കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയെ പിന്തുണയ്ക്കുന്ന ഇന്ത്യൻ സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിച്ച് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകൻ സനത് ജയസൂര്യ.

'അയൽരാജ്യമെന്ന നിലയിലും അടുത്ത സഹോദര രാജ്യമെന്ന നിലയിലും ഇന്ത്യ എന്നും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തെ അതിജീവിക്കുന്നത് ചെറിയ കാര്യമല്ല. ഇന്ത്യയുടേയും മറ്റ് രാജ്യങ്ങളുടേയും സഹായത്തോടെ ഞങ്ങൾക്ക് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ശ്രീലങ്കയിൽ തുടരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ സർക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിന് സനത് ജയസൂര്യ പിന്തുണയറിയിച്ചു. ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിർഭാഗ്യകരമാണ്. രാജ്യത്തെ ജനങ്ങൾ ഈ അവസ്ഥയിലൂടെ കടന്ന് പോകാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും ഇത് രാജ്യത്തെ തകർച്ചയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനമില്ല, ഗ്യാസില്ല, 10-12 മണിക്കൂർ വരെ ദിവസേന വൈദ്യുതി മുടങ്ങുന്നു. ഇത്തരത്തിൽ ജീവിക്കാൻ പ്രയാസമുള്ളതിനാലാണ് ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങിയത്. സാഹചര്യം ശരിയായ വിധം കൈകാര്യം ചെയ്തില്ലെങ്കിൽ അതൊരു ദുരന്തമായി മാറുമെന്ന് താരം മുന്നറിയിപ്പ് നൽകി. സ്വന്തം സർക്കാരിനെതിരെ രാജ്യത്തെ ജനങ്ങൾ പ്രതിഷേധിക്കുന്നത് കാണുമ്പോൾ തനിക്ക് ഒരുപാട് വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമാസക്തരാകാതെ എല്ലാവരും സമാധാനപരമായി പ്രതിഷേധിക്കണം. രാജ്യം നേരിടുന്ന ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം സർക്കാരിനാണ്. ഇതിനാലാണ് ജനങ്ങൾ സർക്കാരിനെതിരെ തിരിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവശ്യസാധനങ്ങൾ ലഭിക്കാൻ പോലും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജീവിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ആളുകൾക്ക് തെരുവിലിറങ്ങേണ്ടി വന്നതെന്നും സാഹചര്യത്തെ ഇപ്പോൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അത് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ ഇതിനോടകം കോടിക്കണക്കിന് രൂപയുടെ സഹായം അയച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ധനപ്രതിസന്ധി നേരിടാൻ 36000 ടൺ പെട്രോളും 40,000 ടൺ ഡീസലും കഴിഞ്ഞദിവസം ശ്രീലങ്കയിലേക്ക് അയച്ചിരുന്നു. വിവിധ വിഭാഗങ്ങളിലായി 270,000 ടൺ ഇന്ധനം ശ്രീലങ്കയിലേക്ക് ഇന്ത്യ അയച്ചതായി ശ്രീലങ്കയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു.