ചെന്നൈ: ഭരണം നിലനിർത്തിയാൽ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത. ഘട്ടം ഘട്ടമായി ബാറുകൾ പൂട്ടിയാവും മദ്യനിരോധനം നടപ്പിലാക്കുകയെന്നും ജയലളിത വ്യക്തമാക്കി. ചെന്നൈയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ചെന്നൈയിലെ ആർ.കെ.നഗർ നിയോജകമണ്ഡലത്തിൽ നിന്നാണ് ജയലളിത മത്സരിക്കുന്നത്.

കരുണാനിധി സർക്കാരിന്റെ ഭരണകാലത്താണ് തമിഴ്‌നാട്ടിൽ മദ്യഉപഭോഗം കുത്തനെ കൂടിയത്, ആ കരുണാനിധിയാണ് ഇപ്പോൾ സംസ്ഥാനത്ത് മദ്യനിരോധനം ആവശ്യപ്പെടുന്നതെന്ന് ജയലളിത വിമർശിച്ചു. അഞ്ച് വർഷത്തെ എ.ഐ.ഡി.എം.കെ ഭരണത്തിൽ തമിഴ്‌നാട് വൻകുതിപ്പ് നടത്തിയെന്ന് അവകാശപ്പെട്ട ജയലളിത ജനങ്ങൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളുള്ള ജയലളിത തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകില്ലെന്നായിരുന്നു അഭ്യൂഹം. ഇതിന് വിരാമമിട്ടാണ് ജയലളിത പ്രചരണത്തിന് എത്തിയത്.

ബീഹാറിൽ ഈയിടെയാണ് സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കിയത്. നിതീഷിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. വാശിയേറിയ പോരാട്ടത്തിൽ നികേഷ് അധികാരത്തിൽ തിരിച്ചെത്തിയ ആവേശത്തിലാണ് ജയലളിതയും മദ്യനിരോധനം പ്രചരണ വിഷയമാക്കുന്നത്.