ഇടുക്കി: പെമ്പിളൈ ഒരുമൈയും അൻവർ ബാലശിങ്കവും ഉഴുതുമറിച്ച കേരളത്തിലെ മൂന്നാറിലെ തോട്ടംഭൂമിയിൽ വിത്തിറക്കാൻ പുരൈട്ചി തലൈവി ജയലളിതയുടെ പാർട്ടി രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആറു ഗ്രാമപഞ്ചായത്തംഗങ്ങളെ വിജയിപ്പിച്ചെടുത്ത എ ഐ എ. ഡി. എം. കെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ മത്സരത്തിനുള്ള ഒരുക്കങ്ങളിലാണ്. പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനെ തങ്ങളുടെ പാളയത്തിലേയ്ക്ക് എത്തിക്കാനുള്ള തീവ്രശ്രമവും പാർട്ടി ആരംഭിച്ചു. ദേവികുളം, പീരുമേട് താലൂക്കുകളെ തമിഴ്‌നാട്ടിലേയ്ക്ക് തിരികെ കൊണ്ടുപോകാനുള്ള നീക്കങ്ങൾക്ക് ശക്തി പകരുന്നതാണ് എ ഐ എ. ഡി. എം. കെയുടെ ശ്രമമമെന്നു പൊലിസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.

കേരളത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുടെ ആറു സ്ഥാനാർത്ഥികൾ ജയിച്ചത് പാർട്ടിക്ക് ലഭിച്ച ദീപാവലി മധുരമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രതികരണം. തമിഴ്‌നാടിന് പുറത്തേക്കും അണ്ണാ ഡിഎംകെയുടെ വിജയം വ്യാപിക്കുകയാണ്. അണ്ണാ ഡിഎംകെയുടെ ചരിത്രത്തിൽ പുതിയ കാൽവെപ്പാണിത്. ജയലളിത പറയുന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 9 സ്ഥാനര്തികളെ എഐഎഡിഎംകെ നിർത്തിയപ്പോൾ അതിൽ ആറു പേർ വിജയിച്ചു. ജയിച്ച അഞ്ചുപേരും പേരും വനിതകളാണ് എന്നതിൽ സന്തോഷമുണ്ടെന്നും ജയളിത പറഞ്ഞു. ഇതിന്റെ തുടർച്ചയാണ് ഇടുക്കിയിലെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ.

