പ്രസിദ്ധീകൃതമായിട്ട് ഒരു പന്തീരാണ്ടു കഴിഞ്ഞുവെങ്കിലും ഇക്കഴിഞ്ഞയാഴ്ച മാത്രം ഈ നോവൽ വായിച്ച ഒരാളെന്ന നിലയിൽ, ഇനിയും ഈ നോവൽ വായിക്കാത്ത മുഴുവൻ മലയാളികൾക്കും വേണ്ടിയുള്ള ഒരു സാംസ്‌കാരിക കുമ്പസാരമെന്ന നിലയിൽ പറയട്ടെ, ഇതാ മലയാളത്തിന്റെ പെഡ്രൊപരാമോ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെന്നല്ല, 1850 കളിലാരംഭിച്ച മലയാളനോവൽ ചരിത്രത്തിൽ തന്നെയുണ്ടായ ഏറ്റവും മികച്ച രചനകളിലൊന്നാണ് ജോണി മിറാൻഡയുടെ 'ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയുള്ള ഒപ്പീസ്'. 2004ൽ ഒന്നാംപതിപ്പും 2015ൽ രണ്ടാംപതിപ്പുമിറങ്ങിയ 'ഒപ്പീസി'ന് കൗതുകരമായ ഒരു ചരിത്രജീവിതം കൈവന്നിട്ടുണ്ട്. നിസംശയം പറയാം, ഇത്രമേൽ മികച്ച രചനയായിട്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നോവൽ മലയാളത്തിലുണ്ടായിട്ടില്ല. പക്ഷെ മലയാളി തൃണവൽഗണിച്ചിട്ടും ഈ നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടു, ഓക്‌സഫോർഡ് യൂണിവേഴ്‌സിറ്റിപ്രസ് അതു പ്രസിദ്ധീകരിച്ചു. ജെ. ദേവികയെന്ന മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യനിരൂപക ഈ കൃതിയെക്കുറിച്ച് ഗംഭീരമായ ഒരു പഠനവും പ്രസിദ്ധീകരിച്ചു. ഇപ്പോഴിതാ പൂർണാപബ്ലിക്കേഷൻസ് ഈ നോവൽ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.

