- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിനൊടുവിൽ മലയാള സിനിമയുടെ പിതാവിന്റെ ശിൽപ്പനത്തിന് ഒരിടമായി; ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ നിർമ്മിച്ച പ്രതിമ നെയ്യാറ്റിൻകര മൈതാനിയിൽ സ്ഥാപിക്കും; പദ്ധതി വിപുലപ്പെടുത്തി നഗരസഭ പാർക്കും ഓപ്പൺ തിയേറ്ററുമൊരുക്കും
നെയ്യാറ്റിൻകര: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ പ്രതിമക്ക് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരിടമായി.ജെ സി ഡാനിയേൽ ഫൗണ്ടേഷൻ നിർമ്മിച്ച ശിൽപ്പം നെയ്യറ്റിൻകര മൈതാനിയിൽ സ്ഥാപിക്കും.ജെ.സി.ഡാനിയൽ ഇരുന്നുകൊണ്ട് ഫിലിം റോൾ നോക്കുന്നതായുള്ള പ്രതിമയാണ് നിർമ്മിച്ചത്.
പ്രതിമ നിർമ്മിച്ചിട്ട് വർഷങ്ങളായെങ്കിലും സ്ഥാപിക്കാൻ ഒരു സ്ഥലം ഫൗണ്ടേഷൻ ഭാരവാഹികൾക്ക് ലഭിച്ചിരുന്നില്ല.സ്ഥലത്തിനായി ഫൗണ്ടേഷൻ ഭാരവാഹികൾ കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകളില്ല.മൂന്നുവർഷത്തെ അലച്ചിലിനൊടുവിലാണ് നെയ്യാറ്റിൻകര നഗരസഭയുടെ മൈതാനിയിൽ ശിൽപ്പത്തിന് ഇരിപ്പിടമായത്.പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മൈതാനിയിൽ നഗരസഭയുടെ നേതൃത്വത്തിൽ പാർക്കും ഓപ്പൺ തിയേറ്ററും നിർമ്മിക്കും.
പ്രതിമ സ്ഥാപിക്കാൻ ഇടമില്ലാതായതോടെ കോട്ടയത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ താത്കാലികമായി കൊണ്ടുവെക്കുകയായിരുന്നു.ഫൗണ്ടേഷന്റെ ആവശ്യമറിഞ്ഞ് നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ പ്രതിമ നെയ്യാറ്റിൻകരയിൽ സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചു.തുടർന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്.നായർ പ്രതിമ നെയ്യാറ്റിൻകരയിലെത്തിച്ചു. പ്രതിമ നഗരസഭാ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്.
എട്ട് അടി ഉയരത്തിലുള്ള പ്രതിമയ്ക്ക് 800 കിലോ ഭാരവുമുണ്ട്. സിമെന്റിൽ നിർമ്മിച്ച പ്രതിമയ്ക്ക് രണ്ടരലക്ഷത്തിലേറെ രൂപ ചെലവായി. ഷാജി വാസൻ എന്ന ശില്പിയാണ് പ്രതിമ നിർമ്മിച്ചത്.നഗരസഭാ മൈതാനിയിൽ സ്വകാര്യവ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പാർക്ക് നിർമ്മിക്കുന്നത്.ഇവിടെ ഓപ്പൺ തിയേറ്ററും നിർമ്മിക്കും.
ഇവിടത്തെ പാർക്കിലാണ് പ്രതിമ സ്ഥാപിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ വ്യക്തമാക്കി.നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പ്രതിമ സ്ഥാപിക്കൽ വൈകാതെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