കൊച്ചി : അശ്ലീല സംഭാഷണവും ബോഡി ഡബിളും ക്രിമിനൽ കുറ്റമെന്ന് പൊലീസ്. സംവിധായകൻ ജീൻ പോൾ ലാലിനെതിരെ യുവ നടി നൽകിയ പരാതി പിൻവലിക്കാൻ സമ്മതിക്കരുതെന്നും കോടതിയിൽ പൊലീസ് നിലപാട് എടുക്കും. ഇതോടെ കേസ് കൂടുതൽ കുരുക്കിലേക്ക് നീങ്ങുകയാണ്. ഹണീബീ ടു എന്ന സിനിമയുടെ സംവിധായകൻ ജീൻ പോൾ ലാലിനും അണിയറ പ്രവർത്തകർക്കുമെതിരേ പൊലീസിൽ പരാതി നൽകിയ പുതുമുഖ നടി കോടതിയിൽ നിലപാടു മാറ്റിയിരുന്നു. ഏതാനും രംഗങ്ങളിൽ മാത്രം അഭിനയിപ്പിച്ചശേഷം മറ്റാരെയോ ഉപയോഗിച്ച് ബോഡി ഡ്യൂപ്പിങ് നടത്തി സിനിമ പ്രദർശനത്തിനെത്തിച്ചെന്നും പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു നടിയുടെ പരാതി.

ജൂെലെ 24 ന് സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച പരാതി അടുത്തദിവസം പനങ്ങാട് പൊലീസിനു െകെമാറിയതോടെ ജീൻപോൾ ലാൽ അടക്കം നാലുപേർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ യുവ സംവിധായകനും നടൻ ശ്രീനാഥ് ഭാസിയും അണിയറ പ്രവർത്തകരായ അനൂപ്, അനിരുദ്ധ് എന്നിവർ മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണു നടിയുടെ മലക്കംമറിച്ചിൽ. സംവിധായകൻ ജീൻപോൾ ലാലിനെതിരേ പരാതിയില്ലെന്ന് നടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മധ്യസ്ഥ ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചെന്നും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.

പരാതിക്കാരി കോടതിയിൽ അനുകൂല നിലപാട് സ്വീകരിച്ചതോടെ പനങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീൻപോൾ ലാൽ െഹെക്കോടതിയെ സമീപിക്കാനൊരുങ്ങി. ഇത് മനസ്സിലാക്കിയാണ് പൊലീസ് കടുത്ത നിലപാട് എടുക്കുന്നത്. പുറത്തുള്ള ഒത്തുതീർപ്പ് ക്രിമിനൽ കേസുകളിൽ അംഗീകരിക്കാനാവില്ലെന്നും പൊലീസ് കോടതിയിൽ നിലപാട് എടുക്കും. സാമ്പത്തിക കുറ്റകൃത്യം മാത്രമേ പിൻവലിക്കാൻ കഴിയൂവെന്നാണ് പൊലീസ് നിലപാട്. അതുകൊണ്ട് തന്നെ ക്രിമിനൽ കുറ്റം അതേ പോലെ നിലനിൽക്കും. ഇക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവുണ്ടെന്നും പൊലീസ് വിശദീകരിക്കും.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സാഹചര്യം നിലനിൽക്കുന്നതിനാൽ പുതുമുഖ നടിയുടെ പരാതി ഏറെ ഗൗരവകരമായാണു പൊലീസ്‌ െകെകാര്യം ചെയ്തത്. പരാതി ലഭിച്ച ഉടൻ ജീൻപോൾ ലാൽ അടക്കമുള്ളവർക്കെതിരേ എന്തു തുടർനടപടി സ്വീകരിക്കണമെന്നു പൊലീസ് നിയമോപദേശം തേടി. ഇതിനു പുറമേ ഹണീബീ ടു സിനിമയുടെ സെൻസറിന് മുമ്പുള്ള കോപ്പിക്കായി സെൻസർ ബോർഡിനെ സമീപിക്കുകയും ചെയ്തു. ചിത്രീകരണസമയത്തുണ്ടായിരുന്ന മറ്റ് അണിയറ പ്രവർത്തകരിൽനിന്നു മൊഴി രേഖപ്പെടുത്തിയതോടെ പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിരുന്നു. സിനിമയുടെ സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന് അണിയറ പ്രവർത്തകർ മൊഴിനൽകിയിരുന്നു.

സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ അടക്കമുള്ളവരെ ചോദ്യംചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഇവർക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന ശക്തമായ നിലപാടാണു പൊലീസ് കോടതിയിൽ സ്വീകരിച്ചത്. ഇതിനിടെയാണ് നടി മലക്കംമറിഞ്ഞത്. പരാതിയുടെ തുടക്കത്തിൽ ഇരുവിഭാഗവും ഉറച്ചുനിന്നിരുന്നു. പരസ്യപ്രതികരണത്തിനു മുതിരാതെ കേസ് ഒത്തുതീർക്കുന്നതിനു സിനിമാരംഗത്തെ പ്രമുഖർ അണിയറയിൽ പ്രവർത്തിച്ചതാണു പുതുമുഖ നടിയുടെ മനംമാറ്റത്തിനു കാരണമെന്നാണു സൂചന. ഈ സാഹചര്യത്തിലാണ് കോടതിയിൽ പൊലീസ് നിലപാട് വിശദീകരിച്ചത്.