എന്നിട്ടും മലയാളിവായനക്കാരും നിരൂപകരും ഈ രചന കണ്ടില്ല, വായിച്ചില്ല, പഠിച്ചില്ലയെങ്കിൽ എവിടെയാണതിന്റെ തരക്കേട്? നോവൽവായനയുടെ ഇടവകപ്പള്ളിയിൽ മുട്ടുകുത്തി മലയാളികൾ ഇനിയെങ്കിലും തങ്ങളുടെ ഈ സാംസ്‌കാരിക പാപകർമത്തിൽ പശ്ചാത്തപിക്കുകതന്നെ വേണം, നോവലിന്റെ അത്രമേൽ മൗലികവും ഭാവനാസമ്പന്നവും ജീവിതനിർഭരവുമായ ഒരു വഴിമാറിനടപ്പാണ് ജോണി മിറാൻഡ നടത്തിയിരിക്കുന്നത്.
ഒന്നിലധികം അപൂർവതകൾ കൊണ്ടാണ് ഇങ്ങനെയൊരു കലാപദവി ഈ രചന കൈവരിക്കുന്നത്. പോഞ്ഞിക്കര റാഫിയുടെ 'സ്വർഗദൂത'നിലൂടെ 1948ലാരംഭിക്കുന്ന മലയാളഭാവനയിലെ സവിശേഷമായ ഒരു സാംസ്‌കാരികഭൂമിശാസ്ത്രനിർമ്മിതിയുടെ ഏറ്റവും മികച്ച മാതൃകയാണ് 'ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ്'. കൊച്ചിയുടെ തീരങ്ങളിൽ സഹസ്രാബ്ദങ്ങളായി വീശിയടിക്കുന്ന കടൽക്കാറ്റിന്റെ ലവണരാഷ്ട്രീയത്തെ കൊളോണിയൽ വംശസാങ്കര്യത്തിന്റെ ചോരശാസ്ത്രമാക്കി മാറ്റുന്നു, ജോണി മിറാൻഡ. തന്റെ ഭാവനാഭൂപടത്തെ ഒരേസമയം ചരിത്രവൽക്കരിച്ചും മിത്തുവൽക്കരിച്ചും സൃഷ്ടിക്കുന്ന മാജിക്കൽ റിയലിസത്തിന്റെ സൗന്ദര്യശാസ്ത്രംകൊണ്ട് റാഫി മുതൽ മാധവൻ വരെയുള്ളവർ പുനഃസൃഷ്ടിച്ച പോഞ്ഞിക്കരയുടെ ഭൂതത്വങ്ങളെ ജോണി നോവൽവൽക്കരിക്കുന്നു. മലയാളത്തിലെ ആദ്യ മാജിക്കൽ റിയലിസ്റ്റ് നോവൽ, 'സ്വർഗദൂതൻ' പ്രസിദ്ധീകൃതമായ വർഷംതന്നെ (1955) പുറത്തുവന്ന ഹുവാൻ റുൾഫോയുടെ പെഡ്രൊപരാമോയിലെന്നപോലെ ഒരു മനുഷ്യന്റെ ബോധാബോധങ്ങളെയും വിധിയുടെ ഗതിവിഗതികളെയും വംശവൃക്ഷത്തിന്റെ വേരുകളെയും രക്തബന്ധത്തിന്റെ നിലവിളികളെയും പുത്രഹത്യയുടെ കൊടും പാപങ്ങളെയുമൊക്കെ അതിസൂക്ഷ്മമാംവിധം പിന്തുടർന്നുപോകുന്ന ലാബിറിന്തൻ ഭാവനയുടെ കടുംകെട്ടുപോലുള്ള ആഖ്യാനമാണ് 'ഒപ്പീസി'ന്റേത്.

അറബികളും യഹൂദന്മാരും പറങ്കികളും ലന്തക്കാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും മാത്രമല്ല, ഗുജറാത്തികളും മറാത്തികളും പോലും വംശവൃക്ഷങ്ങളുടെ വിത്തിട്ടുപോയ കൊച്ചിയുടെ കായൽത്തുരുത്തുകളിൽനിന്ന് പൊട്ടിമുളച്ച മാന്ത്രികയാഥാർഥ്യത്തിന്റെ യക്ഷിപ്പാലയാണ് ജോണി മിറാൻഡയുടെ നോവൽ. ഓശ എന്ന് എല്ലാവരും വിളിക്കുന്ന ജോസി പെരേരയെന്ന സങ്കരവംശജന്റെ ആത്മാനുതാപമാകുന്നു, 'ഒപ്പീസ്'. ഓശയുടെ പപ്പ ഫ്രാൺസോ പെരേര, മമ്മ പെത്രീന, വല്യപ്പൻ കാസ്പർ, വല്യമ്മ ജുവാണ, പപ്പയുടെ സഹോദരങ്ങൾ നാലുപേർ. വല്യപ്പന്റെ കാലം മുതൽ ഓശയുടെ കുടുംബക്കാരാണ് പള്ളിയിലെ കപ്യാന്മാർ.

