കണ്ണൂർ: വാഹനാപകടത്തിൽ പെട്ട സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജന് കാൽമുട്ടിന് പരുക്ക്. വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് അപകടം. അഞ്ചരക്കണ്ടി- തലശേരി റൂട്ടിലെ മമ്പറംപവർലൂം മെട്ടയിൽ വച്ചാണ് അപകടമുണ്ടായത്. എം.വി ജയരാജൻ സഞ്ചരിച്ച സി.പി. എം കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ഇന്നോവ കാർ മറ്റൊരു സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇന്നോവയുടെ പുറകുവശത്തായിരുന്നു ജയരാജൻ. സ്വിഫ്റ്റ് കാറിലെ പാച്ചപൊയ്ക സ്വദേശികളായ ഒരുകുട്ടിയുൾപ്പെടെ നാലുപേർക്കും പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഇരുകാറുകളുടെയും മുൻവശം പൂർണമായും തകർന്നു..പരുക്കേറ്റ എം.വി ജയരാജനെയും മറ്റു യാത്രക്കാരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാം വട്ടംകോവിഡ് ബാധിതനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന എം.വി ജയരാജൻ കഴിഞ്ഞ ദിവസമാണ് വീണ്ടും പൊതുപ്രവർത്തനരംഗത്ത് സജീവമായത്. ഇതിനിടെയാണ് അപകടമുണ്ടായത്.