മെൽബൺ: സർജറിയിലെ അപാകത മൂലം രോഗികളുടെ മരണത്തിന് ഇടയാക്കിയ ഇന്ത്യൻ വംശജനായ സർജൻ ഡോ. ജയന്ത് പട്ടേലിന് ഓസ്‌ട്രേലിയയിൽ സ്ഥിരമായ വിലക്ക്. ക്വീൻസ് ലാൻഡിലെ ബുൻഡാബെർഗ് ബേസ് ആശുപത്രിയിൽ സർജനായിരുന്ന ജയന്ത് പട്ടേലിനാണ് ക്വീൻസ് ലാൻഡ് സിവിൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.

2003 മുതൽ 2005 മുതലുള്ള കാലഘട്ടത്തിൽ ഡോ. ജയന്ത് പട്ടേലിന്റെ കൈപ്പിഴ മൂലം ക്വീൻസ് ലാൻഡ് ആശുപത്രിയിൽ മൂന്നു രോഗികളുടെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നത്. ഒട്ടേറെ രോഗികളുടേയും ആശുപത്രി ജീവനക്കാരുടേയും പരാതിയെ തുടർന്ന് അമേരിക്കയിലേക്ക് മുങ്ങിയ ഡോക്ടറെ പിന്നീട് അമേരിക്കയിൽ നിന്ന് ഓസ്‌ട്രേലിയൻ അധികൃതർ അറസ്റ്റ് ചെയ്തുന്നത്. തുടർന്ന് 2010-ൽ ഡോ. പട്ടേലിനെ ഏഴു വർഷത്തെ തടവിന് ജയിലിൽ അടയ്ക്കുകയായിരുന്നു. എന്നാൽ അപ്പീലിൽ 2012-ൽ വിധിയിൽ നിന്നു വിമുക്തനാകുകയും ചെയ്തു. പിന്നീട് 2013-ൽ മറ്റൊരു വഞ്ചനാ കേസിൽ ഡോ. ജയന്ത് പട്ടേലിന് രണ്ടു വർഷത്തെ സസ്‌പെൻഷനും ലഭിച്ചിരുന്നു.

ക്വീൻസ് ലാൻഡ് കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് വീണ്ടും അമേരിക്കയിലേക്കു കടന്ന ഡോ. പട്ടേലിനെ ഓസ്‌ട്രേലിയയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നു വിലക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ മെഡിക്കൽ ബോർഡ് നൽകിയ അപ്പീലിലാണ് ക്വീൻസ് ലാൻഡ് സിവിൽ ട്രിബ്യൂണൽ ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചത്. അമേരിക്കയിൽ എത്തി അവിടെ പൗരത്വം സ്വീകരിച്ച് പ്രാക്ടീസ് ചെയ്തുവരവേയാണ് ഡോ. പട്ടേലിനെതിരേ ഓസ്‌ട്രേലിയൻ കോടതിയുടെ നടപടി.

ഓസ്‌ട്രേലിയയിൽ വിലക്ക് ലഭിച്ച ഡോ. പട്ടേലിന്റെ കേസ് ഇന്റർനാഷണൽ മെഡിക്കൽ റെഗുലേറ്റേഴ്‌സിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മെഡിക്കൽ ബോർഡ് ഓഫ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഡോ. പട്ടേലിന് മറ്റ് വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തടസമായിത്തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.