കൊടുവള്ളി: വിദ്യാർത്ഥിനികളെ അപമാനിച്ച് പ്രസംഗിച്ചെന്ന പേരിൽ ഫാറൂഖ് ട്രെയിനിങ് കോളജ് അദ്ധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ പരാതി നൽകിയ കോളജ് വിദ്യാർത്ഥിനിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലേക്ക് ശനിയാഴ്ച വിദ്യാർത്ഥിനിയെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. പിതാവിനും സഹപാഠികളായ വിദ്യാർത്ഥികൾക്കും ഒപ്പം എത്തിയാണ് പരാതിക്കാരി അമൃത മേത്തർ തന്റെ നിലപാട് വിശദീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫാറൂഖ് കോളജ് വിദ്യാർത്ഥിനി ഇ-മെയിൽ വഴി കൊടുവള്ളി പൊലീസിൽ പരാതിനൽകിയത്. അദ്ധ്യാപകന്റേത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്നെയാണെന്ന് അവർ മൊഴി നൽകി.

മുജാഹിദ് വിസ്ഡം വിഭാഗം ഐ.എസ്.എം നരിക്കുനി മണ്ഡലം കമ്മിറ്റി കഴിഞ്ഞ ഏപ്രിൽ 18ന് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിലുള്ള മദ്‌റസയിൽ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പിൽ നടത്തിയ പ്രസംഗത്തിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണരീതിയെ സംബന്ധിച്ച് വിവാദ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ഇത് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ചാണ് വിദ്യാർത്ഥിനി പരാതിനൽകിയത്. ഇതുപ്രകാരം കൊടുവള്ളി പൊലീസ് സെക്ഷൻ 354, ഐ.പി.സി 509 വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്.

ഫാറൂഖ് കോളേജിലെ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥിനിയാണ് പരാതി നൽകിയിരുന്നത്. ഫറൂക്ക് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനായ അസിസ്റ്റന്റ് പ്രൊഫസർ ജൗഹർ മുനവ്വിർ എന്ന വ്യക്തി ബോധപൂർവം എന്റെയും മറ്റു വിദ്യാർത്ഥിനികളുടെയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയുള്ള പരാമർശം നടത്തി മാനസിക സംഘർഷവും അപമാനവും വരുത്തിയെന്നായിരുന്നു വി്ദ്യാർത്ഥിനി പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

ഫെബ്രുവരി 18, 2018ന് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ ജൗഹർ മുന്നവ്വിർ എളേറ്റിൽ വട്ടോളി, കോഴിക്കോട് വച്ച് നൂറോളം ആളുകളുള്ള സദസ്സിൽ വച്ച് ബോധപൂർവം മൈക്കിലൂടെയാണ് മേല്പറഞ്ഞ ലൈംഗിക അധിക്ഷേപങ്ങൾ നടത്തിയത്. ആയതിന്റെ വീഡിയോ അടക്കം യുട്യൂബിലും മറ്റു സോഷ്യൽ മീഡിയകളിലൂടെയും കേരളത്തിലങ്ങോളമിങ്ങോളം പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് ഞാനടക്കമുള്ള ഫാറൂക്ക് കോളേജിലെ വിദ്യാർത്ഥിനികളുടെ മാനത്തിന് അപമാനം വരുത്തണമെന്ന ബോധപൂർവമായ ഉദ്ദേശത്തോട് കൂടിയാണ്. കേവലം ലൈംഗിക ഉത്പന്നങ്ങളായി ഞങ്ങളുടെ ശരീരത്തെ ചിത്രീകരിച്ചത്. ഇദ്ദേഹം അദ്ധ്യാപക സമൂഹത്തിനാകെ അപമാനമാണെന്നും പരതിക്കാരി ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം പ്രസംഗത്തിന്റെ പേരിൽ ഫാറൂഖ് ട്രെയിനിങ് കോളജിലെ അദ്ധ്യാപകനെതിരെ കേസെടുത്ത സംഭവത്തിനെതിരെ വിവിധ മതപ്രഭാഷകരുടെ നേതൃത്വത്തിൽ ആളുകൾ രംഗത്തെത്തിയിരുന്നു. എസ് വൈഎസിന്റെ നേതൃത്വത്തിൽ കൊടുവള്ളി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും നടത്തിയതോടെ ജാമ്യമില്ലാ കുറ്റം ചുമത്തിയ നടപടിയിൽ നിന്നും അധികൃതർ പിന്തിരിയുകയാണ് ഉണ്ടായത്.

ഇതിനിടെ കേസെടുത്ത നടപടിയെ വിമർശിച്ച് പി ക കുഞ്ഞാലിക്കുട്ടിയും രംഗത്തു വന്നിരുന്നു. ഇത് സർക്കാറിന്റെ സംഘ്പരിവാർ സ്വാധീനംമൂലമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഫാറൂഖ് കോളജിനെ ചിലർ ലക്ഷ്യം വെക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. അദ്ധ്യാപകൻ പറഞ്ഞതിനോട് വിയോജിപ്പുണ്ടെങ്കിൽ ശക്തമായി എതിർപ്പ് രേഖപ്പെടുത്താം. പക്ഷേ, കേസെടുത്തത് പ്രത്യേക ലക്ഷ്യംവച്ചാണ്.അദ്ധ്യാപകനെതിരെ കേസെടുത്തത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണ്. എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും സമാന അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവർക്കെതിരെയൊന്നും നടപടിയില്ല. തീ തുപ്പുന്ന വർഗീയത പറയുന്നവർക്കെതിരെ കേസില്ല. ഒരു വിഭാഗത്തിനെതിരെ മാത്രം നടപടിയെടുക്കുകയെന്ന സംഘ്പരിവാർ മനോഭാവമാണ് നടപ്പാക്കുന്നത്. ഇത് വകവെച്ച് നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.