- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞാൻ തെറ്റുകാരനായിരുന്നു എങ്കിൽ ബസിലുണ്ടായിരുന്ന യാത്രക്കാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും എന്നെ വെറുതെ വിടുമായിരുന്നോ? അവരെല്ലാം കൂടി എന്നെ ഇടിച്ചു നാശമാക്കിയേനെ; 'ജയൻ സ്റ്റൈലിൽ' മാസ് മറുപടിയുമായി ജയനാശാൻ; പിന്നിൽ രാഷ്ട്രീയ പകപോക്കൽ
കോട്ടയം: വിശദീകരണം ചോദിക്കാതെയാണ് തന്നെ ജോലിയിൽ നിന്നും മാറ്റി നിർത്തിയതെന്നും കുറ്റം ചെയ്യാത്ത തന്നെ രാഷ്ട്രീയ പക പോക്കലിന്റെ പേരിലാണ് സസ്പെന്റ് ചെയ്തതെന്നും ഈരാറ്റു പേട്ട കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ മറുനാടനോട് പറഞ്ഞു. വെള്ളക്കെട്ടിൽ നിന്നും യാത്രക്കാരെ സാഹസികമായി രക്ഷിച്ച തന്നെ ചില രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് ജോലിയിൽ നിന്നും താൽക്കാലികമായി പുറത്താക്കിയിരിക്കുന്നത്. കണ്ടക്ടറും യാത്രക്കാരും ബസ് മുന്നോട്ടെടുക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് മുന്നോട്ട് പോയത്. എന്നാൽ അമിതമായി വെള്ളം റോഡിലേക്ക് കുതിച്ചെത്തുകയും ബസിനുള്ളിലേക്ക് വെള്ളം കയറി നിന്നു പോകുകയുമായിരുന്നു. വളരെ പാടു പെട്ട് പവർ സ്റ്റിയറിങ് തിരിച്ച് വാഹനം തൊട്ടടുത്ത പള്ളിയുടെ വശത്തേക്ക് അടുപ്പിച്ച് നിർത്തി. യാത്രക്കാരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തിറക്കി. ഇതാണ് അവിടെയുണ്ടായത്. എന്നാൽ എന്നെ പിന്നീട് ബലിയാടാക്കുകയായിരുന്നു എന്നും ജയദീപ് പറയുന്നു. ഈരാറ്റുപേട്ട ഐ.എൻ.ടി.യു.സിയുടെ പ്രസിഡന്റാണ് ജയദീപ്. രാഷ്ട്രീയപരമായി ചില പ്രശ്നങ്ങൾ അവിടെയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വീണു കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് ജയദീപിന്റെ വാദം.
ഞാൻ തെറ്റു കാരനായിരുന്നു എങ്കിൽ ബസിലുണ്ടായിരുന്ന യാത്രക്കാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും എന്നെ വെറുതെ വിടുമായിരുന്നോ? അവരെല്ലാം കൂടി എന്നെ ഇടിച്ചു നാശമാക്കിയേനെ. ബസെടുക്കുമ്പോൾ വെള്ളം കുറവായിരുന്നു. എന്നാൽ മുന്നോട്ട് പോകുമ്പോഴേക്കും വെള്ളം കൂടി. അങ്ങനെയാണ് ബസ് നിന്നു പോയത്. 14 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. അവരെല്ലാം നിലവിളിക്കാൻ തുടങ്ങി. നിങ്ങളാരും പേടിക്കണ്ട, ഈ ജയനാശാൻ സുരക്ഷിതമായി നിങ്ങളെ പുറത്തിറക്കും എന്ന് ആശ്വസിപ്പിച്ചു. ബസ് നിന്നു പോയെങ്കിലും ക്ലച്ച് പെഡൽ ചവിട്ടി വാഹനം മുന്നോട്ട് ഉരുട്ടി പള്ളിമുറ്റത്തേക്ക് അടുപ്പിച്ചു. അപ്പോൾ സമീപ വാസികൾ എത്തി അവരെ മതിലിനു മുകളിൽ കൂടി പള്ളിയിലേക്ക് എടുത്ത് കയറ്റി. പിന്നീട് നാട്ടുകാർ വടം കെട്ടി ബസ് പള്ളിമുറ്റത്തേക്ക് വലിച്ചു കയറ്റുകയായിരുന്നു. ഒരാൾ പോലും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചില്ല. എനിക്ക് ഭക്ഷണവും വിശ്രമിക്കാൻ സൗകര്യവും തന്നു. പിന്നീട് മെക്കാനിക്കെത്തി വാഹനം ഡിപ്പോയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.
