തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവ്​ ജെ.സി. ഡാനിയേലിന്റെ ഇളയമകൾ ലളിത ഹെൻറി ജോൺ അന്തരിച്ചു. 89 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെ വഴുതക്കാടുള്ള വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്​ ഏറെനാളായി ചികിത്സയിലായിരുന്നു. പരേതനായ ഹെൻറി ജോണാണ് ഭർത്താവ്. ജോൺ സെൽവനാഥൻ, സാമുവൽ ആരോൺ, ജോസി റെ എന്നിവർ മക്കളാണ്. കേരളത്തിലെ ആദ്യത്തെ സിനിമ സംവിധായകനാണ് ജെസി ഡാനിയൽ. വിഗതകുമാരനാണ് ആദ്ദേഹത്തിന്റെ ആദ്യ ചിത്രം. ജെസി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡ് വലിയ ശ്രദ്ധ നേടിയിരുന്നു.

ലളിത ഹെൻട്രി ജോണിന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അനുശോചനം അറിയിച്ചു. മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ജെ സി ഡാനിയേൽ ജീവിതത്തിൽ ഏറെ കഷ്ടതകൾ അനുഭവിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഏറെ വേദനകൾ സഹിച്ചു. ശ്രീമതി ലളിതയും ഈ അനുഭവങ്ങളിലൂടെ കടന്നു വന്നിട്ടുണ്ട്. മലയാളികൾ ആ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.