മൂന്നാർ സമരത്തിലൂടെ ഹീറോയിൻ പരിവേഷം നേടിയ ഗോമതി അഗസ്റ്റിൻ ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ നല്ലതണ്ണി ഡിവിഷനിൽനിന്നു മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതും കേരളത്തിലെ രാഷ്ട്രീയശക്തികളെ നിഷ്പ്രഭമാക്കി തമിഴ്‌തോട്ടം തൊഴിലാളികൾ ഒറ്റക്കെട്ടായി നടത്തി വിജയിച്ച സമരവുമാണ് തങ്ങളുടെ വളർച്ചയ്ക്ക് അനുഗുണമായ മണ്ണായി ഇടുക്കിയെ കാണാൻ ജയലളിതയുടെ പാർട്ടിയെ പ്രേരിപ്പിക്കുന്നത്. ബാലശിങ്കമെന്ന തമിഴ് തീവ്രവാദ നേതാവിന്റെ ഒറ്റയാൾ പ്രകടനവും അതുയർത്തിയ അലയൊലികളും തമിഴർക്കിടയിൽ ഭാഷാവികാരത്തിന്റെ ഐക്യം ഉണ്ടാക്കിയെന്നാണ് എ. ഡി. എം. കെ വിലയിരുത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ മറയൂർ, മൂന്നാർ, പീരുമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ തമിഴ് മേഖലകളിലെ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ മത്സരത്തിനിറക്കാൻ എ ഐ എ. ഡി. എം. കെയ്ക്ക് കഴിഞ്ഞു. മൂന്നു സീറ്റുകളിൽ വിജയിക്കാനും സാധിച്ചു. പണവും പാരിതോഷികവും വാരി വിതറിയാണ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ചതെന്നാണ് ഇടത്-വലത് രാഷ്ട്രീയ കക്ഷികൾ ആരോപിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദമ്പതിമാർ ഉൾപ്പെടെ തമിഴ്‌നാട്ടിൽനിന്നെത്തിയ നിരവധി നേതാക്കളെ തെരഞ്ഞെടുപ്പ് വേളയിൽ കേരള പൊലിസ് അറസ്റ്റ് ചെയ്യുകയും വോട്ടർമാർക്ക് നൽകാനായി ഇവർ കൊണ്ടുവന്ന വസ്ത്രങ്ങളും പണവും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ തമിഴ്‌നാട് ശൈലിയിലുള്ള പ്രവർത്തനവുമായി മുമ്പോട്ടുപോകാൻതന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് വ്യക്തമാക്കുന്നതായിരുന്നു ജയലളിതയുടെ കക്ഷി നേതാക്കളുടെ തുടർപ്രവർത്തനം. പീരുമേട് ഗ്രാമപഞ്ചായത്തിലെ എ ഐ എ. ഡി. എം. കെ പ്രതിനിധിയായി വിജയിച്ച പ്രവീണയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് തമിഴ്്‌നാട്ടിൽനിന്നു നേതാക്കളെത്തിയത് സിനിമാ സ്റ്റൈലിൽ നിരവധി വാഹനങ്ങളിലാണ്. തേനി എം. പി പാർത്ഥിപൻ, മുൻ എം. പി സയീദ് ഖനി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഇരുപത്തഞ്ചോളം നേതാക്കൾ സത്യപ്രതിജ്ഞാ വേദിയുടെ മുൻനിരയിൽതന്നെ ഇടം പിടിച്ചു. പ്രദേശിക നേതാക്കളും ഒപ്പം സദസിലുണ്ടായിരുന്നു. പ്രവീണയെയും റിട്ടേണിങ് ഓഫീസറെയും ഹാരമണിയിച്ച നേതാക്കൾ മറ്റ് രാഷ്ട്രീയകക്ഷി പ്രതിനിധികളായി വിജയിച്ചവരെയും മാലയിട്ടു സ്വീകരിക്കാൻ ശ്രമിച്ചെങ്കിലും രാഷ്ട്രീയ നേതാക്കൾ എതിർത്തതോടെ ചടങ്ങ് അലങ്കോലപ്പെട്ടു.

പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പരിപാടി കഴിഞ്ഞ് നേതാക്കൾ നേരെയെത്തിയത് രണ്ട് തോട്ടങ്ങളിലേയ്ക്കായിരുന്നു. അവിടെ എ ഐ എ. ഡി. എം. കെയുടെ യോഗങ്ങൾ ചേരുകയും യൂണിറ്റുകൾ രൂപീകരിക്കുകയും സഹായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. എം. പി ഫണ്ട് വിനിയോഗിച്ച് ജനങ്ങൾക്ക് സഹായം എത്തിക്കാമെന്നായിരുന്നു പാർത്ഥിപന്റെ വാഗ്ദാനം. തമിഴർ കൂടുതലായി താമസിക്കുന്ന മേഖലകളിലെല്ലാം ഉടൻ പാർട്ടിയുടെ യൂണിറ്റുകൾ ആരംഭിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. പ്രവീണയെ വിജയിപ്പിച്ചതിനു പകരമായി ഇവർ പ്രതിനിധീകരിക്കുന്ന വുഡ്‌ലാൻഡ്‌സ് വാർഡിൽ അടുത്ത ദിവസം സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും അണികളെ അറിയിച്ചിട്ടുണ്ട്.

മറയൂരിലും പീരുമേട്ടിലും എ ഐ എ. ഡി. എം. കെ നേതാക്കൾ വോട്ടർമാരെ സ്വാധീനിക്കാൻ പണവും ഷർട്ട്, മുണ്ട്, സാരി തുടങ്ങിയവയും വിതരണം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതവഗണിച്ച് മുമ്പോട്ട് പോകാൻ തന്നെയാണ് ജയലളിതയുടെ പാർട്ടിക്കാർ ആലോചിക്കുന്നതെന്നു മറയൂരിലെ ആഹ്ലാദ പരിപാടികളോടെ വ്യക്തമായി. മറയൂർ മൂന്നാം വാർഡിൽ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ച ബാലകൃഷ്ണന്റെ ആഹ്ലാദപരിപാടികൾ സംഘടിപ്പിച്ചത് തമിഴ്‌നാട് അതിർത്തിയായ ചിന്നാറിലാണ്. മുഴുവൻപേർക്കും ബിരിയാണിയാണ് ഇവിടെ വിളമ്പിയത്. വോട്ടർമാരെ മറയൂർ മേഖലയിൽനിന്നും വാഹനങ്ങളിലാണ് ചിന്നാറിലെത്തിച്ചത്. ഇതുകൂടാതെ സമ്മാനപ്പൊതിയും 500 രൂപയും നൽകി. സാരിയും ഷർട്ടും പുതപ്പുമായിരുന്നു സമ്മാനപ്പൊതിയിൽ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് അതിർത്തി ഗ്രാമമായ ഒൻപതാറിൽ വോട്ടർമാർക്ക് 1000 രൂപയുടെ ടോക്കണും ജയലളിതയുടെ ചിത്രമുള്ള സ്റ്റിക്കറും നൽകിയിരുന്നു. ഈ സ്റ്റിക്കറുമായെത്തിയവർക്കാണ് സമ്മാനപ്പൊതികൾ നൽകിയത്. സ്റ്റിക്കറുമായി തമിഴ്‌നാട്ടിലെ ആശുപത്രികളിലെത്തിയാൽ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നു വാഗ്ദാനവും ലഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ എ ഐ എ. ഡി. എം. കെ നേതാക്കളുമായി ചർച്ച നടത്തിയത്. സംഘടനയിൽ ആലോചിക്കാതെ ഗോമതി നടത്തിയ ചർച്ച പരസ്യമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പെമ്പിളൈ ഒരുമൈയുടെ സംഘടനാ കമ്മിറ്റികൾക്ക് രൂപം നൽകാൻ കഴിഞ്ഞ ദിവസം മൂന്നാറിൽ ചേർന്ന യോഗമാണ് പ്രതിഷേധം മൂലം അലസിപ്പിരിഞ്ഞത്. ഗോമതിയുടെ തന്നിഷ്ടപ്രകാരമുള്ള പ്രവർത്തനം സംഘടനയെ ദുർബലപ്പെടുത്തിയെന്നാണ് അംഗങ്ങൾ ഉർത്തിയ ആരോപണം. പല സീറ്റുകളിലും ഒരുമൈ സ്ഥാനാർത്ഥികൾ പരാജയപ്പെടാൻ ഇടയാക്കിയത് അനർഹരെ സ്ഥാനാർത്ഥിയാക്കിയതും വ്യാപക പണപ്പിരിവുമാണെന്നും ആക്ഷേപമുയർന്നു.

എ ഐ എ. ഡി. എം. കെയുമായി ലയനത്തിനോ, കൂട്ടുകെട്ടുണ്ടാക്കാനോ തങ്ങളില്ലെന്ന് അംഗങ്ങളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് ഗോമതിക്ക് തിരിച്ചടിയായി. എന്നാൽ എ ഐ എ. ഡി. എം. കെ നേതാക്കളുമായി ചർച്ച തുടരാനാണ് ഗോമതിയുടെ നീക്കം. കോയമ്പത്തൂരിൽവച്ച് അടുത്ത ദിവസം കേരളത്തിലെ എ ഐ എ. ഡി. എം. കെ പഞ്ചായത്ത് പ്രതിനിധികൾ ചർച്ച നടത്തും. ഗോമതിയും കോയമ്പത്തൂരിൽ ജയലളിതയെ കാണുമെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂരിലെ ചർച്ചയ്ക്കുശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പരിപാടിക്ക് വിശദരൂപം നൽകും. ദേവികുളം, ഉടുമ്പൻചോല, പീരുമേട് അസംബ്ലി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് ഇപ്പോഴത്തെ ആലോചന.