എന്റെ യാത്രക്കാരെ എന്റെ ജീവൻ പണയപ്പെടുത്തിയിട്ടാണെങ്കിലും രക്ഷിക്കാൻ തയ്യാറായാണ് വാഹനം ഓടിച്ചത്. അല്ലെങ്കിൽ വെള്ളം കയറിയപ്പോൾ എനിക്ക് ചാടി രക്ഷപ്പെടാമായിരുന്നു. എന്റെ തന്നിഷ്ട പ്രകാരമല്ല വാഹനം മുന്നോട്ടെടുത്തത്. തന്നിഷ്ട പ്രകാരം ആയിരുന്നെങ്കിൽ യാത്രക്കാരും കണ്ടക്ടറുമടക്കം എന്നെ അടിച്ചേനെ. ഒരു നാട്ടുകാരനും ഞാൻ അനാവശ്യമായി വാഹനം മുന്നോട്ടെടുത്തതാണെന്ന് പറഞ്ഞില്ല. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അവർ എന്നെ കൈവെച്ചേനെ. അതൊന്നുമുണ്ടായില്ല. യാത്രക്കാരും പറഞ്ഞു മുന്നോട്ട് പോകാമെന്ന്. ബസിനേക്കാൾ ചെറിയ വണ്ടികൾ അതിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. അതിനേക്കാൾ വലിയ വണ്ടിയാണ് നമ്മുടേത്. ഒരു കുഴപ്പമില്ലെന്ന് യാത്രക്കാർ പറഞ്ഞതോടെയാണ് മുന്നോട്ടെടുത്തത്.
എന്നാൽ വെള്ളത്തിലേക്ക് കടന്നപ്പോഴേക്കും എതിരെ ഒരു വാഹനം വരികയും ബസിന്റെ എഞ്ചിൻ നിന്നുപോകുകയും ചെയ്തു. പിന്നീട് ക്ലച്ച് ചവിട്ടിയതോടെ നൂട്രലായി വണ്ടി മുന്നോട്ട് നീങ്ങിക്കിട്ടി. വെള്ളം കൂടിക്കൂടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും കരയ്ക്കെത്തിച്ചില്ലെങ്കിൽ അപകടമാണെന്ന് മനസ്സിലാക്കി. ഇതോടെയാണ് മുന്നിൽ കണ്ട പള്ളിയുടെ കവാടം ലക്ഷ്യമാക്കി നീങ്ങിയത്. എന്നാൽ അങ്ങോട്ടേക്ക് എത്തുന്നതിന് മുമ്പേ ബസ് ഉരുളുന്നത് നിന്നു. അപ്പോഴേക്കും നാട്ടുകാർ ഓടിയെത്തി യാത്രക്കാരെ എല്ലാം രക്ഷപ്പെടുത്തി. പിന്നീട് ബസും കരയ്ക്കു കയറ്റി. അവിടെ നിരവധി പേർ വീഡിയോ പിടിക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു. വെള്ളം വേണോ ചായവേണോ വീട്ടിൽ വന്ന് ഉണ്ണണോ എന്നൊക്കെയാണ് നാട്ടുകാർ ചോദിച്ചത്. ; ജയദീപ് പറയുന്നു.
എന്നാൽ വൈകുന്നേരത്തോടുകൂടി മന്ത്രി എന്നെ സസ്പെന്റ് ചെയ്തു എന്ന വാർത്തയാണ് അറിയുന്നത്. 14 പേരുടെ ജീവൻ രക്ഷിച്ച എന്നെ എന്തിനാണ് സസ്പെന്റ് ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല. അതേസമയം സോഷ്യൽ മീഡിയയിൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കണ്ടു. അവരോട് പറയാൻ എനിക്ക് ഒരു കാര്യമേയുള്ളൂ. ബസ് കണ്ടക്ടർ പറഞ്ഞിട്ടാണ് ഞാൻ മുന്നോട്ട് പോയത്. അത് വ്യക്തമാകുന്ന ബസിനുള്ളിൽ നിന്നുള്ള ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഞാൻ പ്രശ്നമാകുമോ എന്നും ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാര്യമറിയാതെയാണ് എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നത്. ഒരിക്കലും ഞാൻ ഹീറോ ആകാൻ വേണ്ടിയുമല്ല അങ്ങനെ വാഹനം ഓടിച്ചത് എന്നും ജയദീപ് പറഞ്ഞു.
