മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയരാജിന്റെ 35 കോടി ബജറ്റിൽ ഒരുക്കിയ വീരം. വടക്കൻ പാട്ടിലേക്ക് ഷേക്‌സ്പിയറിന്റെ മാക്‌ബത്ത് കടന്നുവരുമ്പോൾ പിറവിയെടുത്ത സിനിമ. വീരം എന്നാൽ അതു മക്‌ബത് ആണ്. നവരസങ്ങളിലെ വീരത്തെ, വീര രസത്തെ ഷേക്‌സ്പിയർ നാടകമായ മക്‌ബത്തിലൂടെ ആവിഷ്‌കരിക്കുന്നതാണു വീരം. ഷേക്‌സ്പിയർ നാടകങ്ങൾ എഴുതി കാലത്തിലേക്കു നടന്നിട്ട് എത്രയോ കൊല്ലങ്ങളായിരിക്കുന്നു. എന്നിട്ടും ആ നാടകങ്ങൾ അന്നും ഇന്നും പ്രസ്‌കതമാണ്. അവയിലെ അന്തസത്ത ഇന്നും ശക്തമാണ്. ഷേക്‌സ്പിയർ നാടകങ്ങളിൽ ഏറ്റവും ശക്തമായതാണു മക്‌ബത്. ഞാൻ ഈ പ്രമേയം തിരഞ്ഞെടുക്കുവാൻ കാരണം അതുമാത്രമല്ല, ലോക പ്രശസ്തരായ സംവിധായകർ ഏറ്റവും കൂടുതൽ അഡോപ്റ്റ് ചെയ്തിട്ടുള്ളത് മക്‌ബതിൽ നിന്നാണ്. അകിരാ കുറസോവ ഉൾപ്പെടെയുള്ള പ്രതിഭാധനരെല്ലാം മക്‌ബത്തിനെ ആസ്പദമാക്കി സിനിമകളൊരുക്കിയിട്ടുണ്ട്. കാലത്തിനെ അതിജീവിക്കുവാൻ മക്‌ബത്തിനു സാധിക്കുന്നതു കൊണ്ടാണത്. സംവിധായകൻ ജയരാജ് പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജ് ചിത്രത്തെക്കുറിച്ച് മനസു തുറക്കുന്നത്.

ലോകം കണ്ട ഏറ്റവും ശക്തമായ രണ്ടു കഥാപാത്രങ്ങൾ, മക്‌ബത്തും ലേഡീ മക്‌ബത്തും. അവരുടെ ജീവിതം എന്നെന്നും പ്രസക്തമാണ്. മാനവികതയിൽ എന്നും നിലനിൽക്കുന്ന അത്യാർത്തിയും അതിമോഹവും അതുവഴി ആവർത്തിക്കപ്പെടുന്ന തെറ്റുകളും, പിന്നീടതിന്റെ പാപബോധത്തിൽ അനാഥമാക്കപ്പെടുന്ന ജന്മങ്ങളും എന്നെന്നുമുണ്ട്. മക്‌ബത്തിനേയും ലേഡീ മക്‌ബത്തിന്റെയും പോലെ. നമുക്കുമുണ്ട് സമാനമായ കഥാന്തരീക്ഷം. അതാണു ചന്തു. ലേഡീ മക്‌ബത്തിനു പകരം കുട്ടിമാണിയും. അധികാരത്തിനായി തന്റെ പ്രിയപ്പെട്ട രാജാവിനേയും അതിനു പിന്നാലെ സംശയം തോന്നുന്നവരെയെല്ലാവരേയും കൊന്നൊടുക്കുവാൻ മക്‌ബത്തിനെ പ്രേരിപ്പിക്കുന്നത് ലേഡീ മക്‌ബത്ത് ആണ്. ഇവിടെ തെറ്റുകളിലേക്കും അനാവശ്യ ചിന്തകളിലേക്കും ചന്തുവിനെ തള്ളിവിടുന്നതും രണ്ടു സ്ത്രീകളാണ്. ഉണ്ണിയാർച്ചയും കുട്ടിമാണിയും.

അരിങ്ങോടർ ചേകവരുമായിട്ടുള്ള പോര് കഴിഞ്ഞ് തന്റെ മടിയിൽ തളർന്നുറങ്ങുന്ന ആരോമലിനെ,പതിനെട്ടര കളരിയുടെ ചേകവരാകുവാൻ വേണ്ടി കുത്തുവിളക്കുകൊണ്ട് കുത്തിക്കൊന്നുവെന്നു പറയുന്ന ചന്തു. വടക്കൻ പാട്ടിൽ മുഴുവനുള്ളത് ചതിയനായ ചന്തുവാണ്. അരിങ്ങോടരുെട മരുമകളായ കുട്ടിമാണിയാണു ചന്തുവിനെയെല്ലാത്തിനും പ്രേരിപ്പിക്കുന്നത്. ലേഡീ മക്‌ബത്തിനെ പോലെ. മക്‌ബത്തിന്റെ പ്രിയപ്പെട്ട രാജാവിന്റെ സ്ഥാനത്ത് ഇവിടെ ആരോമലാണ്. നമ്മുടെ ചിന്തകളിലും കഥകളിലും ഉറങ്ങിക്കിടക്കുന്നൊരു കഥയെ, ലോകം ഒട്ടേറെ ചർച്ച ചെയ്ത മറ്റൊന്നുമായി കൂട്ടിവായിക്കുമ്പോൾ തോന്നുന്ന സമാനതകളാണു ഈ സിനിമയിലേക്കെത്തിച്ചത്. ഇതെന്റെ സ്വപ്നമായിരുന്നു.

മക്‌ബത്തിനെ പല തലങ്ങളിൽ നിന്നു വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ മറ്റു ഭാഷകളിൽ ഒട്ടനവധി ആവിഷ്‌കാരങ്ങളുണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം വീരം വ്യത്യസ്തമാകുന്നത് ലോകത്തെ തന്നെ വിസ്മയിപ്പിച്ച ആയോധന കലയുടെ ബലം ഈ പ്രമേയത്തിനുണ്ടെന്നാണ്. ലോകത്തിൽ കളരിക്കു ലഭിക്കുന്ന പ്രാധാന്യം ചെറുലതല്ല. ബിസി ആറാം നൂറ്റാണ്ടിൽ തന്നെ നിലനിന്ന അത്രയധികം പുരാതന പാരമ്പര്യമുള്ള കലയിലൂടെയുള്ള കഥപറച്ചിലാണിത്. ലോകത്തിനു തന്നെ അത്ഭുതമാണ് കളരി. ലോകം ആദരിച്ച ഒരു ക്ലാസികൽ നോവലിന്റെ കഥയ്ക്കു സമാനമായി, ലോകത്തെ വിസ്മയിപ്പിച്ച ആയോധനകലയോടു ചേർന്നു നിൽക്കുന്ന മറ്റൊരെണ്ണമുണ്ടെന്ന തിരിച്ചറിവ് അത്ഭുതമല്ലേ.

പതിനാറാം നൂറ്റാണ്ടാണു ഷേക്‌സ്പിയർ കാലം. അതിനു മുൻപേ പന്ത്രണ്ടോ പതിമൂന്നോ നൂറ്റാണ്ടിൽ നമ്മുടെ മണ്ണിൽ സമാനമായ മറ്റൊരു കഥ നടന്നുവെന്നതും അത്ഭുതമല്ലേ. ആ യാദൃശ്ചികതയാണു ഞാൻ ലോകത്തോടു പറയുന്നത്.നമുക്കു പരിചിതമായ മലയാളം ഭാഷയിൽ നിന്നു വ്യത്യസ്തമായ പഴയ വടക്കൻ ശൈലിയിലുള്ള സംസാരഭാഷയാണ് സിനിമയ്ക്കുള്ളത്. നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു ഭാഷാശൈലിയുണ്ടെന്നു കേൾക്കുന്നത് നമുക്കും കൗതുകമല്ലേ. മക്‌ബത്തിലുള്ളതു പോലെ രണ്ടു പ്രധാന സ്ത്രീകഥാപാത്രങ്ങൾ വടക്കൻ കഥയിലുമുണ്ട്. ഉണ്ണി ആർച്ചയും കുട്ടിമാണിയും. ഇവരുടെ മാനസിക തലങ്ങളാണ് മറ്റേ സ്ത്രീ കഥാപാത്രങ്ങളേക്കാൾ സംഘർഷഭരിതവും. അഡാപ്‌റ്റേഷൻ എന്നതിനപ്പുറം നമ്മുടെ മണ്ണിൽ നിദ്രകൊള്ളുന്ന കഥാതന്തുവിനെ നമ്മുെട ശ്രേഷ്ഠമായ പാരമ്പര്യത്തിലൂടെ ലോകത്തിലെ മറ്റൊരു ക്ലാസികുമായി ചേർത്തുവായിക്കുന്നതാണു വീരം.

