മലപ്പുറം: ബീവറേജുകളിൽ നിന്നും മദ്യം വാങ്ങി അഞ്ചിരട്ടി വിലയ്ക്ക് കച്ചവടം നടത്തുന്ന 32കാരൻ പിടിയിൽ. മലപ്പുറം പരപ്പനങ്ങാടിയിലെ ജവാൻ വിനു എന്ന പേരിൽ അറിയപ്പെടുന്ന പുഴക്കൽ വിനു(32) വിനെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബിവറേജുകളിൽ നിന്നും വാങ്ങുന്ന മദ്യം 5 ഇരട്ടി വിലയ്ക്കാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്. അരിയല്ലൂർ ജംഗ്ഷനിൽ കച്ചവടം നടത്തുന്നതിനിടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ പക്കൽ നിന്നും മദ്യക്കുപ്പികളും മദ്യം അളന്ന് കൊടുക്കുന്നതിനുള്ള 'പെഗ് മെഷററും മദ്യക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ദിവസവും 25 ഓളം കുപ്പി മദ്യം ബിവറേജിൽ നിന്നും വാങ്ങി മദ്യക്കുപ്പികളായും പെഗ്ഗുകളായി അളന്ന് കൊടുത്തും കച്ചവടം നടത്താറുള്ളതായി പ്രതി സമ്മതിച്ചു.

പ്രതിയെ അറസ്റ് ചെയ്യുന്ന സമയത്ത് മദ്യം വാങ്ങാനായി എത്തുകയും പൊലീസിനെ കണ്ട് ഓടിപ്പോയ ആളുകള കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാർ, പൊലീസുകാരായ രഞ്ചിത്ത്, സഹദേവൻ, ഫൈസൽ, അനിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ് . പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് മഞ്ചേരി ജയിലിൽ റിമാന്റ് ചെയ്തു.