നോവലിലെ നായികയും ആഖ്യാനത്തിന്റെ മന്ത്രവാദിനിയും ജുവാണ വല്യമ്മയാണ് അഥവാ ജുവാണാ മമ്മാഞ്ഞി. തറവാടുവീടു പണിതുയർത്തിയ, പോഞ്ഞിക്കരക്കാരുടെ ജീവിതം പ്രലോഭനങ്ങൾ കൊണ്ടമ്മാനമാട്ടിയ, തലമുറകൾക്കു താരാട്ടുപാടിയ, മരിച്ചിട്ടും മരിക്കാതെയും അഴുകാതെയും സ്വന്തം ജഡത്തിനും ആത്മാവിനും മേൽ അധികാരം സ്ഥാപിച്ച് ദൈവത്തെയും പ്രതിപുരുഷന്മരെയും വെല്ലുവിളിച്ച മമ്മാഞ്ഞി. മൂലമ്പിള്ളിയിൽനിന്നു പോഞ്ഞിക്കരയിലേക്കു കെട്ടിക്കയറിയ ജുവാണ, ഭൂതവും ഭാവിയും വർത്തമാനവും ഒന്നിച്ചു കീഴടക്കിയ അത്ഭുതാത്മാവിന്റെ ഉടമയായിരുന്നു. വർഷത്തിലൊരിക്കൽ പ്രവചനത്തിന്റെ മൂന്നാം കരയിൽ മമ്മാഞ്ഞി ഓരവതാരത്തെപ്പോലെ പ്രതിഷ്ഠിതയാകും. അന്ന് പോഞ്ഞിക്കര മമ്മാഞ്ഞിയുടെ അൾത്താരയാണ്.

മമ്മാഞ്ഞിയുടെ മകനായിട്ടും കപ്യാരായിട്ടും പള്ളിയിൽനിന്നും സെമിത്തേരിയിൽ വന്നെത്തുന്ന ശവങ്ങളിൽനിന്നുപോലും മോഷ്ടിച്ചു ജീവിച്ചു, ഓശയുടെ പപ്പ. ഓശയുടെ ചിറ്റ ഐഡയെ സേവി പിഴപ്പിച്ചു. അപ്പൻ തെണ്ടിനടന്നതോടെ അമ്മയും പിഴച്ചു. അവർ മകളുടെ കാമുകന്റെ കൂടെ നാടുവിട്ടു. അയാൾ അവരെ പലർക്കും വിറ്റു പണമുണ്ടാക്കി. ഐഡക്കു ഭ്രാന്തുപിടിച്ചു. അവൾ കൊച്ചിനഗരത്തിൽ തുണയേതുമില്ലാതെ അലഞ്ഞുനടന്നു.

സെമിത്തേരിയിൽ ശവക്കുഴി വെട്ടുമ്പോൾ കിട്ടിയ ഒരു സ്വർണച്ചാവി ഓശയുടെ ജീവിതം വഴിതിരിച്ചുവിട്ടു. ചാവി നഷ്ടമായ പൂട്ടിനെക്കാൾ ക്രൂരമാണ് പൂട്ടു നഷ്ടമായ ചാവി സൃഷ്ടിക്കുന്ന സംഘർഷം. അതിന്റെ പൂട്ടു കണ്ടെത്താൻ ഒരിക്കലും ഓശക്കു കഴിയുന്നില്ല. ഒരു ഗതിയുമില്ലാഞ്ഞിട്ടും അയാൾ ജസീന്തയെ കെട്ടി. ആണ് പെണ്ണിനോടു ചെയ്യുന്നതൊന്നും അവളോടു ചെയ്യാൻ അവനു കഴിഞ്ഞില്ല. എന്നിട്ടും അവൾ ഗർഭിണിയായി. അവളുടെ അപ്പൻ, വീട്ടിനുള്ളിൽ നിധിതേടി കുഴിച്ച കുഴി മൂടാതെ വേളാങ്കണ്ണിയിൽ തപസ്സിരിക്കാൻ പോയിട്ടു വർഷങ്ങളായിരുന്നു.
ഐഡയെ പള്ളിക്കകത്തിട്ട് ദിവ്യബലി നടക്കുമ്പോൾതന്നെ അവളുടെ അപ്പൻ വെട്ടിക്കൊന്നു.

