ഹൈദരാബാദ്: വിമാനജീവനക്കാരോട് മോശമായി പെരുമാറിയ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിന് എയർലൈൻ കമ്പനികൾ വിലക്കേർപ്പെടുത്തിയ വിവാദ സംഭവം ഇപ്പോഴും ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ തെലുഗുദേശം എംപിയും സമാനമായ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രവീന്ദ്ര ഗെയ്ക്ക്‌വാദ് സംഭവത്തിൽ സ്വീകരിച്ചതുപോലെ, ടി.ഡി.പി എംപിക്കും യാത്രാ വിലക്കേർപ്പെടുത്തി വിമാനക്കമ്പനികൾ ശക്തമായ നിലപാടിലാണ്.

അന്തപ്പുരിൽനിന്നുള്ള പാർലമെന്റംഗമായ ജെ.സി ദിവാകർ റെഡ്ഡിയാണ് കുഴപ്പങ്ങൾക്ക് പിന്നിൽ. വ്യാഴാഴ്ച രാവിലെ വിശാഖപട്ടണം വിമാനത്താവളത്തിലാണ് സംഭവങ്ങളുണ്ടായത്. വൈകിയെത്തിയ എംപിക്ക് ഇൻഡിഗോ ജീവനക്കാർ യാത്ര നിഷേധിക്കുകയായിരുന്നു. കുപിതനായ എംപി ജീവനക്കാരെ ചീത്തവിളിക്കുകയും പ്രിന്ററെടുത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ആദ്യം ഇൻഡിഗോയും പിന്നാലെ സ്‌പൈസ്‌ജെറ്റും എയർ ഇന്ത്യയും എംപിക്ക് യാത്രാവിലക്കേർപ്പെടുത്തി.

ഏതായാലും എംപിക്ക് യാത്ര മുടങ്ങിയില്ല. ഇതേസമയം തന്നെ വിമാനത്താവളത്തിലുണ്ടായിരുന്ന കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ ഇടപെടലിനെത്തുടർന്ന് യാത്ര തരപ്പെടുത്താനായെങ്കിലും വിലക്ക് തുടരുമെന്ന് വിമാനക്കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, റെഡ്ഡിക്ക് യാത്രയൊരുക്കാൻ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടായിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിശാഖപട്ടണം എയർപോർട്ട് ജീവനക്കാർ തന്നെയാണ് യാത്രയ്ക്കുള്ള ഏർപ്പാടുകൾ ചെയ്തത്.

വിമാനം പുറപ്പെടുന്നതിന് 45 മിനിറ്റ് മുമ്പെത്തുന്നവർക്ക് മാത്രമേ ബോർഡിങ് പാസ് നൽകൂ എന്നാണ് ആഭ്യന്തര യാത്രയിലെ ചട്ടം. ദിവാകർ റെഡ്ഡി എത്തിയപ്പോൾ വിമാനം പുറപ്പെടാൻ അരമണിക്കൂറിൽത്താഴെ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ബോർഡിങ് പാസ് നൽകില്ലെന്ന് പറഞ്ഞതോടെ എംപി ചൂടായി. പ്രിന്റർ എടുത്തെറിയുകയും ചീത്തവിളിക്കുകയും ചെയ്തു. ഇതോടെ വിമാനത്താവള അധികൃതർ പ്രശ്‌നത്തിൽ ഇടപെടുകയും ഇൻഡിഗോ വിമാനത്തിൽത്തന്നെ യാത്രയൊരുക്കുകയുമായിരുന്നു.

ഇത് രണ്ടാം തവണയാണ് ദിവാകർ റെഡ്ഡി വിമാനത്താവളത്തിൽ കുഴപ്പമുണ്ടാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് വിമാനം കിട്ടാതെവന്നപ്പോൾ എയർ ഇ്ന്ത്യ ഓഫീസിലായിരുന്നു എംപിയുടെ ദേഷ്യപ്രകടനം മുഴുവൻ.