സിനിമയുടെ ബജറ്റിന്റെ അറുപതു ശതമാനവും ചെലവിട്ടത് സ്‌പെഷ്യൽ ഇഫക്ടിനും സാങ്കേതിക മികവിനുമാണ്. ഹോളിവുഡിൽ നിന്നും നാലു പ്രധാനപ്പെട്ട ടെക്‌നീഷ്യന്മാരെയാണു സിനിമയ്ക്കായി കൊണ്ടുവന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടണാണ്. ന്യൂസിലൻഡുകാരനായ ഇദ്ദേഹമാണ് ലോകത്തെ വിസ്മയിപ്പിച്ച ലോർഡ് ഓഫ് ദി റിങ്‌സ്, ഹംഗർ ഗെയിംസ് എന്നീ ചിത്രങ്ങൾക്ക് ആക്ഷനൊരുക്കിയത്. ഗ്ലാഡിയേറ്റർ പോലുള്ള സിനിമളുടെ മേക്കപ്പ് മാനായ ട്രഫർ പ്രൊഡാണ് വീരത്തിന്റെയും അലങ്കാരം. ടൈറ്റാനിക്കിന്റെയും റെവറന്റിന്റെയും കളറിസ്റ്റ് സൂപ്പർവൈസറായ ജഫ് ഓലം, ഹാൻഡ് സിമ്മറിന്റെ അസോസിയേറ്റും ട്രാഫിക്, ഫാന്റം തുടങ്ങിയ സിനിമകൾക്കു സംഗീതമൊരുക്കി ജെഫ് റോണയാണു വീരത്തിലെ ഇംഗ്ലിഷ് ഗാനവും പശ്ചാത്തല ഈണങ്ങളുമൊരുക്കിയത്. നാട്ടിലെത്തി ആറു മാസത്തോളം ഇവർ സിനിമയ്ക്കായി പഠനം നടത്തി. അത്രയേറേ ആത്മാർഥതതയോടെയാണ് ഓരോരുത്തരും സിനിമയുടെ ഭാഗമായത്.

ചന്തുവാകാൻ മലയാളത്തിൽ നിന്നും ഓഡിഷന് ക്ഷണിച്ചപ്പോൾ മുപ്പതോളം അപേക്ഷകൾ കിട്ടിയതാണ്. അതിൽ നിന്നൊന്നും ശരിയാകാതെ വന്നപ്പോഴാണ് അന്വേഷണം കുറച്ചു കൂടി വിപുലമാക്കിയത്. ശാരീരികമായും അഭിനയ മികവിനാലും മുന്നിട്ടു നിൽക്കുന്ന ഒരാൾക്കു വേണ്ടിയുള്ള അന്വേഷണം ബോംബെയിലെ നാടകക്കളരികളിൽ പയറ്റിത്തെളിഞ്ഞ കുനാലിൽ എത്തിച്ചു. അദ്ദേഹം സിനിമയ്ക്കായി എടുത്ത ശ്രമങ്ങൾ എന്നെപ്പോലും അമ്പരപ്പിച്ചു. അത്രയേറെ ആത്മാർഥതയോടെയാണ് ചെയ്തത്. നാടകങ്ങളിൽ അഭിനയിച്ചൊരാൾക്ക് സംഭാഷണങ്ങളെ കാണാതെ പഠിക്കുവാനും ഇത്തരം സിനിമകൾക്കു വേണ്ട ബലം നൽകി ആ സംഭാഷണങ്ങളെ അവതരിപ്പിക്കുവാനും അതിനൊത്ത് മനവും മെയ്യവും കൊണ്ടുവരുവാനും സാധിക്കും എന്നെനിക്കു തോന്നി.

ഈ സിനിമയിൽ അഭിനയിക്കേണ്ട നടിമാർക്കു വേണ്ട പ്രത്യേകതകൾ വച്ച് അന്വേഷണം നടത്തിയപ്പോൾ േകരളത്തിനു പുറത്തു നിന്നാണ് അനുയോജ്യമായവരെ കിട്ടിയത്. മലയാളത്തിൽ നിന്നും നോക്കിയിരുന്നു. സിനിമ മൂന്നു ഭാഷകളിലാണ് ചിത്രീകരിച്ചത്. ഈ നടിമാർക്കു ഇംഗ്ലിഷും ഹിന്ദിയും അറിയാം. പിന്നെ പഠിച്ചെടുക്കേണ്ടത് മലയാള സംഭാഷണങ്ങൾ മാത്രമാണ് എന്നതും ഒരു കാരണമായി.

എനിക്കേറ്റവും ആത്മവിശ്വാസം പകരുന്നത് താരങ്ങളുടെ പ്രകടനമാണ്. ഓരോരുത്തരും മാസങ്ങളാണു സിനിമയുടെ പഠനത്തിനായി മാത്രം ചെലവിട്ടത്. നാട്ടിലെത്തി ആറുമാസത്തോളം കളരി പഠിക്കുവാനും മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഡയലോഗ് കാണാതെ പഠിക്കുവാനും മാത്രം വേണ്ടി വന്നു അവർക്ക്. പിന്നെ ഹോളിവുഡിലും ബോളിവുഡിലും നമ്മുടെ നാട്ടിലും പ്രദർശിപ്പിക്കുന്നുണ്ട്. ഗോൾഡൻഗ്ലോബിലേക്ക് എൻട്രി കിട്ടി. അതെല്ലാം ആത്മവിശ്വാസം നൽകുന്നു. ജയരാജ് പറയുന്നു.