പണം നേടാൻ വേണ്ടിയല്ല ഞാൻ ജോലിക്ക് പോകുന്നത്. ഒരു ത്രില്ലിനാണ് ബസോടിക്കുന്നത്. കസിൻസിന് പണ്ട് ബസുണ്ടായിരുന്നു. അതോടിച്ച് ത്രില്ലടിച്ചാണ് കെ.എസ്.ആർ.ടി.സിയിൽ ജോലി നേടിയത്. പണത്തിന് വേണ്ടി ഓവർഡ്യൂട്ടിയൊന്നും ചെയ്യാറില്ല. വളരെ ശ്രദ്ധിച്ചാണ് ജോലി കൈകാര്യം ചെയ്തിരുന്നത്. ഈ പന്ത്രണ്ട് വർഷത്തിനിടയിൽ ഇന്നുവരെ കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടാക്കിയതിന്റെ പേരിൽ നൂറ് രൂപ പോലും അടച്ചിട്ടില്ല. യാത്രക്കാരുമായിട്ടും പ്രശ്നം ഉണ്ടാക്കിയിട്ടില്ല എന്നും ജയദീപ് വ്യക്തമാക്കുന്നു.
അതേ സമയം ജയദീപ് സസ്പെൻഷൻ കാലം അടിച്ചു പൊളിക്കുകയാണ്. ലീവ് ചോദിച്ചാൽ കിട്ടാൻ പാടായിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യത്തിന് സമയം കിട്ടി എന്നാണ് ജയദീപ് പറയുന്നത്. അനാവശ്യമായി ഒരു ലീവ് പോലും എടുത്തിട്ടില്ല. അമ്മ പ്രായമായി രോഗാവസ്ഥയിൽ കിടക്കയിലാണ്. പലപ്പോഴും അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകാനായിരുന്നു അവധി ചോദിച്ചിരുന്നത്. എന്നാൽ ഡ്രൈവർ ക്ഷാമമാണ് എന്ന് പറഞ്ഞ് പലപ്പോഴും അവധി നിഷേധിച്ചിരുന്നു. ഇപ്പോൾ അമ്മയെ പരിചരിക്കാൻ ആവശ്യം പോലെ സമയമുണ്ട്.
ജയന്റെ കടുത്ത ആരാധകനായ ജയദീപ് സ്വന്തം വീടിരിക്കുന്ന സ്ഥലത്തിന് ജയൻ നഗർ എന്നാണ് പേരിട്ടിരിക്കുന്നത്. ജയന്റെ വസ്ത്ര ധാരണവും ശബ്ദവും അനുകരിച്ച് സോഷ്യൽ മീഡിയയിലും താരമാണ്. ഇപ്പോൾ അവധിക്കാലം ആസ്വദിക്കുകയാണ്. തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ആഗ്രഹം. ജോലിയില്ലെങ്കിലും ജീവിക്കാനുള്ള ചുറ്റുപാടുണ്ട്. ജാതിയും റബ്ബറും അടക്കയുമൊക്കെ കൃഷിയുണ്ട്. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സ്ഫടികം 2 എന്ന സിനിമയിൽ എഎസ്ഐയുടെ റോളാണ് ചെയ്യുന്നത്. ഉടൻ തന്നെ ചിത്രം പൂർത്തിയായി തീയേറ്ററിലെത്തും.
സോഷ്യൽ മീഡിയയിൽ കെ.എസ്.ആർ.ടി.സിക്കെതിരെ പ്രതികരിച്ചതിനുള്ള മറുപടി ഇങ്ങനെയായിരുന്നു; ഇങ്ങനെ പ്രതികരിച്ചതിന്റെ പേരിൽ ജോലി പോകുമെന്ന ഒരു പേടിയും എനിക്കില്ല. എന്റെ ജീവിതം ഭദ്രമാണ്. നാളെയെ കുറിച്ച് ഒരു പേടിയുമില്ല. അഞ്ചേക്കർ സ്ഥലമുണ്ട്. അച്ഛനും അമ്മയ്ക്കും പെൻഷനുണ്ട്. സഹോദരിമാർ അമേരിക്കയിലാണ്. അവർ എന്നെ നിരന്തരം വിളിക്കുന്നുണ്ട്. എല്ലാ മാസവും അവർ എനിക്ക് പണം അയച്ചു തരുന്നുണ്ട്. മക്കളുടെ കാര്യവും അവരാണ് നോക്കുന്നത്. ഭാര്യക്ക് ജോലിയൊന്നുമില്ല. അവളുടെ സഹോദരങ്ങളും വിദേശത്താണ്. ഒന്നിനും ഒരു കുറവും അവർ വരുത്താറില്ല.