ഷിംല: കോൺഗ്രസ്സിൽ നിന്ന് രാജ്യത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണംകൂടി പിടിച്ചെടുത്തതിന്റെ ആനന്ദം അലതല്ലിയ ചടങ്ങിൽ ഹിമാചലിൽ 

ജയ്‌റാം ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു. സംസ്ഥാനത്തിന്റെ പതിന്നാലാമത്തെ മുഖ്യമന്ത്രിയാണ് ജയ്‌റാം. സത്യപ്രതിജ്ഞാ ചടങ്ങുകൾ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു ആരംഭിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ജനങ്ങൾക്ക് തങ്ങളിലുള്ള വിശ്വാസം സംരക്ഷിക്കുമെന്നും അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ശ്രമിക്കുമെന്നും അധികാരമേറ്റതിന് പിന്നാലെ നടന്ന പ്രസംഗത്തിൽ ജയ്റാം ഠാക്കൂർ പറഞ്ഞു. ഈ സന്ദർഭത്തിൽ എന്റെ അച്ഛനെ ഓർക്കുകയാണ്. അദ്ദേഹം കൂടെയില്ലെന്ന വിഷമം ഉണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ അമ്മ എത്തിയില്ലെങ്കിലും അവരുടെ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും ഠാക്കൂർ പറഞ്ഞു.

മുഖ്യമന്ത്രിയെ കൂടാതെ മഹേന്ദ്ര സിങ്, സുരേഷ് ഭരദ്വാജ്, അനിൽ ശർമ, സർവീൻ ചൗധരി, റാം ലാൽ മാർകണ്ടെ, വിപിൻ സിങ് പർമർ, വീരേന്ദർ കൻവർ, വിക്രം സിങ്, ഗോവിന്ദ് സിങ്, രാജീവ് സഹ്ജൽ, കിഷൻ കപൂർ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഹിമാചൽ പ്രദേശിലെ ബിജെപിയുടെ വിജയം ഓരോ സാധാരണക്കാരന്റേയും വിജയമാണെന്ന് ഠാക്കൂറിന്റെ ഭാര്യ സാധന ഠാക്കൂർ പറഞ്ഞു.

ഒരുപാട് പ്രതീക്ഷയോടെയാണ് ബിജെപിയെ ജനങ്ങൾ അധികാരത്തിലേറ്റിയതെന്നും ജനങ്ങളുടെ വിഷമതകൾ കണ്ടറിഞ്ഞ് അത് പരിഹരിക്കാൻ സർക്കാർ ശ്രമിക്കുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

ഗവർണർ ആചാര്യ ദേവ്വ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തു. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന പ്രേം കുമാർ ധുമാൽ പരാജയപ്പെട്ടതോടെയാണ് ജയ്‌റാം ഠാക്കൂർ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. മുമ്പ് അഞ്ചുവട്ടം എംഎ‍ൽഎ ആയി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.