തിരുവനന്തപുരം: നാവായിക്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയായ ജീവാ മോഹൻ ആത്മഹത്യ ചെയ്തതെന്തിന് പിന്നിൽ അമിത ഫോൺ ഉപോഗം നൽകിയ നിരാശയാണെന്ന് പൊലീസ്. ജീവയുടെ മുത്തച്ഛനോ അമ്മയ്‌ക്കോ അനിയത്തിക്കോ ആത്മഹത്യാ കാരണത്തിൽ ഒരു സൂചനയുമുണ്ടായിരുന്നില്ല.

കുട്ടിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈലിന് അടിമയായ തനിക്ക് അടുത്ത സുഹൃത്തുക്കൾ ആരും ഇല്ലെന്നാണ് പെൺകുട്ടി കത്തിൽ പറയുന്നത്. ഫോണിനും സോഷ്യൽ മീഡിയയ്ക്കും താൻ അടിമപ്പെട്ടുവെന്ന് പെൺകുട്ടി കത്തിൽ പറയുന്നു. താൻ മൊബൈലിൽ അടിമയായതിനാൽ തന്റെ ഇളയ സഹോദരിക്ക് മൊബൈൽ കൊടുത്ത് ശീലിപ്പിക്കരുതെന്ന് പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ പറയുന്നു. മൊബൈലിന് അടിമയായ താൻ വിഷാദ രോഗത്തിന് അടിമയായി എന്ന് പറയുന്ന പെൺകുട്ടി ഇതുമൂലമുള്ള നിരാശയിൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം മൊബൈലിന് അടിമയായത് അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊബൈൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പാസ്സായ മിടുമിടുക്കിയായിരുന്നു ജീവ. അച്ഛൻ നേരത്തേ മരിച്ചു. അച്ഛന്റെ മരണ ശേഷം അമ്മയേയും അനിയത്തിയേയും ചേർത്ത് നിർത്തിയത് ജീവയായിരുന്നു. ഏറെ സ്‌നേഹത്തോടെ കഴിയുന്ന കുടുംബമായിരുന്നു അത്. ജീവയുടെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങിയിരിക്കുകയാണ് നാവായിക്കുളം.

ഇന്നലെ രാവിലെ പഠിക്കാൻ മുറിയിൽ കയറിയ പതിനാറുകാരി ഉച്ചയായിട്ടും വാതിൽ തുറന്നില്ല. ഇതോടെ സംശയമായി. തുടർന്ന് അയൽവാസികൾ എത്തി ജനൽ ചില്ല് പൊളിച്ചപ്പോൾ കണ്ടത് മുകളിലെ നിലയിലെ കിടപ്പുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ജീവ നിൽക്കുന്നതായിരുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും നല്ല മതിപ്പുള്ള കുട്ടിയായിരുന്നു. എല്ലാം മനസ്സിലാക്കി പഠിക്കുന്ന, മികച്ച ഒരു വിദ്യാർത്ഥിനി. അതുകൊണ്ട് നാട്ടുകാർക്കും ഏറെ ഇഷ്ടമായിരുന്നു ജീവയെ.

ആറ് താളുകളിലായി വലിയൊരു കുറിപ്പെഴുതി വച്ചാണ് അത്മഹത്യ. മൊബൈൽ ഫോണിന് അടിമയായിപ്പോയി. പഠനത്തിൽ ശ്രദ്ധ കിട്ടുന്നില്ല. ഉറ്റ കൂട്ടുകാരില്ല...വേദനയിലാഴ്‌ത്തിയ വിഷമങ്ങളെക്കുറിച്ചെല്ലാം നീണ്ട കുറിപ്പെഴുതി വച്ച് യാത്ര പറഞ്ഞു ജീവ. ടെൻഷൻ വരുമ്പോൾ ബിടിഎസ് അടക്കമുള്ള കൊറിയൻ സംഗീതബാൻഡുകളിൽ അഭയം തേടുമായിരുന്നു ജീവ. ഇതെല്ലാം ആത്മഹത്യാ കുറിപ്പിലുമുണ്ട്. അതുകൊണ്ട് തന്നെ കൊറിയൻ സംഗീത ബാൻഡുകളാണ് നിരാശ കൂട്ടിയതെന്ന് വേണം കരുതാൻ.

മൊബൈലിൽ കുടുങ്ങിയെന്ന് പറയുമ്പോഴും ജീവ സമൂഹ മാധ്യമത്തിലൊന്നും സജീവമായിരുന്നില്ല. ഗെയിമുകളും കളിക്കുമായിരുന്നില്ല. പാട്ടു കേൾക്കുന്നത് മാത്രമായിരുന്നു ശീലം. അതുകൊണ്ട് തന്നെ വീട്ടുകാരും കാര്യമായി ഒന്നും എടുത്തില്ല. ''പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. പാട്ടുകൾ കേൾക്കാൻ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു, തന്റെ അനിയത്തിക്ക് മൊബൈൽ കൊടുക്കരുത്. അവൾക്കിങ്ങനെ സംഭവിക്കരുതെന്നെല്ലാം അവളാ കത്തിൽ എഴുതിവച്ചിട്ടുണ്ട്'', എന്ന് ബന്ധുവായ ബിനുകുമാർ പറയുന്നു.

സാധാരണ കാണും പോലെ ഓൺലൈൻ സൗഹൃദങ്ങളോ ഓൺലൈൻ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ പെൺകുട്ടിക്കില്ലെന്ന് മൊബൈൽ ഫോൺ പ്രാഥമികമായി പരിശോധിച്ച പൊലീസും പറയുന്നു. കൂടുതൽ വ്യക്തത വരുത്താൻ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കും.

മൊബൈൽ ഫോൺ അഡിക്ഷനോടൊപ്പം പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ വിഷാദവുമാകാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.