ന്യൂഡൽഹി: ബിജെപി മൽസരിക്കുന്ന ഓരോ മണ്ഡലത്തിലും വിശാല ജനാധിപത്യ ശക്തികളുടെ പൊതുസ്ഥാനാർത്ഥിയെ ഉറപ്പാക്കാൻ സോഷ്യലിസ്റ്റുകൾ ഒരുമിക്കും. കർണ്ണാടകയിലെ ദേവഗൗഡയോയും ബീഹാറിലെ ശരത് യാദവിനേയും യോജിപ്പിക്കാനാണ് നീക്കം. സഹകരണ സാധ്യത സജീവമാക്കി രാഷ്ട്രീയ പ്രമേയവുമായി ലോക്താന്ത്രിക് ജനതാദളിന്റെ (എൽജെഡി) ആദ്യ ദേശീയ സമ്മേളനം നടന്നു. ജനതാദൾ (യു) വിട്ട മുൻ ദേശീയാധ്യക്ഷൻ ശരദ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചശേഷം നടന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്ന് എംപി.വീരേന്ദ്രകുമാർ അടക്കം മുൻനിര നേതാക്കളെല്ലാം എത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ജനാധിപത്യ മതേതര ശക്തികളെ ഏകോപിപ്പിക്കാനും വിശാലസഖ്യം ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾക്ക് എൽജെഡി മുൻകയ്യെടുക്കുമെന്നു ബിഹാർ മുൻ സ്പീക്കർ ഉദയ് നാരായണൻ ചൗധരി അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി. ഇതിനുവേണ്ടി മറ്റു പാർട്ടികളുമായി ആശയവിനിമയത്തിനു തുടക്കമിടാനും എൽജെഡി തീരുമാനിച്ചു. കർണാടകയിൽ ബിജെപി കേന്ദ്രത്തിലെ അധികാരവും പണവും ദുരുപയോഗം ചെയ്തതായി എംപി.വീരേന്ദ്രകുമാർ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി. ഡോ.വർഗീസ് ജോർജ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.

മാർഗദർശകൻ എന്ന നിലയിലാണു ശരദ് യാദവ് പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡിയും കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചു ബിജെപിയുമായി കൂട്ടുകൂടിയപ്പോൾ ഒപ്പം പോകാതെയാണു ശരദ് യാദവ് എൽജെഡി രൂപീകരിച്ചത്. എംപി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നു പ്രധാന പ്രവർത്തകരെല്ലാം എൽജെഡി സമ്മേളനത്തിലെത്തി. ഡോ.വർഗീസ് ജോർജ്, എം വിശ്രേയാംസ്‌കുമാർ, ഷെയ്ഖ് പി.ഹാരിസ്, കെ.പി.മോഹനൻ, വി.സുരേന്ദ്രൻപിള്ള, സി.കെ.ഗോപി, സണ്ണി തോമസ്, എൻ.കെ.ഭാസ്‌കരൻ, മനേഷ് ചന്ദ്രൻ, വി.കുഞ്ഞാലി, സലീം മടവൂർ, നസീർ പുന്നയ്ക്കൽ, ഐ.കെ.രവീന്ദ്രരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 190 പ്രതിനിധികൾ പങ്കെടുത്തു.

കേരളത്തിൽ രണ്ട് ജനതാദള്ളുണ്ട്. മാത്യു ടി തോമസിന്റെ ജനാതാദള്ളും വീരന്റെ പാർട്ടിയും ഇടതുപക്ഷത്താണ്. ഈ സാഹചര്യത്തിൽ ഇരുവരേയും ഒരുമിപ്പിക്കാൻ നീക്കം സജീവമാണ്. ബീഹാറിൽ ലാലു പ്രസാദും ശരത് യാദവും ഒരുമിക്കും. കർണ്ണാടകയിലും ബീഹാറിലും കേരളത്തിലും ജനതാദള്ളുകളുടെ ഒരുമിപ്പിക്കലാണ് ഇതിലൂടെ ചർച്ചയാകുന്നത്.