ബംഗളൂരു: കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് എത്തിയതോടെ സെക്യുലർ ദളിൽ കൂട്ടത്തോടെ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. ഏഴ് വിമത ജെഡിഎസ് എംഎൽഎമാർ രാജിവച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ച അഞ്ച് എംഎൽഎമാരെ കൂടാതെ ഇന്ന് രണ്ട് പേർ കൂടി സ്പീക്കറെ കണ്ട് രാജിക്കത്ത് നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇവർ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിരുന്നു. ജെഡിഎസ് ന്യൂനപക്ഷ നേതാവായ സമീർ അഹമ്മദ് ഖാനടക്കമുള്ളവരാണ് കോൺഗ്രസിൽ ചേരുന്നത്. ഇവർ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന നീക്കമായി ഇത് മാറുമെന്നും ബിജെപിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്.

സെക്യുലർ ദൾ വിട്ട എംഎൽഎമാരെല്ലാം നാളെത്തന്നെ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ മൈസൂരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് എത്തുന്നുണ്ട്. ഈ റാലിയിൽവച്ച് ഇവർക്ക് കോൺഗ്രസ് അംഗത്വം നൽകുമെന്നാണ് വിവരം.

നേരത്തെ തന്നെ ഇവർ നേതൃത്വവുമായി അകൽച്ചയിലായിരുന്നു. 2016-ലും പാർട്ടി നിർദ്ദേശം അവഗണിച്ച് വോട്ട് ചെയ്ത ഈ എംഎൽഎമാരെ അയോഗ്യരാക്കുനുള്ള ജെഡിഎസിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇവരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.