തൃശൂർ: തനിക്ക് തരാനുള്ള പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം മൂലമാണ് അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് ഇത്തരമൊരു ആരോപണം കെട്ടിച്ചമച്ചതെന്ന്  ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ തൃശൂരിലെ കൂട്ട മാനഭംഗ സംഭവത്തിൽ ആരോപണം നേരിടുന്ന സിപിഐ(എം) കൗൺസിലർ ജയന്തൻ. തനിക്കെതിരെ ഈവർഷം ആഗസ്റ്റിൽ യുവതി തനിക്കെതിരെ പേരാമംഗലം പൊലീസിൽ പരാതി ലനൽകുകയായിരുന്നുവെന്നും അന്ന് ഭർത്താവും ഒപ്പമുണ്ടായിരുന്നെന്നുമാണ് ജയന്തൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കുന്നത്.

വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ വാർഡിലെ കൗൺസിലറായ പിഎൻ ജയന്തനും സഹോദരൻ ഉൾപ്പെടെ മറ്റു മൂന്നുപേരും ചേർന്ന് തന്നെ കാറിൽ കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലാണ് യുവതിയും ഭർത്താവും ചേർന്ന് ഭാഗ്യലക്ഷ്മിക്കൊപ്പം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ഇന്ന് വെളിപ്പെടുത്തിയത്. ഇതിനോട് പ്രതികരിക്കവെയാണ് പരാതി പച്ചക്കള്ളമാണെന്നും കടംവാങ്ങിയ മൂന്നുലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടർന്ന് തന്നെ കുടുക്കാൻ കരുനീക്കുകയായിരുന്നു യുവതിയെന്നും ജയന്തൻ വ്യക്തമാക്കുന്നത്.

പരാതി ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് അത്താണിയിലെ കേബിൾ ടി വി ഓപ്പറേറ്ററായിരുന്ന കാലത്ത് വാങ്ങിയ പൈസ നിരവധി തവണ തിരിച്ചു ചോദിച്ചു. ഇതിനെ തുടർന്നാണ് അവർ ബലാത്സംഗ പരാതി ഉണ്ടാക്കിയത്. അവർ പരാതിയുമായി പോയപ്പോൾ പൊലീസ് അന്വേഷിച്ചു. ഈ ആരോപണം ശുദ്ധ നുണയാണെന്ന് വ്യക്തമായപ്പോൾ ഇവർക്കെതിരെ കേസെടുക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ തനിക്കെതിരെ മറ്റു പല രീതികളിലും ആക്ഷേപവുമായി എത്തുന്നതെന്ന് ജയന്തൻ ചാനലുകളിലൂടെ പ്രതികരിച്ചു.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായെന്ന് പറയുന്ന സംഭവത്തിൽ തിരഞ്ഞെടുപ്പിൽ ജയന്തൻ വിജയിച്ച് കൗൺസിലറായ ശേഷം ആരോപണം ഉയർത്തുന്നത് സിപിഎമ്മിനെയും കൗൺസിലറേയും കരിവാരിത്തേക്കാൻ ഉദ്ദേശിച്ച് നടത്തുന്ന ഗൂഢാലോചനയാണെന്നാണ് പ്രാദേശിക സിപിഐ(എം) നേതാക്കൾ പ്രതികരിക്കുന്നത്.

2014ൽ തന്നെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയെന്ന് യുവതിയും ഭർത്താവും ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പൊലീസിൽ പരാതി നൽകുന്നത്. തന്നെയും ഭർത്താവിനെയും പിന്നീടും പലപ്പോഴും ഇക്കാര്യം പറഞ്ഞ് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതി ഇന്ന് വെളിപ്പെടുത്തിയിരുന്നു. ആഗസ്റ്റിൽ കേസ് നൽകിയ ശേഷം പൊലീസ് പരാതി നൽകിയതായും ഇതിനു ശേഷം മജിസ്‌ട്രേറ്റിനുമുന്നിൽ പരാതിയില്ലെന്ന് വ്യക്തമാക്കി മൊഴി നൽകുകയും ചെയ്തിരുന്നു.

സാമ്പത്തിക പ്രശ്‌നം മാത്രമാണ് ഉള്ളതെന്ന് യുവതി മൊഴി നൽകിയുന്നതായും ജയന്തൻ പറയുന്നു. ഇതിനുശേഷം യുവതിയും ഭർത്താവും തന്നെ വിളിച്ച് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കിൽ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ജയന്തൻ പറയുന്നു. ഈ ഭീഷണിക്ക് വഴങ്ങാതിരുന്നപ്പോഴാണ് ഇപ്പോൾ പുതിയ ആരോപണവുമായി എത്തിയതെന്നാണ് ജയന്തന്റെ പക്ഷം. ഏതായാലും സംഭവത്തെ കുറിച്ച് പാർട്ടിതലത്തിലും അന്വേഷണം നടത്തുമെന്ന് സിപിഐ(എം) ഏരിയാ സെക്രട്ടറി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഎമ്മിന്റേതെന്നും അന്വേഷണത്തിൽ കുറ്റം വ്യക്തമായാൽ നടപടി ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.

അതേസമയം, ആരോപണം നേരിടുന്ന ജയന്തൻ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. മെഡിക്കൽ കോളേജിന് സമീപത്തെ വാർഡായ മിണാലൂരിൽ നിന്നാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടത്. യുവ പ്രവർത്തകൻ കൂടിയായ ജയന്തനെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉയരുമ്പോൾ പാർട്ടിയും പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സംഭവം ഒത്തുതീർപ്പാക്കാൻ പാർട്ടി ഏരിയാ സെക്രട്ടറിയും ഇടപെട്ടിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയൻ നയിച്ച നവകേരള മാർച്ചിലെ വടക്കാഞ്ചേരി മണ്ഡലം കാൽനട ജാഥയുടെ സ്ഥിരാംഗവുമായിരുന്നു പി എൻ ജയന്തൻ. ജയന്തിന്റെ സഹോദരനാണ് കുറ്റം ആരോപിക്കപ്പെട്ട ജനീഷ്. സിപിഐഎം ഏരിയാ സെക്രട്ടറിയെ പരാതി അറിയിച്ചപ്പോൾ ഒത്തുതീർപ്പിലെത്താം എന്നായിരുന്നു മറുപടി പറഞ്ഞതെന്നാണ് യുവതി പറഞ്ഞത്. കൗൺസിലറാകുന്നതിന് മുമ്പ് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്റായിരുന്നു പി എൻ ജയന്തൻ. ആദ്യമായാണ് ജയന്തൻ ജനപ്രതിനിധിയാകുന്നത്.