കൊച്ചി: കർശനമായ നിലപാടിലുടെ ഭരണകക്ഷികളുടെ കണ്ണിലെ കരടായി സർവ്വീസ് ഉൾപ്പടെ അനിശ്ചിതത്വത്തിലായ സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ കോടതിയുടെ പിന്തുണ.മരട് ഫ്‌ളാറ്റ് വിഷയത്തിലുൾപ്പടെ കർശന നിലപാട് സ്വീകരിച്ച നഗരസഭാ സെക്രട്ടറി എസ് ജയകുമാറിനാണ് വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ നീതി ലഭിക്കുന്നത്.

വിവിധ കാലങ്ങളിലായി തന്നെ അകാരണമായി സസ്‌പെൻഡ് ചെയ്യുകയും തനിക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ എല്ലാം തന്നെ തടഞ്ഞുവെക്കുകയും ചെയ്‌തെന്ന് കാണിച്ച് ജയകുമാർ നൽകിയ ഹർജി പരിഗണിച്ച വിജിലൻസ് കോടതി അജയകുമാറിന്റെ വാദങ്ങൾ ശരിവെക്കുകയും അദ്ദേഹത്തിന് അനുകൂലമായി ഉത്തരവ് ഉണ്ടാവുകയുമായിരുന്നു. കേസിലെ അന്തിമ വിധി ഇ മാസം 22 ന് പ്രസ്താവിക്കും.

ഇപ്പോഴും സസ്‌പെൻഷനിൽ തുടരുന്ന ഇദ്ദേഹത്തിന് അകാരണമായി തടഞ്ഞുവെച്ച എല്ലാ ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണം എന്നുമാണ് ഇപ്പോൾ ഉത്തരവുണ്ടായിരിക്കുന്നത്.ഇദ്ദേഹത്തിന് എതിരായി ഹർജ്ജി വല്ലതും സമർപ്പിരക്കാനുണ്ടെങ്കിൽ 22 ന് മുൻപ് വേണമെന്നും അല്ലാത്ത പക്ഷം 22 ന് കേസിൽ അന്തിമ വിധി പ്രസ്താവിക്കുമെന്നുമാണ് കോടതിയുടെ ഉത്തരവ്.

കണ്ണിലെ കരടായത് മരടിലൂടെ

2011 ഡിസംബർ 26 മുതൽ 2012 ജൂൺ 20 വരെ മരട് നഗരസഭ സെക്രട്ടറിയായിരിക്കെയാണ് ജയകുമാർ ഭരണവർഗത്തിന്റെ കണ്ണിലെ കരടാകുന്നത്. ഈ കാലയളവിലാണ് മരട് ഫ്‌ളാറ്റിന്റെ നിർമ്മാണം അനധികൃതമാണെന്നും സമുഛയം പൊളിച്ചു നീക്കണമെന്നും സെക്രട്ടറിയായ ജയകുമാർ ഉത്തരവിടുന്നത്.ഇതോടെ സ്ഥലം മാറ്റിയാണ് ഇദ്ദേഹത്തോടെ പ്രതികാര നടപടികൾ തുടങ്ങുന്നത്. രാഷ്ട്രീയ ഇടപെടലിനു പുറമെ പല പ്രബലന്മാരും കൂടി ഇദ്ദേഹത്തിന് ശത്രുക്കളായതോടെ പിന്നടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സ്ഥലം മാറ്റവും സസ്‌പെൻഷനുമൊക്കെയായി സംഭവ ബഹുലമായിരുന്നു ജയകുമാറിന്റെ സർവ്വീസ്.


കൊച്ചിയിൽ വൻകിട ഹോട്ടലുകളിലെ റെയ്ഡിന് നേതൃത്വം നൽകിയെന്ന് കാണിച്ച് ഇദ്ദേഹത്തെ വീണ്ടും സ്ഥലം മാറ്റി. പ്രതികാര നടപടികൾ തുടർന്നപ്പോഴും തന്റെ ജോലിയിൽ അഴിമതിയുടെ കറപുരളാതെ നോക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. ഒടുവിൽ 2019 ഒക്ടോബർ 28 മുതൽ 2020 ജനുവരി 13 വരെ സെക്രട്ടറിയായി ജോലി ചെയ്ത മഞ്ചേരി വില്ലേജിലെ നടപടിയെത്തുടർന്നാണ് ഇദ്ദേഹത്തെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

