വിഴമല്ലിത്തറയിൽ നാദ വസന്തംതീർത്ത് നടൻ ജയറാമും 135 കലാകാരന്മാരും. മേള പ്പൊലിമയോടെ പഞ്ചാരിമേളം തീർത്ത് വീണ്ടും ജയറാം എത്തിയപ്പോൾ ക്ഷേത്രാങ്കണവും, ഭക്ത മനസുകളും നാദ വിസ്മയത്തിൽ നിറഞ്ഞൊഴുകുകയായിരുന്നു. ചോറ്റാനിക്കര നവരാത്രി ആഘോഷത്തിന്റെ എട്ടാം ദിവസമായ ഇന്നലെ രാവിലെയോടെയാണ് ജയറാമിന്റെ നേതൃത്വത്തിൽ 135 ഓളം കലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളം, നാടിനെയും ക്ഷേത്രാങ്കണത്തെയും മേളക്കൊഴുപ്പിലേറ്റിയത്.

മൂന്നു മണിക്കൂറോളം നീണ്ട മേളം ക്ഷേത്രാങ്കണമാകെ അലയടിച്ചുയർന്നു. അഞ്ച് കാലങ്ങളിലായി 96 അക്ഷര കാലങ്ങളും പൂർത്തിയാക്കിയ താള പൂർണമായിരുന്നു മേളം. മേള പ്രമാണിയായി 'ഇക്കിടംതല'യിൽ നിന്ന ജയറാമിനടുത്തായി ചോറ്റാനിക്കര സത്യൻ നാരായണമാരാർ, തിരുമറയൂർ രാജേഷ്, ആനിക്കാട്ട് ഗോപകുമാർ എന്നിവരുൾപ്പെടെ ഇരുപതോളം പേർ അണിനിരന്നു. 'വലംതലയി'ൽ ചോറ്റാനിക്കര രഞ്ജിത്ത്, ചോറ്റാനിക്കര അനു, തിരുവാങ്കുളം സതീശൻ, പുതിയകാവ് ശരത് എന്നിവരടക്കം 35 പേർ അണിചേർന്നു

ഇലത്താളത്തിന് ചോറ്റാനിക്കര സുനിൽ, വേണുഗോപാൽ, രാജു, ബാഹുലേയൻ, പറവൂർ സോമൻ എന്നിവർക്കൊപ്പം മുപ്പത്തിയഞ്ചോളം പേരുണ്ടായി. കുഴൽവാദ്യത്തിന് പെരുവാരം സതീശൻ, കൊടകര അനൂപ്, ചേർത്തല ബാബു, തുറവൂർ വിഷ്ണു എന്നിവർക്കൊപ്പം 15 പേരാണുണ്ടായത്. കൊമ്പ് വാദ്യത്തിന് മച്ചാട് ഹരിദാസ്, വെന്നിമല രാജേഷ്, ഉദയപുരം ഷിബു എന്നി പ്രമുഖ കലാകാരന്മാർ അടങ്ങിയ മുപ്പതോളം പേർ ആയിരുന്നു പഞ്ചാരിയിലെ മുൻ നിര വാദ്യക്കാർ.

ഇത് നാലാം തവണയാണ് ജയറാം ചോറ്റാനിക്കര ദേവിക്ക് മുൻപിൽ മേള വിസ്മയം തീർക്കുന്നത്. പഞ്ചാരി ആസ്വദിക്കാനും കൊഴുപ്പിക്കാനുമായി വൻ ജനാവലിയായിരുന്നു ക്ഷേത്രത്തിൽ അണിനിരന്നത്. മേളം ആസ്വദിക്കാൻ സംവിധായകൻ ഷാജി കൈലാസും നടന്മാരായ സുരേഷ് കൃഷ്ണ, സന്തോഷ് തുടങ്ങിയ ഒട്ടനവധിപേരും എത്തി. ക്ഷേത്രാങ്കണം വലംവെച്ച് കിഴക്കേ നടപ്പുരയിലെത്തി കലാശം കൊട്ടിയാണ് മേളം സമാപിച്ചത്.