന്നതും ഇതേകാലത്താണ്. സമാന്തരസിനിമ വ്യക്തിയുടെ സ്വത്വനഷ്ടം, ജീവിതം അർത്ഥശൂന്യമാണെന്ന കണ്ടെത്തൽ, നഗരജീവിതത്തിന്റെ സന്ദിഗ്ധത, സാമ്പ്രദായിക സദാചാരത്തിന്റെ നിരർത്ഥകത, ആദർശവാദിയുടെ സന്ദേഹം, അന്യവൽക്കരണം, മനുഷ്യാവസ്ഥയെ പ്രതിയുള്ള വേദന, ആത്യന്തികമായ ഏകാന്തത തുടങ്ങി ആധുനികതയുടെ ഭാവ/ആത്മസംഘർഷങ്ങൾ ഏറിയും കുറഞ്ഞും ആഖ്യാനം ചെയ്തുകൊണ്ട് അഭ്യസ്തവിദ്യനായ മധ്യവർഗ്ഗപുരുഷനെ പണിതുയർത്തി. 'നല്ല സിനിമ'യ്ക്കും 'സമാന്തര' സിനിമയും വടക്കൻപാട്ട് ചിത്രങ്ങളും ഭക്തിചിത്രങ്ങളും ചേർന്ന് വീതിച്ചെടുത്ത കാഴ്ചയുടെ സാംസ്‌കാരിക ഘോഷയാത്രയിൽ മുസ്ലിം, കീഴാള ജീവിതങ്ങൾ അമർന്നുപോകുന്നു.

എൺപതുകളുടെ കൂടിക്കലരുന്ന ശരീരങ്ങളിൽനിന്നും 'കലർപ്പില്ലാത്ത ശരീരബോധ'ത്തിലേയ്ക്കുള്ള മാറ്റം വ്യക്തമാക്കപ്പെടുന്നു. വ്യത്യസ്ത ശരീരഭാഷകളിലൂടെ, ശരീരങ്ങളുടെ കലർപ്പിലൂടെ, 'കലർപ്പില്ലാത്ത ശരീരബോധ'ങ്ങളെ സ്ഥാപിക്കുന്നതിലൂടെ, ഭാഷണഭേദങ്ങളിലൂടെ ചലച്ചിത്രം ഒരു സാമൂഹ്യ മാതൃക നിർമ്മിക്കുന്നു. 'നല്ല സിനിമാ'ഗണത്തിൽപ്പെടുത്തുന്ന ഭരതന്റെയും പത്മരാജന്റെയും ചിത്രങ്ങൾ പ്രേക്ഷകഭാവുകത്വത്തെ പിടിച്ചെടുക്കുന്നത് ഇക്കാലത്താണ്. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടേയും പിന്നീട് 'ന്യൂനപക്ഷ'മെന്ന നിർവചനത്തിൽ ഒരുക്കപ്പെട്ടവരുടെയും ജീവിതാന്തരീക്ഷവും ജീവിതസംഘർഷങ്ങളും പ്രമേയകേന്ദ്രത്തിൽനിന്നും വാർന്നുപോകുന്നു. 'എൺപതുകളിലെയും തൊണ്ണൂറുകളിലെയും ചിത്രങ്ങളിൽ ഇവർ അദൃശ്യരോ 'ഫോർമുല' കഥാപാത്രങ്ങളോ ആയി ചുരുങ്ങി. മുസ്ലിം ജീവിതം/സംസ്‌കാരം ചിത്രത്തിൽ പലതിൽ ഒരിഴയായോ, നന്മ-തിന്മ ദ്വന്ദ്വങ്ങളിൽ കുരുങ്ങിയ വാർപ്പുകളായോ രൂപാന്തരപ്പെട്ടു. ഉപ്പ്-മഗ്‌രീബ് പോലെയുള്ള അപവാദങ്ങൾ ഒഴിച്ചാൽ. അവർക്ക് പട്ടിണിയും ഇല്ലായ്മയും ജീവിതമണ്ഡലത്തിനു പുറത്തോ ജീവിതത്തിൽ വന്നുപതിക്കുന്ന ദുരന്തമോ ആയിരുന്നു. ദാർശനികമോ ആത്മീയമോ മാനസികമോ ആയിരുന്നു അവരുടെ വേവലാതികൾ. വീടിനും കുടുംബബന്ധങ്ങൾക്കും പ്രേമത്തിനും മറ്റും അവരുടെ ജീവിതത്തിൽ സ്വാഭാവികമായ സ്ഥാനവും സാന്നിധ്യവും ഉണ്ടായിരുന്നു. ഇവയിൽ പലതും ഉപേക്ഷിക്കുന്നതിലും ഉപേക്ഷിക്കേണ്ടിവരുന്നതിലും മറ്റുമായിരുന്നു പലപ്പോഴും ആഖ്യാനസന്ധികൾ നിലകൊണ്ടത്'. ഈ ഒഴിവാക്കലുകൾ കേവലമോ യാദൃശ്ചികമോ അല്ല. മണ്ഡൽ സംവരണസംവാദങ്ങൾ ശക്തിയാർജിക്കുന്ന സവിശേഷ സാമൂഹ്യസന്ദർഭത്തിൽ പുറത്തുവന്ന ചിത്രങ്ങളിൽ അദൃശ്യമാകുന്ന കീഴാള, ന്യൂനപക്ഷ സാന്നിധ്യങ്ങൾ കൃത്യമായ സൂചനകൾ വഹിക്കുന്നുണ്ട്. അതൊരു സാംസ്‌കാരികനിർമ്മിതിയാണ്. സംസ്‌കാരം ഒരതീതപ്രതിഭാസമല്ല. അത് സാമൂഹ്യജീവിതത്തിലെ സർവ്വതലസ്പർശിയായ ഒന്നാണ്. സംസ്‌കാരത്തിന്റെ രാഷ്ട്രീയം പ്രവർത്തിക്കുന്നത് പലപ്പോഴും പരോക്ഷവും അദൃശ്യവുമായാണ്. ഒരു ദൃശ്യമാദ്ധ്യമമായ ചലച്ചിത്രം സംസ്‌കാരരാഷ്ട്രീയത്തിന്റെ ദിശകളെ കാഴ്ചയുടെ അടരുകളിൽ അദൃശ്യമാക്കിവയ്ക്കുന്നു. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ചിത്രങ്ങളിൽനിന്നും ന്യൂനപക്ഷങ്ങളും മുസ്ലിം കഥാപാത്രങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് സാമൂഹ്യസ്വത്വങ്ങളും അദൃശ്യസാന്നിധ്യമായിത്തുടങ്ങുന്നത് ഈ സാംസ്‌കാരിക പ്രത്യയശാസ്ത്ര പ്രയോഗത്തിലൂടെയാണ്'.

ജാതിവ്യവസ്ഥയും മലയാളസിനിമയും
കെ.പി. ജയകുമാർ
ഒലിവ്, 2014
വില : 140 രൂപ