കോഴിക്കോട്: മന്ത്രി പികെ ജയലക്ഷ്മി വിവാഹം ചെയ്യാൻ പോകുന്നത് ബിജെപി ആർഎസ്എസ് ബന്ധമുള്ള അനിൽകുമാറിനെ. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗമായി ജയലക്ഷ്മി പ്രവർത്തിക്കുമ്പോൾ തന്നെ അനിൽകുമാറുമായുള്ള വിവാഹം നിശ്ചയിച്ചതുമാണ്. അടുത്ത ബന്ധുകൂടിയായ അനിലുമായുള്ള ജയലക്ഷ്മിയുടെ വിവാഹം പിന്നേയും ഏഴ് കൊല്ലം നീണ്ടത് രാഷ്്ട്രീയകാരണങ്ങൾ കൊണ്ടാണെന്നാണ് സൂചന. എല്ലാത്തിനും ഒടുവിൽ എതിർപ്പുകളെ അവഗണിച്ച് അനിൽകുമാറിനെ ജീവിത പങ്കാളിയാക്കാൻ ജയലക്ഷ്മി തീരുമാനിക്കുകയായിരുന്നു. വേണ്ടി വന്നാൽ കൂടുംബ ജീവിതത്തിനായി രാഷ്ട്രീയം പോലും വിടാൻ മന്ത്രി ജയലക്ഷ്മി തയ്യാറാണെന്നാണ് സൂചന.

ബിജെപി ബന്ധമുള്ള അനിൽകുമാറിനെ വിവാഹം ചെയ്യരുതെന്ന് കോൺഗ്രസുകാരും ജയലക്ഷ്മിയോടെ പറഞ്ഞില്ല. എന്നാൽ ചില സംശയങ്ങൾ ഉയർത്തി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ആദിവാസി മേഖലയിൽ നിന്നുള്ള ജയലക്ഷ്മിയെ കണ്ടെത്തി പ്രോൽസാഹിപ്പിച്ചത്. യൂത്ത് കോൺഗ്രസിനായി പ്രതിഭകളെ കണ്ടെത്തുന്നതിനെടെയാണ് ജയലക്ഷ്മിയുടെ മികവ് രാഹുൽ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് വയനാട്ടിലെ വൻ തോക്കുകളെ വെട്ടി മാനന്തവാടിയിലെ എംഎൽഎയായത്. ഭാഗ്യം കൊണ്ട് ആദ്യ ജയത്തിൽ തന്നെ മന്ത്രിയുമായി. അതുകൊണ്ട് വലിയൊരു രാഷ്ട്രീയ ഭാവി ജയലക്ഷ്മിക്കുണ്ട്. ബിജെപി ബന്ധമുള്ള ആളെ കല്ല്യാണം ചെയ്താൽ അത് പ്രശ്‌നമാകില്ലേ എന്നായിരുന്നു ഉയർന്ന ചോദ്യം. ഈ സാഹര്യത്തിലാണ് വിവാഹം നീണ്ടത്. ഒടുവിൽ ജയലക്ഷ്മിയുടെ ബന്ധുക്കൾ തീരുമാനം ഉടൻ വേണമെന്ന് നിർബന്ധം പിടിച്ചു. ഇതോടെ മന്ത്രി ജയലക്ഷ്മി തീരുമാനവുമെടുത്തു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണ് കല്ല്യാണം. അതുകൊണ്ട് തന്നെ പിന്മാറാനാകില്ല. കോൺഗ്രസുകാരിയായി തുടർന്നും സജീവമായി രംഗത്തുണ്ടാകുമെന്നാണ് ജയലക്ഷ്മിയുടെ വാദം. അനിൽകുമാറിന്റെ രാഷ്ട്രീയം തന്നെ സ്വാധീനിക്കില്ല. എന്നിട്ടും പാർട്ടിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ രാഷ്ട്രീയം വിടാൻ തയ്യറാണെന്നും ജയലക്ഷ്മി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. തനിക്കായി കാത്തിരുന്ന വ്യക്തിയാണ് അനിൽ കുമാർ. ഇനിയും ആ കാത്തിരിപ്പ് നീട്ടാൻ ആഗ്രഹിക്കാത്തതു കൊണ്ടാണ് വിവാഹം. തനിക്ക് 34 വയസ്സായെന്ന കാര്യവും കോൺഗ്രസ് നേതാക്കളെ ഓർമിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മാതാ-പിതാക്കളെ വിവാഹക്കാര്യത്തിൽ ഇനിയും നിഷേധിക്കാനാകില്ലെന്നാണ് മന്ത്രി എടുത്ത നിലപാട്.

ഇതിനെ മുഖ്യന്ത്രി അടക്കമുള്ളവർ എതിർക്കുന്നില്ല. എന്നാൽ രാഷ്ട്രീയകാരണങ്ങൾ കാരണമാണ് കല്ല്യാണം നീണ്ടതെന്ന വാദം പരസ്യമായി ഉയർത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മന്ത്രിയുടെ വിവാഹം ആഘോഷിക്കാൻ മന്ത്രിമാരടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം വയനാട്ടിലെത്തും. മെയ്‌ പത്തിന് കല്ല്യാണത്തിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ ജയലക്ഷ്മിയെ അറിയിച്ചിട്ടുണ്ട്. കല്ല്യാണത്തിൽ നിന്ന് വിട്ടുനിന്നാൽ അത് രാഷ്ട്രീയ ചർച്ചയായി മാറുമെന്നും മുഖ്യമന്ത്രിക്ക് നന്നായി അറിയാം.

രാഷ്ട്രീയമല്ല കുടുംബമാണ് പ്രധാനമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. ബിജെപി നേതാവും കർഷക മോർച്ചയുടെ സംസ്ഥാന ഭാരവാഹിയുമായ പള്ളിയറ രാമന്റെ സഹോദരിയുടെ മകളുടെ മകനാണ് അനിൽകുമാർ. പള്ളിയറ രാമന്റെ വഴിയേ ആർഎസ്എസിനോടും ബിജെപിയോടുമായിരുന്നു അനുഭാവം. യുവമോർച്ചയുടെ സജീവപ്രവർത്തകനുമായിരുന്നു. രാഷ്ട്രീയത്തിനൊപ്പം കൃഷിയോടും താൽപ്പര്യമുണ്ടായിരുന്നു. 30 ഏക്കറോളം സ്ഥലത്ത് കാപ്പിയടക്കമുള്ള വിളകൾ കൃഷി ചെയ്യുന്നു. കുട്ടിക്കാലം മുതലേ ജയലക്ഷ്മിയെ അടുത്തറിയാം. അടുത്ത ബന്ധുവിനെ എട്ട് കൊല്ലം മുമ്പാണ് വിവാഹം കഴിക്കാൻ ജയലക്ഷ്മി തീരുമാനിച്ചത്.

പക്ഷേ രാഷ്ട്രീയ എതിർപ്പുകളും മന്ത്രി പദവിയും കാരണം നീണ്ടുപോയി. ഈ സർക്കാരിന്റെ കാലശേഷം കല്ല്യാണം മതിയെന്ന തീരുമാനത്തിൽ ജയലക്ഷ്മിയും എത്തി. എന്നാൽ അതു പറ്റില്ലെന്ന് ബന്ധുക്കൾ നിർബന്ധം പിടിച്ചു. അനിൽകുമാറിന്റെ പ്രായവും മറ്റ് കാര്യങ്ങളുമുയർത്തി വാദിച്ചതോടെ കാര്യങ്ങൾ കല്ല്യാണത്തിലുമെത്തി. ബിജെപിയോടും ആർഎസ്എസിനോടും അടുപ്പമുള്ള വ്യക്തിയാണ് അനിൽകുമാറെന്ന് പള്ളിയറ രാമൻ മറുനാടൻ മലയാളിയോട് സമ്മതിച്ചു. ആദ്യം ഏപ്രിലിൽ നടത്താൻ നിശ്ചിയിച്ചിരുന്നതാണ് വിവാഹം. എന്തോകാരണങ്ങളാൽ അത് വീണ്ടും നീണ്ടു പോയെന്നും പള്ളിയറ രാമൻ പറയുന്നു. എന്നാൽ അതുകൊണ്ടാണ് വിവാഹം നീണ്ടതെന്ന് തുറന്നു പറയാൻ പള്ളിയറ രാമനും മടികാണിക്കുകയാണ്. അനിൽകുമാറിന്റെ ബിജെപി ബന്ധം പാർട്ടി ജില്ലാ പ്രസിഡന്റ് കെ സദാനന്ദനും സ്ഥിരീകരിക്കുന്നു.

വയനാട്ടിലെ ബിജെപിയുടെ പ്രധാന നേതാവാണ് പള്ളിയറ രാമൻ. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവി വരെ എത്തിയ ആദിവാസി നേതാവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർത്ഥിയായി രാമൻ മത്സരിച്ചിരുന്നു. ഇദ്ദേഹവുമായുള്ള ബന്ധമാണ് അനിൽകുമാറിനെ ചെറുപ്പത്തിലേ ബിജെപിയുമായി അടുപ്പിച്ചത്. ഈ രാഷ്ട്രീയ ബന്ധം മാത്രമാണ് മന്ത്രി ജയലക്ഷ്മിയെ അനിൽകുമാർ മിന്നുകെട്ടുന്നത് വൈകിപ്പിച്ചതെന്നാണ് സൂചന. ഒടുവിൽ ജയലക്ഷ്മി ധീരമായ നിലപാട് എടുത്തതോടെ എതിർപ്പുകൾ അപ്രസക്തമാവുകയും ചെയ്തു.

മെയ് 10ന് മാനന്തവാടി വാളാട് പാലോട്ട് കുറിച്യയ തറവാട്ടിൽ പരമ്പരാഗത ആചാരങ്ങളോടെയാവും വിവാഹം. വരൻ വയനാട് കമ്പളക്കാട് പറളിക്കുന്ന് ചെറുവടി സി.എ. അനിൽകുമാർ. മാനന്തവാടി പാലോട്ട് കുറിച്യ തറവാട്ടിലെ കുഞ്ഞാമൻ-അമ്മിണി ദമ്പതികളുടെ മകളാണ് ജയലക്ഷ്മി. കുഞ്ഞാമന്റെ പെങ്ങളുടെ മകളാണ് ലീല. ലീലയുടെ മകനാണ് അനിൽകുമാർ. മന്ത്രിയുടെ തറവാടായ വാളാട്ടെ പാലോട്ട് വീട്ടിൽ ആകും താലികെട്ട്.

വയനാട്ടിലെ തലയെടുപ്പുള്ള പാലോട്ട് കുറിച്യ തറവാട്ടിലെ അംഗമാണ് മന്ത്രി പി.കെ. ജയലക്ഷ്മി. പഴശ്ശിയുടെ പടയോട്ടങ്ങളിൽ പങ്കെടുത്ത് പോരാട്ട വീര്യം കാട്ടിയ കുറിച്യ പടയാളികളുടെ പിന്മുറക്കാരാണ് പാലോട്ടുകാർ. കൂട്ടുകുടുംബ രീതി നിലനിൽക്കുന്ന തറവാട്ടിൽ ഇന്നും ഇരുന്നൂറോളം അംഗങ്ങളുണ്ട്. കൃഷിയെയും അസ്ത്ര വിദ്യയെയും ഏറെ സ്‌നേഹിക്കുന്ന, നാലുകെട്ടും നടുമുറ്റവുമുള്ള തറവാട്ടിൽ മന്ത്രിയുടെ വിവാഹം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആദിവാസി സമുദായത്തിൽ നിന്നും മന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് ജയലക്ഷ്മി.

വയനാട്ടിൽ നൂറോളം കുറിച്യ തറവാടുകളുണ്ടായിരുന്നതിൽ 56 തറവാടുകളാണ് ശേഷിക്കുന്നത്. ഇതിൽ പകുതിയോളം ബന്ധുകുലം എന്നറിയപ്പെടും. ബാക്കിയുള്ളവ പന്തികുലവും. ജയലക്ഷ്മിയുടെ അമ്മ വഴിയുള്ള കുടുംബങ്ങളാണ് ബന്ധുകുലത്തിൽപെടുക. അച്ഛൻ വഴിയുള്ളവർ പന്തികുലത്തിലും. കുറിച്യ ആചാരപ്രകാരം ബന്ധുകുലത്തിലുള്ളവർക്ക് അതേ കുലത്തിലുള്ളവരുമായി കല്യാണം പാടില്ല. ഇതിനാലാണ് പന്തികുലത്തിൽ വരുന്ന അനിൽകുമാറുമായുള്ള കല്ല്യാണത്തിന് ജയലക്ഷ്മിയുടെ കുടുംബ സമ്മതം മൂളിയത്. മന്ത്രിയാകുന്നതിന് മുമ്പേ കല്യാണമുറപ്പിച്ചിരുന്നു. അതാണ് ഇപ്പോൾ യാഥാർത്ഥ്യത്തിലേക്ക് എത്തുന്നത്.