ത്രയും തങ്കക്കുടം പോലുള്ള ഫായിസിനെയാണോ മലയാളത്തിലെ മാദ്ധ്യമങ്ങളെല്ലാവരും കള്ളക്കടത്തുകാരനും അധോലോക നായകനുമാക്കി മാറ്റി കല്ലെറിഞ്ഞത്? ജോൺ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷന്റെ ആദ്യഭാഗം കണ്ടാൽ ആർക്കും അങ്ങനെ തോന്നിപ്പോകും? ആഢംബര വാഹനങ്ങൾ കൊണ്ടും താരസുന്ദരികളെയും കൊണ്ട് കറങ്ങിയടിക്കുന്ന ഫായിസിന്റെ അവസ്ഥയെക്കുറിച്ചാണ് സ്വർണ്ണക്കടത്തു കേസിന്റെ ആദ്യഘട്ടത്തിൽ മാദ്ധ്യമ റിപ്പോർട്ടുകളെങ്കിൽ ബ്രിട്ടാസ് ജെബി ജംഗ്ഷനിലൂടെ പരിചയപ്പെടുത്തിയ ഫായിസ് എല്ലാം തികഞ്ഞ സൽസ്വഭാവിയായിരുന്നു. സ്വർണ്ണക്കടത്ത് എന്താണെന്ന് പോലും അറിയാത്ത പാവപ്പെട്ട ഒരു റെസ്‌റ്റോറന്റ് നടത്തിപ്പുകാരനും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും.

സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായി കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ഫായിസ് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യമായി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖമായിരുന്നു കൈരളി ടിവിയിൽ ബ്രിട്ടാസിന്റെ ജെബി ജംഗ്ഷനിൽ. സിപിഎമ്മിലെ ഗ്രൂപ്പ് യുദ്ധത്തിന്റെ ഭാഗമായി ആരോപണങ്ങളിൽ പരാമർശിക്കപ്പെട്ട ഫായിസിനെ തിരഞ്ഞെടുത്ത് അഭിമുഖം നടത്തി ഞെട്ടിക്കാൻ തുനിഞ്ഞ ബ്രിട്ടാസിന് പക്ഷേ അത്രകണ്ട് ശോഭിക്കാൻ കഴിഞ്ഞില്ല. എന്നാൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ കണ്ട കാര്യം എന്തിനായിരുന്നു എന്ന ചോദ്യത്തിലെ ഉത്തരം ബ്രിട്ടാസ് ആദ്യം തന്നെ ചോദിച്ചറിഞ്ഞു.

ടി പി വധക്കേസിലെ പ്രതിയായ മോഹനൻ മാസ്റ്ററെ കാണാനായല്ല പോയത്. എന്നാൽ അവിചാരിതമായി കണ്ടുവെന്ന് മാത്രം. കൊടി സുനിയെ കാണാനാണ് താൻ പോയതെന്നാണ് ഫായിസിന്റെ വാദം. കൊടി സുനി സഹപാഠിയും അയൽവാസിയുമായിരുന്നു. അതുകൊണ്ടാണ് ജയിലിലെത്തിയത്. അറബി വേഷം ധരിച്ചാണ് പോയതെന്ന വാദം തെറ്റാണ്. മലബാറിൽ മുസ്ലിംങ്ങൾ നോമ്പുകാലത്ത് ഇടുന്ന വേഷമാണ് ഇതെന്നിം ഫായിസ് വ്യക്തമാക്കി.

ഫായിസിന്റെ പെൺസൗഹൃദങ്ങളെ കുറിച്ചും ബ്രിട്ടാസ് ചോദിച്ചറിഞ്ഞു. മൈഥിലി, ശ്രവ്യ സുധാകർ തുടങ്ങിയവർ സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു ഫായിസിന്റെ മറുപടി. പലരും പറയുംപോലെ മൂന്ന് നാല് ഭാര്യമാരില്ല, ഒരു ഭാര്യ മാത്രമേയുള്ളൂ. തന്റെ പേരുമായി പരാമർശിച്ചക്കപ്പെട്ടതുകൊണ്ട് മാത്രം ഇവരൊക്കെ തെറ്റിദ്ധരിക്കപ്പെട്ടു. മാദ്ധ്യമങ്ങളിലെ കഥകൾ കേട്ട് തന്റെ കുടുംബത്തിന് പോലും ബുദ്ധുമുട്ടുണ്ടായി. കോടികൾ മുടക്കി വീട് നിർമ്മിച്ച വ്യക്തിയല്ല. 16 കോടി വിലയുള്ള വീട് നിർമ്മിച്ചുവെന്നാണ് മാദ്ധ്യമങ്ങളിൽ വന്നത്. ഇക്കാര്യത്തിൽ ആർക്കും പരിശോധിക്കാമെന്നും ഫായിസ് ബ്രിട്ടാസിനോട് പറഞ്ഞു.

ഗൾഫിലെ രാജകുമാരന്റെ കമ്പനിയിലാണ് പ്രവർത്തിക്കുന്നത്. അവിടെ നിന്നും പ്രവർത്തിച്ചതുകൊണ്ട് നിരവധി പ്രമുഖരുമായി ബന്ധമുണ്ടെന്ന് മാത്രം. മിക്ക രാഷ്ട്രീയ പാർട്ടിയിലെ ആളുകളുമായി ബന്ധമുണ്ട്. എന്നാൽ അത് മാദ്ധ്യമങ്ങൾ എഴുതിയതു പോലെ കള്ളക്കടത്തിന് സഹായം തേടാനല്ല. കാസർകോട്ടെ സ്വർണ്ണക്കടത്തുകൊലപാതകത്തിൽ ബന്ധമുണ്ടെന്ന് പോലും ചില മാദ്ധ്യമങ്ങൾ എഴുതി. ഇതൊക്കെ എവിടെ നിന്നാണ് വരുന്നതെന്നാണ് താൻ ആലോചിച്ചതെന്നുമാണ് ഫായിസ് പറഞ്ഞത്. സ്വന്താമായി ആഢംബര കാറുകൾ ഇല്ല. സുഹൃത്തുക്കളുടെ കാറുകളാണ് സിനിമാ ഷൂട്ടിംഗിനായി നൽകിയത്.

സ്വർണ്ണക്കടത്തുകേസിൽ അറസ്റ്റിലായ ഫിറമോസ സെബാസ്റ്റ്യനെ തനിക്ക് പരിചയമില്ല. താൻ സ്ഥിരമായി യാത്ര ചെയ്യാറ് എമിറേറ്റ്‌സ് വിമാനത്തിലാണ്. ഫിറമോസ എയർഇന്ത്യയിലെ പൈലറ്റാണ്. എന്നിട്ടും തന്റെ പേര് വലിച്ചിഴക്കുകയായിരുന്നുവെന്നും ഫായിസ് ബ്രിട്ടാസിനോട് പറഞ്ഞത്. തന്നെ മാദ്ധ്യമങ്ങളെല്ലാവരും കൂടി രാജവെമ്പാലയാക്കി മാറ്റുകയായിരുന്നു. എന്നാൽ താൻ വെറും ചേരയാണെന്നാണ് ഫായാസിന്റെ വിശദീകരണം.