സ്റ്റോക്ക് ഹോം: 2016ലെ രസതന്ത്ര മേഖലയിലെ പുരസ്‌കാരം ലോകത്തെ ഏറ്റവും ചെറിയ യന്ത്രഘടന രൂപകല്പന ചെയ്ത മൂന്നു ശാസ്ത്രജ്ഞർ പങ്കിട്ടു. ഫ്രാൻസിലെ ഴോൺ പിയെ സുവാഷ്, അമേരിക്കയിലെ സർ ജെ ഫ്രയ്സർ സ്റ്റോഡർട്ട്, നെതർലാൻഡ് സ്വദേശി ബെർനാർഡ് എൽ ഫെറിങ്ഗ എന്നിവർക്കാണ് പുരസ്‌കാരം.

കമ്പ്യൂട്ടിങ് വികസന സാങ്കേതികവിദ്യയിൽ വിപ്ലവത്തിന് ഇടയാക്കും വിധമാണ് യന്ത്രങ്ങളുടെ ചെറിയഘടനകൾ നിർമ്മിക്കുന്നത്. മെഷീനുകളുടെ ചെറുഘടനക്ക് രസതന്ത്ര മേഖല എടുത്തിരിക്കുന്ന പുതിയ മാനത്തിന് നോബൽ സമ്മാനം നൽകുന്നതായി റോയൽ സ്വീഡിഷ് അക്കാദമി പ്രസ്താവനയിൽ വ്യക്തമാക്കി. ഊർജത്തിനാൽ പ്രവർത്തനക്ഷമമാകുന്ന, നിയന്ത്രണവിധേയമായ ചലനങ്ങളടങ്ങിയ തന്മാത്രകളുടെ രൂപീകരണമാണ് നൊബേലിന് അർഹരാക്കിയത്. 72,7000 പൗണ്ടാണ് പുരസ്‌കാരത്തുക.

ലോകത്തെ ഏറ്റവും ചെറിയ യന്ത്രങ്ങളാണിവരുടെ സൃഷ്ടി. തലമുടി നാരിനേക്കാൾ ആയിരം മടങ്ങ് ശോഷിച്ചാണ് ഈ യന്ത്രം. വൈദ്യശാസ്ത്ര മേഖലയിൽ ഏറെ സഹായകമാണ് ഇത്. കാൻസർ അടക്കമുള്ള ചികിത്സകളിൽ കോശങ്ങളിലേക്ക് നേരിട്ട് മരുന്ന് എത്തിക്കാനും ഇതുവഴി കഴിയും. ഒരു കുഞ്ഞ് ലിഫ്റ്റ്, കൃത്രിമ മാംസപേശി, ചെറിയ മോട്ടോർ എന്നിവ കൊണ്ടാണ് ഇവർ പരീക്ഷണം നടത്തിയത്. യന്ത്രങ്ങളെ പരമാവധി ചെറുതാക്കി രസതന്ത്രത്തിന് പുതിയൊരു മാനം നൽകുകയാണ് ഇവർ ചെയ്തതെന്ന് നൊബേൽ സമിതി വിലയിരുത്തി.

ഊർജ്ജ സംഭരണം,സെൻസറുകൾ എന്നിവയുടെ വികസനത്തിൽ ഏറ്റവും പുതിയ സാധ്യതകൾ തേടുന്നവയാണ് മോളിക്യുലർ യന്ത്രങ്ങൾ. 1983ൽ ജീൻ പിയറി സവാഷാണ് തന്മാത്രാ മെഷീനിലെ ആദ്യപഠനം നടത്തിയത്. 1991ൽ ഫ്രേസർ സ്റ്റോഡാർട്ട് റോടെക്സൈൻ വികസിപ്പിച്ചത് നിർണായകമായി. 1999ൽ ബെർണാഡ് ഫെരിംഗ ഒരു തന്മാത്രാ മോട്ടോർ നിർമ്മിച്ചു ഈ രംഗത്ത് വൻകുതിപ്പ് നടത്തുകയും ചെയ്തു.