പെരുമ്പാവൂർ:രാവിലെ പണിക്ക് പോയശേഷം ഉച്ചയോടെ മദ്യപിച്ച് ലക്ക്‌കെട്ട് വീട്ടിലെത്തി. പിന്നെ കൈയിൽ കരിതിയിരുന്ന മദ്യക്കുപ്പി കാണാനില്ലന്നും പറഞ്ഞ് ഒച്ചപ്പാടായി. ഒളിപ്പിച്ചുവച്ച മദ്യക്കുപ്പി എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ട് ആദ്യം തല്ലി. പിന്നെ വയറിന് ചവിട്ടി. അവശയായതിനെത്തുടർന്ന് രാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം.

കുവപ്പടിക്ക് സമീപം കൊടുവേലിപ്പടിയിൽ ഭർത്താവിന്റെ മർദ്ദനമേറ്റ ശേഷം ഭാര്യ മരിച്ച സംഭവത്തിൽ ദൃക്‌സാക്ഷിയായും പ്ലസ്സ്ടു വിദ്യാർത്ഥിയായ മകൻ പൊലീസിൽ നൽകിയ വിവരങ്ങൾ ഇങ്ങിനെ. ഇന്നലെ രാത്രി 9.30 ഓടെയാണ് തിരുവനന്തപുരം ശാസ്താംപറമ്പ് സ്വദേശിയായ ജയരേഖ (38) ഭർത്താവ് രമാകാന്തനുമായി ഉണ്ടായ കലഹത്തിന് മണിക്കൂറുകൾക്ക് ശേഷം അവശയായി മകന്റെ കൺമുന്നിൽ ജീവൻവെടിഞ്ഞത്.

മൂന്ന് മാസം മുമ്പാണ് ഇവർ ഇവിടെ വായകയ്ക്ക് താമസം ആരംഭിച്ചത്. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. ഇന്നലെ ഉച്ചക്കുമുതൽ ഇവർ താമസിച്ചിരുന്ന വീട്ടിൽനിന്നും ബഹളം കേട്ടിരുന്നതായി സമീപവാസികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവ സമയത്ത് രമാകാന്തൻ മദ്യലഹരിയിലായിരുന്നു. ഭാര്യയെ മർദ്ദിച്ച ശേഷം രാത്രി ഏഴുമണിയോടെ ഇയാൾ വീട്ടിൽ നിന്നും പുറത്തുപോയി.

രാത്രി എട്ടുമണിയോടെ ജയരേഖ അവശയാവുകയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെടുന്നതായി അമ്മ അറിയിച്ചെന്നും തുടർന്ന് അയൽക്കാരെയും കൂട്ടി താൻ മാതാവിനെ ആശുപത്രിയിൽ എത്തിച്ചെന്നും തുടർന്ന് മരണപ്പെട്ടെന്നുമാണ് മകൻ രാജ് അമ്പാടി കോടനാട് പൊലീസുമായി പങ്കുവച്ച വിവരം.

സംഭവത്തിൽ 45 കാരനായ രമാകാന്തനെ കോടനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോസ്റ്റുമേർട്ടത്തിനുശേഷം മാത്രമേ ജയരേഖയുടെ മരണകാരണം വ്യക്തമാകൂ എന്ന് കോടനാട് പൊലീസ് അറിയിച്ചു. മൃതദേഹം ഇപ്പോൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടത്താനായിട്ടില്ലന്നാണ് പൊലീസ് നൽകുന്ന വിവരം.അവശയായി കാണപ്പെട്ട അവസരത്തിൽ വായിൽനിന്നും നുരയും പതയും വന്നിരുന്നതായി ആശുപത്രിയിലേക്ക് കൊണ്ടുപോയ മകനും അയൽവാസിയും പൊലീസിനെ ധരിപ്പിച്ചിട്ടുണ്ട്. അതിനാൽ പോസ്റ്റുമോർട്ടം പൊലീസ് സർജ്ജേനേക്കൊണ്ട് നടത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും കോടനാട് പൊലീസ് അറിയിച്ചു.