അൾത്താരയിൽ ചോരയെ നോക്കി നിലവിളിച്ചു. അപ്പൻ ജയിലിലായതോടെ, നാടുവിട്ട മമ്മ തിരികെ വന്ന് ഓശയെയും മരുമകളെയും കൂട്ടി വീട്ടിൽ താമസമായി. പതിയെ മമ്മയിൽ ജുവാണ, മന്നാഞ്ഞി ആവസിച്ചുതുടങ്ങി. മമ്മാഞ്ഞിയുടെ നടപടികൾ മമ്മ പിന്തുടരുന്നു. ചികിത്സകളും പ്രവചനങ്ങളും പരകായപ്രവേശങ്ങളും അത്ഭുതങ്ങളും.... സ്വർണച്ചാവി മമ്മ വിറ്റതറിഞ്ഞ ഓശ വീടുവിട്ടിറങ്ങി, ജസീന്ത പെറ്റപ്പോഴും അയാൾ വീട്ടിൽ പോകാൻ കൂട്ടാക്കിയില്ല.

ജയിലിൽ മരിച്ച അപ്പന്റെ ശവമടക്കാൻ മമ്മാഞ്ഞിയുടെ കുഴിമാടം തുറന്നവർ ഞെട്ടി. വർഷങ്ങൾക്കു മുൻപു മരിച്ച ജുവാണാ മമ്മാഞ്ഞിയുടെ ശരീരം മരിച്ച സമയത്തേതുപോലെ രക്തപ്രസാദത്തോടെ, സുന്ദരമായി അവിടെ ഉറങ്ങിക്കിടക്കുന്നു. ഒപ്പംവച്ച പൂക്കളിൽനിന്ന് ഇപ്പോഴും സുഗന്ധം പരക്കുന്നു. ലോകം തലകീഴ്മറിഞ്ഞു. വിശ്വാസികളും പുരോഹിതരും രാപകലെന്യേ കുഴിമാടത്തിനു ചുറ്റും തമ്പടിച്ചു. മെത്രാനെത്തി മമ്മാഞ്ഞിയെ വീണ്ടും കല്ലറയിലടക്കി.

മമ്മയുടെ ആത്മവിദ്യകൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഓശ ചുഴലിദീനം ബാധിച്ച് തളർന്നുവീണപ്പോൾ മമ്മാഞ്ഞിയെപ്പോലെതന്നെ, പുഴയിൽ മുങ്ങിനിവർന്ന മമ്മ അവനെ കൈകളിൽ കോരിയെടുത്ത് നൃത്തം ചെയ്ത് വീട്ടിലെത്തിച്ചു. ഒരിക്കലുമുണരാത്ത മയക്കത്തിലേക്കു തെന്നിവീണ ഓശക്കു ചുറ്റും, മരിച്ചവർക്കു ചുറ്റും കൂടിനിൽക്കുന്നവരെപ്പോലെ ബന്ധുക്കൾ നിരന്നു. അതുകണ്ടു പകച്ച് ചുഴലിയുടെ ചുഴിക്കുത്തിൽ എക്കാലത്തേക്കുമായി തന്റെ പ്രയാണം തുടങ്ങുന്നു, ഓശ.


