- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കോർപറേഷനിൽ ജെഡിയുവിന് സീറ്റ് നൽകിയതിനെ ചൊല്ലി യുഡിഎഫ് യോഗത്തിൽ ബഹളം; കോൺഗ്രസ് സ്ഥിരമായി ജയിക്കുന്ന വാർഡിൽ പണം വാങ്ങി സീറ്റ് ജെഡിയുവിന് നൽകിയെന്ന് ആക്ഷേപം
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ 28ാം വാർഡ് കുതിരവട്ടത്തെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി യുഡിഎഫ് യോഗത്തിൽ ബഹളം. ഇന്നലെ രാത്രി 8 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ആസ്ഥാനമായ ലീഗ് ഹൗസിൽ ചേർന്ന സ്ഥാനാർത്ഥി പ്രഖ്യാപന യോഗത്തിലാണ് കുതിരവട്ടത്തു നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ബഹളം വെച്ചത്.
സ്ഥിരമായി കോൺഗ്രസ് ജയിച്ചുവരുന്ന വാർഡിൽ ഇത്തവണ ജെഡിയുവിന് അവസരം നൽകിയെന്ന് ആരോപിച്ചാണ് പ്രവർത്തകർ ബഹളം വെച്ചത്. ജെഡിയു സ്ഥാനാർത്ഥിയിൽ നിന്ന് പണം വാങ്ങിയാണ് മത്സരിക്കാൻ അവസരം നൽകിയതെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചത്. ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ ആരോപണം ഉയർന്ന വാർഡിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് തത്കാലത്തേക്ക് മാറ്റിവെക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു.
അറിയച്ചതിലും മണിക്കൂറുകൾ വൈകിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന്. ഗ്രൂപ്പ് വഴക്കുകളും ആക്ഷേപങ്ങളുമായി നിരവധി പേർ എത്തിയതോടെ ആകെയുള്ള 75 വാർഡിൽ 45 സീറ്റിലേക്ക് മാത്രമെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞൊള്ളൂ. ചില വാർഡുകളിൽ സ്ഥാനാർത്ഥികളുടെ പേര് വായിച്ചപ്പോഴേക്കും ആ വാർഡുകളിൽ നിന്നുള്ള പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. അതോടെ ആ വാർഡിലെ സ്ഥാനാർത്ഥി പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയാണെന്നും കൂടുതൽ ചർച്ച നടത്തി പ്രഖ്യാപിക്കാമെന്നും നേതൃത്വം അറിയക്കുകയുമാണ് ഉണ്ടായത്.
ഇന്നലെ രാത്രി 8 മണിക്കാണ് ലീഗ് ഹൗസിൽ സ്ഥാനാർത്ഥി പ്രഖ്യാപനം തീരുമാനിച്ചത്. യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ ബഹളം തുടങ്ങിയിരുന്നു. കോൺഗ്രസ് പ്രവർത്തകരാണ് ബഹളമുണ്ടാക്കിയത്. മുന്നണിയിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥികളെ തർക്ക രഹിതമായി തന്നെ തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിലാണ് തർക്കം തുടരുന്നത്. ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ എം കെ രാഘവൻ എംപി, പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ, കെപിസിസി ജന. സെക്രട്ടറിമാരായ കെ പ്രവീൺകുമാർ, എൻ സുബ്രഹ്മണ്യൻ, ഡിസിസി പ്രസിഡന്റ് യു രാജീവൻ, മുനവറലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജന. സെക്രട്ടറി എം എ റസാഖ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തിരുന്നു.
ഇവരുടെ മുന്നിലായിരുന്നു കുതിരവട്ടം വാർഡിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. എംകെ രാഘവൻ എംപിയെ തടയാനും ചില പ്രവർത്തകർ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ജനാധിപത്യ പാർട്ടിയിൽ ഇതെല്ലാം സാധാരണമാണെന്നായിരുന്നു എം കെ രാഘവൻ എംപി ഇതു സംബന്ധിച്ച് പ്രതികരിച്ചത്.