കൊച്ചി: നടൻ ജയസൂര്യ തന്റെ കടുത്ത ആരാധികയ്ക്ക് സർപ്രൈസ് സമ്മാനം നൽകി ഞെട്ടിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ കടയിലെ ഹൗസ്‌ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ജയസൂര്യ സർപ്രൈസ് സമ്മാനം നൽകിയത്.

കടയിൽ ജയസൂര്യ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ പുഷ്പ ആകാംക്ഷയിലായിരുന്നു. അദ്ദേഹത്തെ ഒന്ന് നേരിൽ കാണുക എന്നത് മാത്രമായിരുന്നു പുഷ്പയുടെ മനസ്സിൽ ഉണ്ടായിരുന്നത്.

പുഷ്പ ചേച്ചി തന്റെ കടുത്ത ആരാധികയാണെന്ന അറിഞ്ഞ ജയസൂര്യ അവരെ പരിചയപ്പെടുകയും സ്വന്തം ഫോണിൽ അവർക്കൊപ്പമൊരു ഫോട്ടോ എടുക്കുകയും ചെയ്തു. തന്റെ പ്രിയനടനെ നേരിൽകണ്ടു പരിചയപ്പെട്ട കാര്യം വീട്ടിൽ ചെല്ലുമ്പോൾ പറഞ്ഞറിയിക്കാൻ പുഷ്പയുടെ കയ്യിൽ ഉള്ളത് സ്മാർട് ഫോൺ ആയിരുന്നില്ല.

ഇത് മനസിലാക്കിയ ജയസൂര്യ, പുഷ്പയ്ക്കായി കരുതി വച്ചിരുന്നത് ഒരു സർപ്രൈസ് ആയിരുന്നു. കടയിൽ നിന്നും പോകുന്നതിനു മുമ്പ് തന്റെ ഫോണിൽ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് പുഷ്പയ്ക്ക് സമ്മാനിക്കുകയായിരുന്നു.

പുഷ്പ പോലും അറിയാതെ തനിക്കൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ വെളിയിൽ വിട്ടാണ് മിനിറ്റുകൾക്കുള്ളിൽ ആ മനോഹര ചിത്രം ഫ്രെയിമിനുള്ളിലാക്കി പ്രിയപ്പെട്ട ആരാധികയ്ക്കു നൽകുകയായിരുന്നു. കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് എടുത്ത സെൽഫി അത്രവേഗം ഫ്രെയിമിൽ കണ്ടതോടെ പുഷ്പ അമ്പരന്നുപോയി. തന്റെ ആഹ്ലാദം ജയസൂര്യയുമായി പുഷ്പ പങ്കുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.