കോട്ടയം: മുല്ലപ്പെരിയാർ വെള്ളം ഉപയോഗിച്ച് തമിഴ്‌നാട്ടിൽ ഭൂമി വാങ്ങിക്കൂട്ടി മുന്തിരിവിളയിച്ചും പച്ചക്കറി കൃഷിചെയ്തും തെങ്ങിൻതോപ്പുവളർത്തിയും പണമുണ്ടാക്കുന്ന കേരള നേതാക്കളെപ്പറ്റി സമ്പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. കേരളത്തിൽ മുല്ലപ്പെരിയാർ വിഷയം വീണ്ടും വിവാദമാകുന്ന സാഹചര്യത്തിലാണ് ബിനാമി പേരിലുൾപ്പെടെ തമിഴ്‌നാട്ടിൽ ഭൂമിവാങ്ങി കൃഷിചെയ്യുന്ന കേരള രാഷ്ട്രീയ നേതാക്കളുടെ വിവരം ശേഖരിക്കാൻ ജയലളിത നിർദ്ദേശം നൽകിയിട്ടുള്ളത്.

ഇപ്പോൾ തങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന എൽഡിഎഫിനെ സഹായിക്കാനായി യുഡിഎഫ് നേതാക്കളുടെ ഭൂമിവിവരം പുറത്തുവിടാനാണ് ജയലളിതയുടെ നീക്കമെന്നാണ് സൂചനകൾ. 200 ഏക്കർ സ്വന്തമായുള്ള ഒരു മുന്മന്ത്രിയുടെ വിവരമുൾപ്പെടെ എല്ലാ നേതാക്കളുടേയും ഭൂമിയെപ്പറ്റി വിശദമായ കണക്കെടുക്കാനാണ് ജയലളിതയുടെ പുതിയ ഉത്തരവ്. മുല്ലപ്പെരിയാർ വെള്ളം കൃഷിയിടങ്ങളിൽ നനവുപകരുന്ന തേനി, മധുര, രാമനാഥപുരം, ദിണ്ടിഗൽ, ശിവഗംഗ ജില്ലകളിലെ കളക്ടർമാർക്ക് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു.

അടിയന്തിരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നേതാക്കന്മാർക്കു പുറമെ സ്ഥലം വാങ്ങിയും പാട്ടത്തിനെടുത്തും നിരവധി മലയാളികൾ ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഇനംതിരിച്ചുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മുമ്പും മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൽ നിന്ന് എതിർപ്പു ശക്തമായപ്പോൾ ജയലളിത ഇത്തരമൊരു നീക്കം നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ നേതാക്കളുടെ വായടയ്ക്കാനും ഇതേ തന്ത്രം പ്രയോഗിച്ചിരുന്ന ജയലളിത കേരള നേതാക്കളെയും അതേ അസ്ത്രം പ്രയോഗിച്ച് വീഴ്‌ത്താമെന്ന ധാരണയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ 2011ലും ജയലളിത ഇതേ തന്ത്രവുമായി എത്തിയിരുന്നു. മുല്ലപ്പെരിയാർ വിഷയം മിണ്ടാതിരിക്കാൻ തമിഴ്‌നാടിന്റെ പണംപറ്റിയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പുറത്തുവിടുമെന്നായിരുന്നു അന്ന് ജയലളിതയുടെ ഭീഷണി. മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാട് പ്രതിരോധത്തിലായപ്പോഴായിരുന്നു അന്ന് വര്ഷതങ്ങളായി പാരിതോഷികം പറ്റി തങ്ങളുടെ താല്പാര്യത്തിനു കൂട്ടുനിന്ന കേരള രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കണക്കെടുക്കാൻ ജയ നീക്കം തുടങ്ങിയത്. ഇപ്പോഴും അതേ തന്ത്രം പൊടിതട്ടിയെടുക്കുകയാണ് ജയ.

ഇടതുവലത് ഭേദമില്ലാതെ കേരളത്തിലെ മുൻ മന്ത്രിമാരും ഉന്നത രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധി പേർക്ക് സ്വന്തംപേരിലും ബിനാമി പേരുകളിലും തമിഴ്‌നാട്ടിൽ ഭൂമിയുണ്ട്. മുല്ലപ്പെരിയാർ വെള്ളമെത്തുന്ന പ്രദേശങ്ങളിൽ കേരളത്തിലെ ഉന്നതർ തെങ്ങിൻ തോപ്പുകളും മുന്തിരിത്തോപ്പുകളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. കൊടൈക്കനാലിൽ കേരളത്തിലെ മുൻ കേന്ദ്ര മന്ത്രിയുടെ മകനും സുഹൃത്തുകളും ഭൂമി വാങ്ങിയിട്ടുണ്ട്. മറ്റൊരു മുന്മന്ത്രി 200 ഏക്കറോളം മുന്തിരി തോട്ടം ബന്ധുക്കളുടെ പേരിൽ സ്വന്തമാക്കിയത് നേരത്തെ തന്നെ വിവാദമായിട്ടുണ്ട്.

കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതിയ ഡാമിനായി സജീവമായി സമരംചെയ്തത് എൽഡിഎഫ് ആയിരുന്നു. എന്നാൽ ഭരണത്തിലെത്തിയപ്പോൾ അവർ നയം മയപ്പെടുത്തിയതിനെ തമിഴ്‌നാട് സ്വാഗതം ചെയ്‌തെങ്കിലും ഇനി ഇതിനെതിരെ യുഡിഎഫ് സമരവുമായി എത്തുന്നത് തുടക്കത്തിലേ തടയാനുദ്ദേശിച്ചാണ് നേതാക്കൾക്കുൾപ്പെടെ തമിഴ്‌നാട്ടിലുള്ള ഭൂമിയെപ്പറ്റി അന്വേഷണം നടത്താൻ ജയലളിത നീക്കം നടത്തുന്നത്. കേന്ദ്രത്തിൽ അധികാരത്തിലുള്ളതിനാൽ ബിജെപിയിൽ നിന്ന് ജയലളിത കാര്യമായ എതിർപ്പ് പ്രതീക്ഷിക്കുന്നില്ല. അതിനാൽ യുഡിഎഫ് നേതാക്കൾക്കെതിരെയായിരിക്കും ജയലളിത കാര്യമായി നീങ്ങുക. കേരളത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കൾക്ക് തമിഴ്‌നാട്ടിൽ ഭൂമി ഉണ്ട്. എങ്കിലും കൂടുതൽ ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത് യു.ഡി.എഫ്. നേതാക്കളാണ്. അതിനാൽ പുതിയ കണക്കെടുപ്പ് യു.ഡി.എഫുകാരെ വിരട്ടാനാണെന്ന് വ്യക്തം.

രാഷ്ട്രീയക്കാർക്കു പുറമെ കേരളത്തിൽ പല ഉന്നത ഉദ്യോഗസ്ഥർക്കും പണമായും അല്ലാതെയും കാലങ്ങളായി പാരിതോഷികം നൽകിവന്നിരുന്നതായി വർഷങ്ങൾക്കുമുമ്പേ തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ തങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള പ്രതിഫലമായിരുന്നു ഇത്. തേനിയിലും മധുരയിലും രാമനാഥപുരത്തും ഇത്തരത്തിൽ കേരള നേതാക്കളും ചില മുതിർന്ന ഉദ്യോഗസ്ഥരും സമ്പാദിച്ചതു നൂറുകണക്കിനേക്കറാണ്.

എറണാകുളം ജില്ലയിലെ ഒരു എംഎ‍ൽഎയ്ക്കു തേനി ജില്ലയിലെ മേഘമലയിൽ 300 ഏക്കർ, ജലസേചന വകുപ്പിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ പേരിൽ ചിന്നമന്നൂരിൽ 120 ഏക്കർ, നേരത്തേ സമരരംഗത്തു സജീവമായിനിന്ന ഇടതു നേതാവിന്റെ ഡ്രൈവറുടെ പേരിൽ കമ്പത്തിനടുത്ത് ഉത്തമപാളയത്തിൽ 60 ഏക്കർ എന്നിങ്ങനെ പുറത്തുവന്ന വിവരങ്ങൾ കുറച്ചുമാത്രം. മുതിർന്ന നേതാക്കൾക്കു പുറമെ കട്ടപ്പന, കുമളി മേഖലകളിലെ പ്രാദേശിക നേതാക്കൾക്കും മുല്ലപ്പെരിയാറിന്റെ പേരിൽ തമിഴ്‌നാട് ഭൂമി നൽകിയതായാണ് വിവരം. കോതമംഗലം സ്വദേശിയായ കോൺട്രാക്ടറുടെ പേരിൽ തേനിയിൽ നൂറേക്കറിലേറെ ഭൂമിയുള്ളത് ഒരു പ്രമുഖ നേതാവിന്റെ ബിനാമി ഭൂമിയാണെന്നതും പരസ്യമായ രഹസ്യം.

തമിഴ്‌നാട്ടിലെ അഞ്ച് അതിരത്തി ജില്ലകളിൽ കൃഷി നടക്കുന്നത് കേരളത്തിന്റെ വെള്ളം ഉപയോഗിച്ചാണെങ്കിലും അതിൽ ഭൂരിഭാഗം വിളനിലങ്ങളും മലയാളി നേതാക്കളുടേതാണെന്ന ആരോപണം നേരത്തേ മുതൽത്തന്നെ വൈകോ അടക്കമുള്ള തമിഴ്‌നേതാക്കൾ ആരോപിച്ചിരുന്നു. അണക്കെട്ടിൽ ബലക്ഷയം ഉണ്ടെന്ന വാർത്ത വന്നതിനെ തുടർന്ന് 1979 മുതൽ 1993 വരെ നീണ്ട അറ്റകുറ്റപ്പണികൾ തമിഴ്‌നാട് നടത്തിയിരുന്നു. ഇക്കാലയളവിൽ കേരളത്തിലെ പല നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ഭൂമിയുൾപ്പെടെ നിരവധി തവണ പാരിതോഷികങ്ങൾ നൽകിയെന്നാണ് തമിഴ്‌നാട് വാദം.