മരണക്കിടക്കയിൽ കിടന്നു സ്വപ്നം കാണുന്ന അസാധാരണമായ ഇത്തരമൊരു കഥയിൽ മാത്രമല്ല ഈ നോവൽ അതിന്റെ കലയും സൗന്ദര്യവും ഒളിപ്പിച്ചു വച്ചിരിക്കുന്നത്. മലയാളനോവലിന്റെ താവഴിയിൽ അന്നോളമുണ്ടാകാത്ത അസാമാന്യമായ അതിന്റെ ആഖ്യാനത്തിലാണ് ഒപ്പീസിന്റെ പാതാളമുഴക്കവും പിശാചസൗന്ദര്യവും കുടികൊള്ളുന്നത്. 'മനുഷ്യദശകം' എന്നുതന്നെ വിളിക്കാവുന്ന പത്തധ്യായങ്ങളിലായി ഒരുത്തൻ തന്റെ രണ്ടു മുൻതലമുറകളുടെയും തന്റെയും താൻ ജന്മം കൊടുത്ത സർപ്പസന്തതിയുടെയും കഥപറയുന്ന വിസ്മയകരമായ ഒരവതരണകല ഒപ്പീസിനുണ്ട്. മുതിർന്ന സൈമണല്ല, ഓശ. കാലം മാറിപ്പിറന്ന റാഫിയുമല്ല ജോണി. മലയാളനോവലിന് 1950കളിൽ നിന്നുണ്ടായ കുതിപ്പിന്റെ ഇങ്ങേയറ്റമാകുന്നു ഓശയും അവന്റെ ജീവിതം കൊണ്ടുള്ള ജോണിയുടെ ഈ ഒപ്പീസും.

സ്ഥലകോശത്തിന്റെ, ദേശപുരാണത്തിന്റെ, വിശ്വാസാചാരങ്ങളുടെ, വംശഗാഥകളുടെ, തീരദേശഭാഷണശൈലികളുടെ (ഇതിന്റെ പാരമ്യമറിയാൻ ജോണി മുൻപെഴുതിയ 'വിശുദ്ധ ലിഖിതങ്ങൾ' എന്ന മൂന്നു നോവലെറ്റുകളുടെ സമാഹാരം വായിക്കണം) ചരിത്രബന്ധങ്ങളുടെ, മിത്തുകളുടെ, സ്ത്രീപുരുഷ കാമനകളുടെ, ഹിംസാഹിംസകളുടെ, മർത്യബന്ധങ്ങളുടെ, ബോധധാരയ്ക്കും ദൃക്‌സാക്ഷിത്വത്തിനുമിടയിൽ മൂന്നാം മണിക്കൂറിൽ ദേവാലയത്തിരശ്ശീലപോലെ നെടുകെ കീറിപ്പിളരുന്ന മാജിക്കൽ റിയലിസത്തിന്റെ അനന്യമായ ഒരാഖ്യാനകല.

ഒരു കൂറ്റൻ നീരാളിയുടെ പിടിയിൽ പെട്ടതുപോലെ വായനയെ ശ്വാസം മുട്ടിക്കുന്ന ഭാവനാസമുദ്രത്തിന്റെ സമ്മർദ്ദം ഈ നോവലിലുടനീളം നാമനുഭവിക്കുകതന്നെ ചെയ്യും. മലയാള ചെറുകഥയിൽ സി. അയ്യപ്പനു മാത്രം കഴിഞ്ഞതെന്തോ അതാണ് നോവലിൽ ജോണി മിറാൻഡക്കു കഴിയുന്നത്. വെറും അറുപത്തഞ്ചു പുറങ്ങളിൽ നിന്ന് ഇവാൻ ഇലിയിച്ചും ഗ്രിഗർ സാംസയും പ്രെസ്യാഡോവും സാന്റിയാഗോ നാസറും അനുഭവിച്ചതുപോലുള്ള, ജീവിതത്തിനും മരണത്തിനുമിടയിലെ അപാരമായ ഒരു പിടച്ചിലിന്റെ പ്രാണസംഘർഷം ജോണി പുനഃസൃഷ്ടിക്കുന്നു. കൊളോണിയൽ ഭരണകൂടങ്ങൾ തിരസ്‌കരിച്ചും പൊതു ദേശീയചരിത്രങ്ങൾ തമസ്‌കരിച്ചും പുറന്തള്ളിയ ഒരു വംശത്തിന്റെ ആത്മഗാഥകൾ അതിഭൗതികവും അധിലൗകികവുമായ അതിന്റെ സമുദ്രാന്തര സഞ്ചാരങ്ങൾ നടത്തുന്നതിന്റെ ഭയസങ്കുലമായ ആവിഷ്‌കാരമാണ് 'ഒപ്പീസ്'. കിടിലംകൊള്ളിക്കുന്ന ദൈവാനുഭവങ്ങളാൽ ചോരയിറ്റു നിൽക്കുന്ന മർത്യാനുഭവങ്ങളെ പൂരിപ്പിക്കുന്ന മാന്ത്രികവടിയുടെ ഒറ്റവീശൽ കൊണ്ട് ജോണി മിറാൻഡ സൃഷ്ടിക്കുന്ന അത്ഭുതം മലയാളനോവലിന്റെ സ്വർണത്താക്കോലായി മാറുന്നു. ഇതുകൊണ്ടു തുറക്കാൻ പറ്റിയ പൂട്ടുകൾ മലയാളഭാവനയിൽ അധികമൊന്നുമില്ല എന്നതാണ് ഒട്ടുമേ മാന്ത്രികമല്ലാത്ത യാഥാർഥ്യം.

