തിരുവനന്തപുരം: എലിപ്പനി നിയന്ത്രിക്കാനുള്ള പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയ കേസിൽ ജനാരോഗ്യപ്രസ്ഥാനം ചെയർമാനും പ്രകൃതി ചികിത്സകനുമായ ജേക്കബ് വടക്കഞ്ചേരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എറണാകുളം ക്രൈം ബ്രാഞ്ച് യൂണിറ്റാണ് വടക്കഞ്ചേരിയെ കസ്റ്റഡിയിലെടുത്തത്. ചമ്പക്കരയുള്ള ജേക്കബിന്റെ ഓഫീസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പല വിധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയവർ പ്രതിരോധ മരുന്നുകൾ കഴിക്കണമെന്ന നിർദേശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് വടക്കാഞ്ചേരി പ്രതിരോധ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഫേസ്‌ബുക്ക് ലൈവിലൂടെ നടത്തിയ ആഹ്വാനത്തിനെതിരെ വലി പ്രതിഷേധമുയർന്നു.

സംഭവത്തിൽ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കാൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഡിജിപിക്ക് കത്ത് നൽകി. ഡിജിപി കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയും എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് ജേക്കബ് വടക്കൻചേരി രംഗത്ത് വന്നിരുന്നു. കൊലക്കുറ്റത്തിന് കേസെടുക്കേണ്ടത് അലോപ്പതി ഡോക്ടർമാർക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എലിപ്പനി, ഡെങ്കിപ്പനി, നിപാ തുടങ്ങിയ പുതുരോഗങ്ങളും അവയുടെ പേരിലുള്ള മരണങ്ങളും അലോപ്പതി മരുന്നുകൾ കഴിക്കുന്നവർക്ക് മാത്രമാണ് സംഭവിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. ജേക്കബ വടക്കൻചേരിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം പ്രത്യേകം തയാറാക്കി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ എത്തിക്കുകയായിരുന്നു.

ആയുർവേദ- ഹോമിയോ-പ്രകൃതി ചികിത്സാലയങ്ങളിൽ ഒന്നിൽ നിന്നുപോലും ഈ പുതുരോഗ മരണങ്ങൾ ഉണ്ടാകുന്നില്ല. ഓരോ വർഷവും അലോപ്പതി ഡോക്ടർമാർക്ക് മാത്രം പുതുരോഗങ്ങൾ കണ്ടുകിട്ടുന്നതും അവർ ചികിത്സിക്കുന്ന രോഗികൾ ഭൂരിഭാഗവും മരിക്കുന്നതും ദുരൂഹത നിറഞ്ഞ സംഭവമാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. മരണകാരണമായ അരഡസനിലധികം ദോഷഫലങ്ങളുള്ള എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ യാതൊരു ദോഷഫലങ്ങളുമില്ലാത്തതാണെന്ന പച്ചക്കള്ളം പറഞ്ഞു ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന ഐ എം എ ഭാരവാഹികൾക്കെതിരെയാണ് കൊലപാതകക്കുറ്റത്തിന് കേസെടുക്കേണ്ടത്.

കേന്ദ്ര സർക്കാർ നിരോധിക്കാൻ കഴിഞ്ഞ പത്തു വർഷങ്ങളായി ശ്രമിക്കുന്നും സുപ്രീം കോടതി നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതുമായ ആറായിരത്തിലധികം മരുന്നുകൾ കൂടുതൽ കമ്മീഷൻ വാങ്ങി ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുകയാണ് ഡോക്ടർമാർ. രോഗികൾ അറിയാതെ മരുന്നു പരീക്ഷണങ്ങൾ നടത്തി നിരവധി പേരെ ഭീകരമായ മരണത്തിലേക്ക് തള്ളിവിട്ടത് കേരളത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാണ്. രോഗികളുടെ വൃക്കകൾ മോഷ്ടിച്ചതും അവയവങ്ങൾ വിറ്റുകാശാക്കുന്നതിന് റോഡപകടങ്ങളിൽ പെട്ട നിരവധി പേരെ മനഃപൂർവ്വം മസ്തിഷ്‌ക്ക മരണമെന്ന് പ്രഖ്യാപിച്ച് കൊലപ്പെടുത്തിയതും ഡോക്ടർമാരാണ്. അനാവശ്യ ടെസ്റ്റുകളും സർജറികളും നടത്തി അവർ രോഗികളെ ദ്രോഹിക്കുന്നുവെന്നും ഇദ്ദേഹം പറയുന്നു.

നിപാ ചികിത്സയിലെ ഒറ്റപ്പെടുത്തലും മൃതദേഹം പോലും ബന്ധുക്കൾക്ക് വിട്ടു നൽകാതിരിക്കലും കാരണം ഭയന്നുപോയ ജനങ്ങൾ ബഹിഷ്‌ക്കരിച്ചതോടെ മറ്റുള്ള രോഗങ്ങളും നിപായും അപ്രത്യക്ഷമാവുകയാണ് ഉണ്ടായത്. ജനങ്ങളെ രോഗികളാക്കി മാറ്റുന്നതിന് വലിയ ചികിത്സകൾക്ക് അവരെ വിധേയമാക്കുന്ന മരുന്നു മാഫിയയുടെ സൃഷ്ടിയാണ് ഇപ്പോൾ പടർന്നു പിടിക്കുന്നതെന്ന് പറയുന്ന എലിപ്പനി. കേരളത്തിലെ അലോപ്പതി ആശുപത്രികളിൽ മാത്രം നടന്നുവരുന്ന എലിപ്പനി മരണങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. ഡോക്സിസൈക്ലിൻ പ്രതിരോധ മരുന്ന് നൽകുന്ന ഡോക്ടർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പൊലീസ് എടുത്ത കേസിനെ താൻ സ്വാഗതം ചെയ്യുന്നതായും ജേക്കബ് വടക്കൻചേരി പ്രസ്താവനയിൽ പറയുന്നു.

എന്നാൽ നാട് വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന വടക്കൻചേരിയെ ശക്തമായി നിയന്ത്രിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. സർക്കാർ നിർദ്ദേശത്തെ അവഗണിച്ചും പൊലീസ് കേസിനെ വെല്ലുവിളിച്ചും വീണ്ടും പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. ഇത് യാതൊരു വിധത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഡോക്ടർമാർ പറയുന്നു.