- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യവിൽപ്പനയിൽ പവറായി പവർഹൗസ്; പുതുവൽസര തലേന്ന് തിരുവനന്തപുരത്തെ ഔട്ട് ലെറ്റിലൂടെ വിറ്റു പോയത് 1.07 കോടിയുടെ മദ്യം; ക്രിസ്മസിലെ റിക്കോർഡ് തകർത്ത് ന്യൂ ഇയർ ആഘോഷവും; ബിവറേജസിന്റേയും കൺസ്യൂമർഫെഡിന്റേയും കടകളിലൂടെ വിറ്റത് 96.86 കോടിയുടെ മദ്യം; 'ജവാൻ' കൂടുതലായി ഇനി ഉണ്ടാക്കും
തിരുവനന്തപുരം: ഈ ന്യൂ ഇയർ മലയാളി ആഘോഷിച്ചത് മദ്യം വാങ്ങികൂട്ടിയോ? പുതുവത്സരത്തലേന്ന് ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവിൽപനയ്ക്കാണ് കേരളം സാക്ഷിയായത്. ഖജനാവിലേക്കും നികുതി ഒഴുകിയെത്തുന്ന വിൽപ്പനയാണ്. അതുകൊണ്ട് തന്നെ പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാന സർക്കാരിനും ഈ വിൽപ്പന തുണയാണ്.
ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർഫെഡിന്റെയും വിൽപനശാലകൾ വഴി മാത്രം വിറ്റതു 96.86 കോടി രൂപയുടെ മദ്യം. ഇന്നലെ ഡ്രൈ ഡേ ആയതും 31ലെ വിൽപന ഉയരാൻ കാരണമായി. ബാറുകളിലെ കണക്ക് ഇതിനും മുകളിൽ പോകും. അങ്ങനെ വരുമ്പോൾ മലയാളി ന്യൂ ഇയറിൽ എന്തുമാത്രം കുടിച്ചുവെന്ന് വ്യക്തമാകും.
ബവ്‌കോ 82.26 കോടി രൂപയുടെയും കൺസ്യൂമർഫെഡ് 14.60 കോടി രൂപയുടെയും മദ്യമാണു വിറ്റത്. ക്രിസ്മസ് തലേന്നത്തെ വിൽപനയിലേതുപോലെ തിരുവനന്തപുരം പവർഹൗസ് റോഡിലെ വിൽപനകേന്ദ്രം പുതുവത്സരത്തലേന്നും ഒന്നാം സ്ഥാനം നിലനിർത്തി. 1.07 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഒരു മദ്യവിൽപനകേന്ദ്രത്തിലെ പ്രതിദിന വിൽപന ഒരു കോടി കടക്കുന്നത് ആദ്യമാണ്.
രണ്ടാമതു പാലാരിവട്ടവും (81.34 കോടി) മൂന്നാമതു കടവന്ത്ര (77.33 കോടി)യുമാണ്. കഴിഞ്ഞ പുതുവത്സരത്തലേന്ന് ബവ്‌കോയിലെ ആകെ വിൽപന 70.55 കോടിയായിരുന്നു. ഇത്തവണ ക്രിസ്മസ് തലേന്ന് ബവ്‌കോ 65 കോടിയുടെയും കൺസ്യൂമർഫെഡ് 11.5 കോടിയുടെയും മദ്യം വിറ്റു. അതും റിക്കോർഡായിരുന്നു. അങ്ങനെ ക്രിസ്മസിലെ റിക്കോർഡുകളെ പുതുവൽസരത്തിൽ മലയാളി തകർത്തെറിഞ്ഞു.
കച്ചവടം കൂടുന്ന സാഹചര്യത്തിൽ ജവാൻ റം ഉൽപ്പാദനം ദിവസം 8000(72,000 ലിറ്റർ) കെയ്സ് എന്നത് 20,000(1,80,000 ലിറ്റർ)കെയ്സായി ഉയർത്തും. ഇതിനുള്ള ശുപാർശ ബിവറേജസ് കോർപറേഷൻ സർക്കാരിന് സമർപ്പിച്ചു. സർക്കാർ അനുമതി ലഭിച്ചാലുടൻ കൂടുതൽ സ്പിരിറ്റ് ശേഖരിക്കാനുള്ള ലൈസൻസിനും പുതിയ യൂണിറ്റ് സ്ഥാപിക്കാനും നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് ബോട്ടിലിന് പകരം ചില്ല് കുപ്പിയിൽ നൽകാനും ആലോചനയുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ഏക മദ്യഉൽപ്പാദന കേന്ദ്രമാണ് തിരുവല്ല വളഞ്ഞവട്ടത്തുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ്. ഇവിടെയാണ് 'ജവാൻ' ഉൽപ്പാദിപ്പിക്കുന്നത്. ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യാനാകാത്തതിനാലാണ് ഉൽപ്പാദനം കൂട്ടുന്നത്. സർക്കാർ ഉടമസ്ഥതയിൽ പ്രത്യേക ബ്രാൻഡിൽ ബ്രാണ്ടി ഉൽപ്പാദിപ്പിക്കാനാകുമോയെന്നും ആലോചനയുണ്ട്. 2019ൽ ആരംഭിച്ച മലബാർ ഡിസ്റ്റലറീസ് എന്ന കമ്പനി വഴി ഉൽപ്പാദിപ്പിക്കാനാണ് ആലോചന.
