ന്യൂഡൽഹി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാജ്യസഭാ ഡെപ്യുട്ടി ചെയർമാൻ സ്ഥാനാർത്ഥിയായി സ്ഥാനമൊഴിഞ്ഞ ഡെപ്യുട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിങ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം സെപ്റ്റംബർ 14 ന് ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ രാജ്യസഭയിലേക്ക് ഡെപ്യൂട്ടി ചെയർമാനെ തിരഞ്ഞെടുക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ജനതാദൾ യുണൈറ്റഡ് (ജെഡിയു) രാജ്യസഭാ എംപി ഹരിവംശ് നാരായൺ സിങ് എൻ‌ഡി‌എയ്ക്ക് വേണ്ടി ഡെപ്യൂട്ടി സ്പീക്കറായി നാമനിർദ്ദേശം സമർപ്പിച്ചത്.

സെപ്റ്റംബർ 14 ന് ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതിനായി സെപ്റ്റംബർ 11 ന് ഉച്ചയ്ക്ക് 12 മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.ഹരിവംശ് നാരായൺ സിങ്ങിന്റെ രാജ്യസഭാം​ഗത്വം ഏപ്രിൽ 9 ന് അവസാനിച്ചിരുന്നു, അദ്ദേഹം വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഭാരതീയ ജനതാ പാർട്ടി എല്ലാ രാജ്യസഭയിലെ എല്ലാ എംപിമാർക്കും വിപ്പ് നൽകി സെപ്റ്റംബർ 14 ന് സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാന്റെ തിരഞ്ഞെടുപ്പിനായി സംയുക്ത സ്ഥാനാർത്ഥിയെ നിയോഗിക്കുമെന്നും കോൺഗ്രസ് തീരുമാനിച്ചു. ഇതിനായി സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്നും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതിനിടെ, രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർജെഡി സ്ഥാനാർത്ഥിയെ പിന്തുണക്കാൻ കോൺഗ്രസ് ധാരണയായി എന്നും റിപ്പോർട്ടുണ്ട്. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ആർജെഡി അംഗം മത്സരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഡിഎംകെ സ്ഥാനാർത്ഥിയും പ്രതിപക്ഷത്തിന്റെ പരി​ഗണനയിലുണ്ട്.

സെപ്റ്റംബർ 14 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച ചേർന്ന പാർട്ടിയുടെ ഏകോപന സമിതിയിൽ യുപിഎയിലെ ഘടകക്ഷികളുമായും മറ്റ് പ്രതിപക്ഷ പാർട്ടികളുമായും ആലോചിച്ച് സ്ഥാനാർത്ഥിയെ കണ്ടെത്താൻ തീരുമാനിച്ചിരുന്നു. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സ്ഥാനാർത്ഥിയെ നിർണയിക്കാൻ കോൺഗ്രസ് നേതാക്കളോട് സോണിയാഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസ് പാർലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിലാണ് സോണിയാഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് മറ്റ് പ്രതിപക്ഷപാർട്ടികളുമായി ചേർന്ന് നേതാവിനെ തീരുമാനിക്കും. രാഹുൽഗാന്ധി, ആനന്ദ് ശർമ, എ.കെ.ആന്റണി, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

നിലവിൽ രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന ഹരിവംശ് നാരായൺ സിങ്ങിന്റെ കാലാവധി പൂർത്തിയാക്കിയതോടെയുള്ള ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് എംപിയായിരുന്ന പി.ജെ.കുര്യൻ 2018 ജൂലൈ ഒന്നിന് വിരമിച്ചതിനെ തുടർന്നാണ് ഉപാധ്യക്ഷ സ്ഥാനത്ത് ഒഴിവുവന്നത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ഹരിവംശ് നാരായൺ സിങ്ങ് വിജയിക്കുകയായിരുന്നു. എൻഡിഎ സ്ഥാനാർത്ഥി ജെഡിയുവിലെ ഹരിവംശ് നാരായൺ സംയുക്ത പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി മൽസരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ബി.കെ.ഹരിപ്രസാദിനെ 20 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഹരിവംശ് നാരായൺ സിങ് 125 വോട്ട് നേടിയപ്പോൾ ഹരിപ്രസാദിനു ലഭിച്ചത് 105 വോട്ടുകളാണ്.

അവസാന നിമിഷം വരെ ആർക്കു വോട്ടുചെയ്യുമെന്ന കാര്യം ‘സസ്പെൻസ്' ആക്കി നിലനിർത്തിയ ഒഡിഷയിലെ ബിജു ജനതാദൾ (ബിജെഡി) ഒടുവിൽ എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണച്ചതാണ് നിർണായകമായത്. ഇടയ്ക്ക് ഇടഞ്ഞുനിന്ന ശിവസേന, അകാലിദൾ എന്നീ പാർട്ടികൾ എൻഡിഎ സ്ഥാനാർത്ഥിക്കു പിന്നിൽ ഉറച്ചുനിന്നതും തെലുങ്കുദേശം പാർട്ടിയുടെ (ടിആർഎസ്) പിന്തുണ ലഭിച്ചതും വോട്ടെടുപ്പിൽ നിർണായകമായി.

ഹരിവംശ് നാരായൺ സിങ്ങിന്റെ തിരഞ്ഞടുപ്പോടെ രാജ്യസഭയുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിൽ എൻഡിഎ പ്രതിനിധികളെത്തി. ഉപരാഷ്ട്രപതി കൂടിയായ എം.വെങ്കയ്യ നായിഡുവാണ് രാജ്യസഭാ അധ്യക്ഷൻ. മൂന്നു തവണയൊഴികെ ഉപാധ്യക്ഷപദവി കോൺഗ്രസ് അംഗത്തിനാണു ലഭിച്ചിരുന്നത്. ഉപാധ്യക്ഷ സ്ഥാനം ഭരണഘടനാ പദവിയാണ്. 1952 മുതൽ 2012 വരെ മൊത്തം 19 തവണയാണു രാജ്യസഭ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തത്. അതിൽ 14 തവണയും മൽസരമില്ലായിരുന്നു. 1992 ജൂലൈയിൽ കോൺഗ്രസിലെ നജ്മ ഹെപ്തുള്ളയാണു മൽസരിച്ചു ജയിച്ച് ഉപാധ്യക്ഷയായത്.