വ്യാജപരാതി ചമച്ചായിരുന്നു ഇദ്ദേഹത്തനെ സസ്‌പെൻഡ് ചെയ്തത്.2017 മാർച്ച് 25 മുതൽ 2018 മെയ് 3 വരെ ഇദ്ദേഹം ജോലി ചെയ്ത തിരൂരങ്ങടായിൽ ഇദ്ദേഹം തണ്ണീർത്തട നിയമങ്ങൾ ലംഘിച്ച് കെട്ടിടത്തിന് അനുമതി നൽകി എന്നു കാണിച്ചാണ് ഇദ്ദേഹത്തിനെതിരായി നടപടി സ്വീകരിച്ചത്.ഇതിനുപുറമെ 2005 മുതൽ ഇദ്ദേഹത്തിന് ലഭിക്കാനുള്ള യാതൊരുവിധ ആനൂകൂല്യങ്ങളും നൽകിയിട്ടുമില്ല.

താൻ ശരിയായ വഴിയിലൂടെ മാത്രമെ പ്രവർത്തിച്ചിട്ടുള്ളുവെന്നും സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ എം ശിവശങ്കരനെ രക്ഷിക്കാൻ മനപ്പൂർവ്വം തന്നെ ബലിയാടാക്കുകകയായിരുന്നുവെന്നുമാണ് ജയകുമാർ പറയുന്നത്. തനിക്കെതിരെ ആരോപിച്ച അഴിമതി അന്നത്തെ സ്ഥലം ജില്ലാ കലക്ടർ ആയിരുന്ന എം ശിവശങ്കരൻ നേരിട്ടാണ് കെട്ടിടത്തിന് അനുമതി നൽകിയതെന്നുമാണ് ജയകുമാർ പറയുന്നത്.

ഒരുപാട് സഹിച്ചു ഒടുവിൽ കോടതിയിലേക്ക്

നേരായ വഴിയിൽ ജോലി ചെയ്തതുകൊണ്ട് മാത്രം ഉണ്ടായ പ്രതികാര നടപടിയിൽ പൊറുതിമുട്ടിയാണ് ഒടുവിൽ ഇദ്ദേഹം നിയമവഴിയിലേക്ക് എത്തുന്നത്. മരട് വിഷയത്തിൽ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് ശരിയാണെന്ന് കാണിച്ച് ഫ്‌ളാറ്റ് പൊളിച്ച് മാറ്റണമെന്ന് വിധി വന്നതോടെയാണ് തനിക്കെതിരെ പ്രതികാര നടപടി രൂക്ഷമായതെന്ന് ജയകുമാർ പറയുന്നു.

മഞ്ചേരിയിലെ കെട്ടിട നിർമ്മണ അഴിമതി തന്റെ മേൽ അടിച്ചേൽപ്പിക്കുന്നതും സസ്‌പെൻഡ് ചെയ്യുന്നതിനും ഇതിന് ശേഷമാണെന്നും ജയകുമാർ വ്യക്തമാക്കുന്നു.ഇതിനെതിരെയാണ് അകാരണമായി തന്നെ സസ്‌പെൻഡ് ചെയ്‌തെന്നും നിഷേധിച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും കാണിച്ച് ഇദ്ദേഹം വിജിലൻസ് കോടതിയെ സമീപിക്കുന്നത്.

തിരൂരങ്ങാടി വില്ലേജിൽ വിവാദമായ കെട്ടിടത്തിന് അനുമതി നൽകിയത് താൻ അല്ലെന്നും അന്നത്തെ ജില്ലാ കലക്ടർ കൂടിയായ എം ശിവശങ്കരൻ നേരിട്ടാണ് കെട്ടിടത്തിന് അനുമതി നൽകിയത് എന്ന് തെളിയിക്കുന്നതുൾപ്പടെയുള്ള വിശദമായ രേഖകളും സഹിതമാണ് ഇദ്ദേഹം ഹർജി സമർപ്പിച്ചത്.അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പടെ 9 പേരെ എതിർ കക്ഷികളാക്കിയാണ് ഇദ്ദേഹം ഹർജ്ജി സമർപ്പിച്ചത്.കോടതിയുടെ പരിശോധനയിൽ ഇദ്ദേഹത്തിന്റെ വാദം ശരിയാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

പ്രമോഷൻ അടക്കം തടഞ്ഞുവച്ച ഇദ്ദേഹത്തിന്റെ ആനുകൂല്യങ്ങൾ എല്ലാം തന്നെ ഉടൻ വിതരണം ചെയ്യണമെന്നാണ് നിലവിൽ ഉത്തരവായിരിക്കുന്നത്. എതിർകക്ഷികൾക്ക് ഹർജ്ജി ഫയൽ ചെയ്യുന്നതിനായി ഈ മാസം 22 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം കേസിൽ അന്തിമ വിധി 22 ന് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി