തിരുവനന്തപുരം: സർക്കാറിനെ അഴിമതി പുറത്തുകൊണ്ടുവരുന്ന വിസിൽ ബ്ലോവർമാരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത കാലത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയ കാര്യമാണ്. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞു എന്നു കരുതി ആരെങ്കിലും തട്ടിപ്പും കൊള്ളയും തുറന്നു കാണിച്ചാൽ അവരുടെ ഗതി അധോഗതിയാകും എന്നേ പറയാനുള്ളൂ. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അടൂർ ബെറ്റാലിയനിലെ സബ്‌സിഡിയറി കാന്റീനിലെ അഴിമതി അന്വേഷിച്ച് സർക്കാരിനു റിപ്പോർട്ട് നൽകിയ ജെ.ജയനാഥ് ഐപിഎസിനെ സ്ഥലം മാറ്റിയ നടപടി. അസിസ്റ്റന്റ് കമാൻഡന്റ് പദവയിൽ നിന്നും അദ്ദേഹത്തെ കോസ്റ്റൽ പൊലീസ് എഐജിയായാണ് നിയമിച്ചത്. കെഎപി 3 ബറ്റാലിയൻ കമൻഡാന്റായിരുന്നു ജയനാഥ്.

അടൂർ സബ്‌സിഡിയറി പൊലീസ് കാന്റീൻ നടത്തിപ്പിൽ ഗുരുതരക ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയത് ജയനാഥ് ഐപിഎസായിരുന്നു. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ അഴിമതി ചൂണ്ടിക്കാട്ടിയതിനെ അനിഷ്ടമാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് വഴിവെച്ചത്. അപ്രധാന തസ്തികയിലേക്കുള്ള നിയമനത്തിൽ ജയനാഥിന് അതൃപ്തിയുണ്ടെന്നാണ് സൂചന. അദ്ദേഹം ലീവിൽ പ്രവേശിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. അഴിമതി ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ജയനാഥ് റിപ്പോർട്ട് നൽകിയിരുന്നു. കാന്റിനിലേക്ക് സാധനങ്ങൾ വാങ്ങുന്നതിലും ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെന്നാണ് ആരോപണം.

2018 - 2019 കാലഘട്ടത്തിൽ പൊലീസ് കാന്റീനിൽ 42,29,956 രൂപയുടെ ചെലവാകാൻ സാധ്യത ഇല്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് ജയനാഥ് ഐപിഎസിന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാൽ ഉള്ള നിർദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടൽ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു വനിത ഉദ്യേഗസ്ഥയുടെ നിർദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇതിന് പുറമെ കാന്റീനിൽ നിന്ന് 11,33,777 രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും 224342 രൂപയുടെ കണക്കിൽപ്പെടാത്ത സാധനങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിവർഷം 15 മുതൽ 20 കോടി രൂപ വരെ വിൽപ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളിൽ ഒന്നാണ് അടൂർ. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ മറ്റ് കാന്റീനുകളിലും ഇതുപോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ജയനാഥ് ഐപിഎസ് ചൂണ്ടിക്കാട്ടുന്നു.

കാന്റീൻ പ്രവർത്തനങ്ങൾ സ്വതന്ത്രമായാ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും നിലവിലുള്ള കാന്റീൻ കമ്മിറ്റികൾ പൊളിച്ചെഴുതിയാൽ മാത്രമെ കൂടുതൽ ക്രമക്കേടുകൾ പുറത്തുകൊണ്ട് വരാൻ കഴിയു എന്നും ജയനാഥ് പറയുന്നു. പൊലീസിന് പുറത്തുള്ള ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്നുമാണ് റിപ്പോർട്ടിലെ ആവശ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരന്തരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് ജയനാഥ് വകുപ്പുതല അന്വേഷണം നടക്കുന്നതിനിടയിലാണ് അഴിമതി പുറത്തുകാട്ടിയുള്ള റിപ്പോർട്ട്.

അടൂർ ബറ്റാലിയനിലെ പൊലീസുകാർക്ക് ഇലക്ഷൻ യാത്രാ ബത്ത നൽകാൻ വൈകിയത് രണ്ടു ദിവസമായിപുന്നു. ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചത് ബറ്റാലിയൻ കമാന്റഡന്റ് ജെ ജയനാഥ് ഐപിഎസായിരുന്നു. ഈ അറിയിപ്പിന്റെ പേരിൽ ഐപിഎസുകാരന് നൽകിയത് കാരണം കാണിക്കൽ നോട്ടീസും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അഴിമതി ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിന് വിശദീകരണം ചോദിച്ചപ്പോൽ പരിഹാസത്തിൻെ എല്ലാ സാധ്യതകളും തുറന്നിട്ടായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഒരു ബറ്റാലിയനിലും യാത്രാ ബത്ത സമത്തിന് കൊടുത്തില്ലെന്ന സംശയവും ജയനാഥ് മുമ്പോട്ട് വയ്ക്കുന്നു. അടൂർ ബറ്റാലിയനിൽ താൻ നടത്തിയ പരിഷ്‌കരണങ്ങൾ അക്കമിട്ട് നിരത്തിയാണ് മറുപടി നൽകിയത്. യാത്രാ ബത്തകൾ മാറുന്നതിലെ കാലതാമസം സ്ഥിരമായി പൊലീസിൽ ഉണ്ടാകാറുണ്ട്. മുമ്പ് അടൂരിൽ പ്രകാശ് കമാണ്ടന്റായിരുന്നപ്പോൾ ആലപ്പുഴ സ്ട്രോങ് റൂമിൽ ജോലി ചെയ്തവരുടെ ബത്ത ഇനിയും കൊടുത്തില്ലെന്നും ഓർമ്മിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറി വന്നതിന്റെ യാത്രാ ബത്ത രണ്ട് മാസം കഴിഞ്ഞാണ് തനിക്ക് കിട്ടിയതെന്നും പറയുന്നു.

നികുതി പണം കൊള്ളടിക്കാതെ സഹപ്രവർത്തകരെ അടിമകളായി കാണാതെയാണ് ജോലി ചെയ്യുന്നത്. വെട്ടിമുറിച്ചിട്ടാലും വേറിട്ട വഴി മാറ്റാത്ത ഭഗത് സിംഗിന്റെ പിൻതലമുറയാണ് താൻ എന്നും മെമോയ്ക്കുള്ള മറുപടിയിൽ പറഞ്ഞിരുന്നു. കുറച്ചു കാലമായി സേനയ്ക്കുള്ളിൽ അഴിമതിക്കെതിരെ നിലപാട് എടുത്ത് കൈയടി നേടുന്ന ഉദ്യോഗസ്ഥനാണ് ജയനാഥ്. അടൂർ കാന്റീനിലെ ക്രമക്കേടുകൾ സംബന്ധിച്ച് പൊലീസിനു പുറത്തുനുള്ള സംഘം അന്വേഷിക്കണമെന്നും എജി പോലുള്ള ഏജൻസി ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ശുപാർശ ചെയ്തിരുന്നു. പൊലീസുകാരുടെ കുട്ടികൾക്ക് ഇഎംഐ വ്യവസ്ഥയിൽ ലാപ്പോടോപ്പ് വിതരണം ചെയ്യണം, സത്യസന്ധരായ ഉദ്യോഗസ്ഥരെ കാന്റീൻ ജോലിയിൽ നിയമിക്കണെന്ന 19 ഇന നിർദ്ദേശത്തോടെയാണ് റിപ്പോട്ട് അവസാനിക്കുന്നത്. മുമ്പും പൊലീസ് ആസ്ഥാനത്തേയ്ക്ക് പരിഹാസ രൂപത്തിൽ കത്ത് അയച്ചതിനു ജയനാഥിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു.