- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാങ്കോ കന്യാ സ്ത്രീ മഠത്തിൽ 28 മാസത്തിനിടയിൽ 13 തവണ എന്തിനാണ് വന്ന് താമസിച്ചത് എന്നുള്ള കാര്യം പോലും സംശയ ദൃഷ്ടിയോടെ നോക്കിയില്ല; പറ്റിയത് പരാതികൾ വിശകലനം ചെയ്തപ്പോഴുള്ള വീഴ്ച; അപ്പീലിനു പോയി കന്യാ സ്ത്രീക്ക് നീതി വാങ്ങി കൊടുക്കാൻ സർക്കാർ ശ്രമിക്കണം; ജയശങ്കറിന് പറയാനുള്ളത്
കൊച്ചി: കന്യാ സ്ത്രീ പറയുന്നത് മുഴുവൻ കളവാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന രീതിയിലുള്ള വിധി പ്രസ്താവനയാണ് ഫ്രാങ്കോ കേസിൽ ഉണ്ടായതെന്ന് അഡ്വ. ജയശങ്കർ. കേസിൽ വെറുതെ വിട്ട ഫ്രാങ്കോ മുളയ്ക്കൻ ഒരു സാധാരണ കന്യാ സ്ത്രീ മഠത്തിൽ 28 മാസത്തിനിടയിൽ 13 തവണ എന്തിനാണ് വന്ന് താമസിച്ചത് എന്നുള്ള കാര്യം പോലും കോടതി സംശയ ദൃഷ്ടിയോടെ നോക്കിയില്ല. മൊത്തത്തിൽ തല തിരിഞ്ഞ ജഡ്ജ്മെന്റാണിത്. ഒരു ജഡ്ജ്മെന്റ് എങ്ങനെ എഴുതരുതെന്ന് ചോദിച്ചാൽ അതിനുദാഹരണമാണ് ഈ ജഡ്ജ്മെന്റ്. വിധിയിൽ വല്ലാത്ത നിരാശയുണ്ടെന്നും സർക്കാർ എത്രയും വേഗം അപ്പീലിന് പോകണമെന്നും അദ്ദേഹം മറുനാടനോട് പ്രതികരിച്ചു.
ഫ്രാങ്കോ കേസിന്റെ വിധി പ്രസ്താവന മനസ്സിരുത്തി തന്നെയാണ് ഞാൻ വായിച്ചത്. സാക്ഷിമൊഴികളും തെളിവുകളും മറ്റും സസൂഷ്മം കോടതി നിരീക്ഷിച്ചു. പക്ഷേ ഇര കുറ്റക്കാരിയാണെന്ന് വരുത്തി തീർക്കുന്ന തരത്തിലേക്ക് വിധി മാറി പോകുകയാണ് ചെയ്തത്. സ്ത്രീ പീഡനക്കേസിൽ സാധാരണ ഗതിയിൽ മറ്റു തരത്തിലുള്ള തെളിവകൾ സാധാരണ കുറവായിരിക്കും. കാല താമസമുള്ള കേസിൽ മെഡിക്കൽ തെളിവുകൾ പോലും ഉണ്ടായെന്ന് വരില്ല.
അതിനാൽ ഇരയുടെ വാക്കാലുള്ള മൊഴിക്കാണ് പ്രാമുഖ്യം നൽകേണ്ടത് എന്ന് സുപ്രീം കോടതി പോലും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇവിടെ അതുണ്ടായില്ല. പന്ത്രണ്ടു ദിവസത്തോളമാണ് കന്യാ സ്ത്രീയെ എതിർഭാഗം അഭിഭാഷകൻ വിസ്താരം നടത്തിയത്. എന്നാൽ അവർ പറഞ്ഞ മൊഴിയിൽ നിന്നും അണുവിട വ്യതിചലിച്ചില്ല. ആ മൊഴിയിൽ കാര്യമായ പൊരുത്തക്കേടും ഉണ്ടായിട്ടില്ല. അതു പോലെ രണ്ടു മുതൽ നാലുവരെയുള്ള സാക്ഷികളായ ഇതേ കോൺവെന്റിലെ കന്യാ സത്രീകളും ഇരയായ കന്യാ സ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന മൊഴി തന്നെയാണ് നൽകിയതും. എന്നിട്ടും വിധി മറിച്ചായിപ്പോയി.