ഇതിനൊപ്പം ബിവറേജസ് ഷോപ്പുകളിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വിവരവും വിലയും സ്‌ക്രീനിൽ തെളിയുന്ന സംവിധാനവും ഒരുക്കും. ഈമാസം അവസാനത്തോടെ എല്ലാ ഷോപ്പുകളിലും ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കും. അധിക വില ഈടാക്കുന്നത് തടയുന്നതിനൊപ്പം ചില ബ്രാൻഡുകളുടെ അനധികൃത വിൽപ്പന പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുകയുമാണ് ലക്ഷ്യം. ചില മദ്യകമ്പനികൾ ജീവനക്കാരെ സ്വാധീനിച്ച് അവരുടെ ബ്രാൻഡുകൾമാത്രം വിറ്റഴിക്കുന്നുണ്ട്. ഇതിന് മദ്യകമ്പനികൾ ജീവനക്കാർക്ക് പ്രതിഫലം നൽകുന്നുമുണ്ട്. സ്റ്റോക്കും വിലയും പ്രദർശിപ്പിക്കുന്നതോടെ ഇതൊഴിവാക്കാനാകും.
മദ്യവിൽപ്പനയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ ജീവനക്കാർക്കെതിരേയുള്ള അച്ചടക്ക നടപടികൾ ശക്തമാക്കാനും കോർപ്പറേഷൻ തീരുമാനിച്ചു. ഡ്യൂട്ടിസമയത്ത് മദ്യപിക്കുന്ന ജീവനക്കാരിൽനിന്ന് 30,000 രൂപ പിഴ ഈടാക്കും. സാമ്പത്തിക ക്രമക്കേടുകൾക്കുള്ള ശിക്ഷയും വർധിപ്പിച്ചു. ബില്ലിൽ രേഖപ്പെടുത്തിയതിൽ കൂടുതൽ തുക വാങ്ങിയതായി കണ്ടെത്തിയാൽ അധികം വാങ്ങിയ തുകയുടെ 1000 ഇരട്ടി പിഴ ഈടാക്കും. നിലവിൽ 300 ഇരട്ടിയാണ് വാങ്ങിയിരുന്നത്. മദ്യകമ്പനികൾക്കുവേണ്ടി ഏതെങ്കിലും ബ്രാൻഡുകളുടെ വിൽപ്പന പ്രോത്സാഹിപ്പിച്ചാലും കാഷ് കൗണ്ടറിലെ വിറ്റുവരവും കണക്കുകളും തമ്മിൽ പൊരുത്തമില്ലെങ്കിലും പിഴ ചുമത്തും. അധികം വന്നതോ കുറവുള്ളതോ ആയ തുകയുടെ 1000 മടങ്ങ് പിഴ കോർപ്പറേഷന് നൽകണം.
കണക്കുകൾ കൃത്യസമയത്ത് ഹാജരാക്കാതിരുന്നാൽ 10,000 രൂപ പിഴ ചുമത്തും. ബിവറേജസ് കോർപ്പറേഷൻ നിർദേശിക്കുന്ന പ്രകാരം മദ്യക്കുപ്പികൾ പ്രദർശിപ്പിച്ചില്ലെങ്കിലും 5000 രൂപ പിഴ അടയ്ക്കണം. മോഷണം കണ്ടെത്തിയാൽ നഷ്ടമായ തുകയുടെ 1000 ഇരട്ടി ഈടാക്കുന്നതിനൊപ്പം ക്രിമിനൽ കേസ് എടുക്കുകയും ചെയ്യും. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് കടുത്ത സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ കടുപ്പിച്ചതെന്ന് ബിവറേജസ് അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