- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏര്യാതലത്തിലെ അന്വേഷണം ജില്ലാ നേതാക്കളുടെ ഒത്തുകളി പുറത്തു വരുന്നില്ലെന്ന് ഉറപ്പിക്കാൻ; ആനാവൂരിനേയും ഷിജുഖാനേയും ചോദ്യം ചെയ്യാൻ 'ലോക്കൽ' നേതാക്കൾക്ക് കഴിയില്ല; ശിശുക്ഷേമ സമിതിയിലേക്കും പാർട്ടി അന്വേഷണം നീളില്ല; എല്ലാ കുറ്റവും അനുപമയുടെ തലയിൽ ചാരി ജയചന്ദ്രനേയും രക്ഷിച്ചെടുക്കും; സിപിഎം അന്വേഷണം തട്ടിപ്പോ?
തിരുവനന്തപുരം: പേരൂർക്കടയിലെ ദത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പേരൂർക്കട ഏര്യാ സെക്രട്ടറി രാജലാലും ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമസമിതി ജന. സെക്രട്ടറിയുമായ ഷിജുഖാനും പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ ഏര്യാ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണ കമ്മീഷൻ വെറും പ്രഹസനം. ജില്ലാ- ഏര്യാ തലങ്ങളിലെ പ്രമുഖരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഏര്യാതലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന അന്വേഷണമെന്നാണ് ആരോപണം.
ഏര്യാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് ഏര്യാ സെക്രട്ടറിയുടേയോ മേൽക്കമ്മിറ്റി അംഗങ്ങളുടെയോ പങ്ക് അന്വേഷിക്കാനുള്ള അധികാരമില്ല. ഈ പ്രശ്നത്തിൽ ആദ്യം മുതൽ തന്നെ ആരോപണവിധേയരാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പേരൂർക്കട ഏര്യാ സെക്രട്ടറി രാജലാലും. കുട്ടിയെ നഷ്ടപ്പെട്ട പരാതിയുമായി പോയ അനുപമയേയും അജിത്തിനേയും ഇരുവരും ഭീഷണിപ്പെടുത്തിയതായി അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പേരൂർക്കടയിൽ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഏര്യാ സെക്രട്ടറിയുടെ ഭീഷണി.
ഏര്യാ സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറിയുടെയും അറിവോടെയാണ് ജയചന്ദ്രൻ കുട്ടിയെ മാറ്റിയതെന്നും അനുപമയും അജിത്തും പരാതിപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതിയിൽ കുട്ടി എത്തിയതും അച്ഛനും അമ്മയും അറിയാതെ രേഖകളിൽ കുട്ടിയുടെ ലിംഗം മാറ്റി ഒളിപ്പിച്ചുവച്ചതും ജന. സെക്രട്ടറി കൂടിയായ ഷിജുഖാന്റെ കൂടി അറിവോടെയാണെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇവരെയൊക്കെ അന്വേഷണ പരിധിയിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള അന്വേഷണകമ്മീഷൻ പ്രഹസനമാകുന്നത്.
ചുരുക്കത്തിൽ നേതാക്കളുടെ പങ്ക് അന്വേഷിക്കണ്ടെന്നും അനുപമയുടെ അച്ഛൻ, ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ജയചന്ദ്രന്റെയും കൂട്ടുനിന്ന ആരോപണവിധേയരായ ബ്രാഞ്ച് സെക്രട്ടറിമാരുടെയും പാർട്ടി അംഗങ്ങളുടെയും പങ്ക് മാത്രം അന്വേഷിച്ചാൽ മതിയെന്നുമാണ് പാർട്ടി തീരുമാനം. അതിന്റെ ഭാഗമാണ് ഏര്യാ കമ്മിറ്റി നിയമിച്ച അന്വേഷണ കമ്മീഷൻ.
അതേസമയം ഏര്യാകമ്മിറ്റിയുടെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് അനുപമയുടെ പ്രതികരണം. ജില്ലാ സെക്രട്ടറി വരെ ആരോപണവിധേയനായ സംഭവത്തിൽ സംസ്ഥാനകമ്മിറ്റിയിൽ നിന്നും ഒരു മുതിർന്ന വനിതാഅംഗം ഉൾപ്പെട്ട കമ്മീഷൻ അന്വേഷണം നടത്തണമെന്നാണ് അവരുടെ ആവശ്യം. ആ കമ്മീഷൻ ഈ സംഭവത്തിൽ ജില്ലാ സെക്രട്ടറിയുടെയും ഏര്യാ സെക്രട്ടറിയുടെയും പങ്ക് വിശദമായി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ജയചന്ദ്രനെ താൽക്കാലികമായി മാറ്റിനിർത്തിയതും ഉചിതമായ ശിക്ഷാനടപടിയാണെന്ന അഭിപ്രായം അവർക്കില്ല.
ആറ് മാസം മുമ്പ് പരാതിയുമായി അനുപമയും അജിത്തും പൊലീസ് സ്റ്റേഷനുകളിലും ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അടക്കമുള്ള സ്ഥാപനങ്ങളിലും ജില്ലാ കമ്മിറ്റി ഓഫീസ് മുതൽ എകെജി സെന്റർ വരെയും കയറിഇറങ്ങിയിട്ടും ജയചന്ദ്രനൊപ്പമായിരുന്നു പാർട്ടിയും ഭരണകൂടവും. എന്നാൽ ദത്തെടുക്കൽ വിവാദം ആളികത്തുകയും നീതിക്ക് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം പൊതുജന മധ്യത്തിൽ മാധ്യമങ്ങൾ എത്തിക്കുകയും ചെയ്തതോടെയാണ് മുഖം രക്ഷിക്കൽ നടപടികളുമായി സർക്കാരിനും പാർട്ടിക്കും രംഗത്തിറങ്ങേണ്ടി വന്നത്. എന്നാൽ കേവലം ഏര്യാതല അന്വേഷണം നടത്തി പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനാണ് പാർട്ടി ശ്രമം എന്നാണ് വിമർശനം.
ആന്ധ്രയിൽ ദത്തു നൽകിയ കുഞ്ഞ് തന്റേതാണെന്ന അവകാശവാദം അനുപമ പലതവണ ഉയർത്തിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കോടതിയിൽ നൽകിയ പരാതിയിൽ ദത്ത് നടപടികൾ നിർത്തിവയ്ക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. അതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. അന്തിമവാദം നവംബർ ഒന്നിന് കേൾക്കാനിരിക്കെയാണ് സിപിഎം ഏര്യാ കമ്മിറ്റി പാർട്ടി കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