പറ്റിയത് മുൻ പരാതികൾ വിശകലനം ചെയ്തപ്പോഴുള്ള വീഴ്ചയാണ്. ആദ്യം കേരളത്തിലെ സഭാ നേതൃത്വത്തിന് കൊടുത്ത പരാതിയിൽ ലൈംഗിക അതിക്രമത്തെപറ്റി പരാമർശിച്ചിട്ടില്ല എന്നതായിരുന്നു കണ്ടെത്തിയ പൊരുത്തക്കേട്. എന്നാൽ ഇറ്റലിയിലേക്ക് അയച്ച കത്തിൽ കൃത്യമായി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇവിടെയുള്ള സഭാ നേതൃത്വത്തിനോട് എല്ലാം തുറന്നെഴുതാനുള്ള വൈമുഖ്യം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
പക്ഷേ മാർ ആലഞ്ചേരിയെ കോടതിയിൽ വിസ്തരിച്ചപ്പോൾ ലൈംഗിക അതിക്രമത്തെ പറ്റി പരാതിയിൽ ഇല്ലായിരുന്നെന്നും എന്നാൽ ചില സൂചനകൾ ഉണ്ടായിരുന്നെന്നും പറഞ്ഞിരുന്നു. ഇതു പോലെയുള്ള ചെറിയ പൊരുത്തക്കേടുകൾ കണ്ടെത്തിയാണ് ഇരയെ കുറ്റക്കാരിയാക്കുന്ന തരത്തിൽ വിധി പ്രസ്താവിച്ചത്. ഇത് വളരെ ആപത്ക്കരമായ സ്ഥിതിവിശേഷമാണ്. കാരണം ഏത് ക്രിമിനൽകേസും സാക്ഷിമൊഴികൾ തമ്മിൽ ചില പൊരുത്തക്കേടുകൾ ഉണ്ടാവും. അങ്ങനെ ഇല്ലാതെ ഇസ്തിരി ഇട്ടപോലെ, അല്ലെങ്കിൽ കാർബൺ കോപ്പി പോലെയാണെങ്കിൽ അതാണ് അസ്വാഭാവികം.
കോടതി കന്യാ സ്ത്രീയുടെ പരാതിയെ മനുഷ്യത്വപരമായി സമീപിക്കാതെ യാന്ത്രികമായിട്ടാണ് സമീപിച്ചിരിക്കുന്നത്. ഇതിൽ എന്ത് മാത്രം സത്യം ഉണ്ട് എന്ന് പരിശോധിക്കുന്നതിന് പകരം എന്ത് മാത്രം കളവുണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. അത് അങ്ങേയറ്റം നിർഭാഗ്യകരമായിപ്പോയി. പൊതു സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ ഭയാനകമാണ്. സ്വത്തും സമ്പാദ്യവുമുള്ള ഒരാൾ പീഡിപ്പിച്ചാൽ ആരും ഇനി പരാതിയുമായി മുന്നോട്ട് വരില്ല.
പരാതിയുമായി പോയാൽ ഇപ്പോൾ സംഭവിച്ചതു പോലെ വേദനാജകമായ കാര്യങ്ങളാവും ഉണ്ടാവുക എന്ന് കരുതും. ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ വിശുദ്ദനായി മാറിയിരിക്കുകയാണ്. പാട്ടു കുർബ്ബാന നടത്തുന്നു, മറ്റത്തെ തുടുംബ പള്ളിയിൽ 52 കതിനകൾ പൊട്ടിച്ച് സ്വീകരണം ഏറ്റുവാങ്ങുന്നു. ഇതൊക്കെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകി കഴിഞ്ഞു. അതിനാൽ എത്രയും വേഗം തന്നെ മേൽക്കോടതിയിൽ അപ്പീലിനു പോയി കന്യാ സ്ത്രീക്ക് നീതി വാങ്ങി കൊടുക്കാൻ സർക്കാർ ശ്രമിക്കണം-ജയശങ്കർ പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.