കോഴിക്കോട്: വരാപ്പുഴയിൽ പൊലീസിന്റെ ക്രൂര നടപടിയിൽ നിരപരാധിയായ ശ്രീജിത്തിനെ കൊല്ലപ്പെടുത്തിയ കേസിൽ പൊലീസുകാർ നടപടികൾ നേരിടവേയാണ് വീണ്ടും പൊലീസ് ക്രൂരത. കസ്റ്റഡി മരണക്കേസ് സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെടുകയും ചെയ്തിരിന്നു. എന്നാൽ തങ്ങളുടെ പിടിവാശികൾ മാറ്റില്ലെന്ന് തന്നെയാണ് പൊലീസും. അതിന്റെ പുതിയ തെളിവാണ് കോഴിക്കോട് ഒമ്പതുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ കാര്യം ജഡ്ജിയിൽ നിന്ന് മറച്ചുപിടിച്ച് കവർച്ചക്കുറ്റം ചുമത്തി കോയമ്പത്തൂർ സ്വദേശിനിയെ പൊലീസ് അറസ്റ്റുചെയ്തു ജയിലിലാക്കി.

കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലായിരുന്നു പൊലീസിന്റെ ഈ ക്രൂര കൃത്യം. യുവതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കുമ്പോൾ പിഞ്ചുകുട്ടികളുള്ള കാര്യം പൊലീസ് മനഃപൂവ്വം മറച്ചുവയ്ക്കുകയായിരുന്നു. തുടർന്ന് കോടതി അമ്മയെ മാത്രം റിമാൻഡ് ചെയ്തു. അച്ഛന്റെ നിർത്താതെയുള്ള കരച്ചിൽ കണ്ട് ചുമട്ട് തൊഴിലാളികൾ വിവരം തിരക്കിയപ്പോഴാണ് പൊലീസിന്റെ കള്ളക്കളി പുറത്തായത്. ഇക്കാര്യങ്ങളൊക്കെ പുറത്തറിയിക്കാതിരിക്കാനും പൊലീസ് ഏറെ വിയർപ്പൊഴുക്കി.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ, കോഴിക്കോട്, 0495-2357691' എന്ന് വെള്ളക്കടലാസിലുള്ള ഒരു കുറിപ്പ് മാത്രമാണ് അറസ്റ്റുചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ കുട്ടികളുടെ അച്ഛന്റെ കൈയിൽ കൊടുത്തത്. വിരമിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടിൽ മൂന്നുവർഷംമുൻപ് കവർച്ച നടത്തിയെന്ന കുറ്റംചുമത്തിയാണ് കോയമ്പത്തൂർ സ്വദേശിനിയായ ജയ(23)യെ തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. എന്നാൽ ഇവർ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ദമ്പതിമാരാണ്.

ചുമട്ട് തൊഴിലാളികൾ അറിയിച്ചതിനെ തുടർന്നെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളെയും അച്ഛനെയും കോഴിക്കോട് സെയ്ന്റ് വിൻസെന്റ് ഹോമിലേക്കു മാറ്റുകയായിരുന്നു.കുട്ടികൾക്ക് കഫക്കെട്ടും കഠിനമായ പനിയുമായതിനാൽ തിരൂർ ഗവ. ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് പൊലീസ് വഴി തടഞ്ഞ് യുവതിയെ പിടികൂടിയത്. ഭാര്യയെ അന്വേഷിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ട് കുട്ടികളുമായി കരഞ്ഞുകൊണ്ട് അച്ഛൻ മാണിക്യം(35) ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചില ചുമട്ട് തൊഴിലാളികളും യാത്രക്കാരുമാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്.

'ഇതിനിടെ, കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കുട്ടികളെയും അച്ഛനെയും കണ്ട റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സിലെ കോൺസ്റ്റബിൾ എം. രാജൻ ആർ.പി.എഫ്. സ്റ്റേഷനിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോയി. ആർ.പി.എഫ്. ഇൻസ്‌പെക്ടർ വിനോദ് ജി. നായർ മെഡിക്കൽ കോളേജ് പൊലീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കിയതോടെയാണ് യുവതിയെ പൊലീസ് അറസ്റ്റുചെയ്തെന്ന് കാര്യം അറിയുന്നത്. തുടർന്ന് ആർ.പി.എഫ്. അധികൃതർ മെഡിക്കൽ കോളേജ് പൊലീസുമായി ബന്ധപ്പെട്ട് കുട്ടികളെ ഉടൻ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മക്കളായ കാർത്തിക, കാർത്തിക് എന്നിവരെ സിറ്റി വനിതാ പൊലീസ് ഏറ്റുവാങ്ങി ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ദമ്പതിമാരാണ് മാണിക്യവും ജയയും.

സംഭവം പുറത്തായെന്ന് മനസ്സിലാക്കിയ പൊലീസ് രക്ഷപ്പെടാനുള്ള കുതന്ത്രങ്ങൾ മെനയുകയാണ്. ഇതിന്റെ ഭാഗമായി, അമ്മയ്‌ക്കൊപ്പം രണ്ട് കുട്ടികളുണ്ടെന്ന വിവരം ചൊവ്വാഴ്ച കോടതിയെ രേഖാമൂലം അറിയിക്കാനുള്ള ശ്രമം ഇതിനകം തുടങ്ങി. സംഭവം സംബന്ധിച്ച് സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ വി എം. അബ്ദുൾ വഹാബ് സിറ്റി പൊലീസ് ചീഫ് കാളിരാജ് എസ്. മഹേഷ് കുമാറിന് റിപ്പോർട്ട് നൽകിയതായാണ് വിവരം.

അറസ്റ്റിനിടയിൽ പാലിക്കേണ്ട നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കാതെയാണ് മെഡിക്കൽ കോളേജ് പൊലീസ് അമ്മയെ അറസ്റ്റുചെയ്തു ജയിലിലടച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടിന്റെ ഉള്ളടക്കം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗുരുതരമായ നിയമലംഘനം നടത്തിയെന്നാണ് സിറ്റി പൊലീസ് ചീഫിന് നൽകിയ റിപ്പോർട്ട്.