ലാറ്റിനമേരിക്കൻ നോവലിന്റെ ഭാവനാഭൂപടത്തിൽ പെഡ്രൊപരാമോ സൃഷ്ടിച്ച, അത്ഭുതത്തിൽ കുറഞ്ഞൊന്നുമല്ലാത്ത ആഖ്യാനവിസ്മയത്തെക്കുറിച്ച് ഗാർസിയാ മാർക്കേസും കേയിബോർഹെസും പറഞ്ഞതുതന്നെ ജോണി മിറാൻഡയുടെ നോവലിനെക്കുറിച്ച് മലയാളത്തിനും പറയേണ്ടിവരും. എന്തെന്നാൽ അത്രമേൽ ആരുറപ്പും വേരുറപ്പുമുള്ള ഒരു ഭാവനാഭൂമികക്കുമേൽ ഒരു ജനത നോവലിന്റെ രൂപത്തിൽ പണിതുയർത്തിയ അതിന്റെ സ്വന്തം മിഥോളജിയാകുന്നു, 'ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയുള്ള ഒപ്പീസ്'.

നോവലിൽ നിന്ന്

'മാസത്തിൽ എല്ലാ ആദ്യ വെള്ളിയാഴ്ചകളും മമ്മാഞ്ഞിക്ക് പ്രത്യേകതയുള്ള ദിവസങ്ങളാണ്. അന്നു മമ്മാഞ്ഞി ഏറ്റവും പുതിയതും തിളങ്ങുന്ന പൂക്കളോടുകൂടിയതുമായ പട്ടുകവായ ധരിക്കും. വെള്ളിവള, സ്വർണ്ണക്കുരിശു കെട്ടിയ ചരട്, തിരുശേഷിപ്പ് കെട്ടിയ ഉത്തരീയം എന്നിവ അണിയും. സപ്പാത്ത് എന്ന് വിളിക്കുന്ന ഷൂസ്, തലയിൽ വലിയൊരു തൊപ്പി എന്നിവയും എടുത്തണിയും. ഇവയെല്ലാം അന്നേ ദിവസത്തേക്കു മാത്രമായി കരുതിവച്ചിട്ടുള്ളവയാണ്.
ആ ദിവസം രാവിലെ ജുവാണ മമ്മാഞ്ഞി ആദ്യം പള്ളിയിലെത്തും. തിരുക്കർമ്മങ്ങൾ പ്രത്യേകമായുണ്ടാകും. അവയിൽ അവസാനം വരെ സംബന്ധിക്കും.

അന്നേദിവസം കടയിൽ കച്ചവടങ്ങളൊന്നും ഉണ്ടാകാറില്ല. മക്കൾ മാത്രമല്ല, കുഞ്ഞാതമാരും കുഞ്ഞാതോമാരും കുമ്പാരിമാരും കുമ്പാരിച്ചികളും പീലാസും മക്കളും നോനമാരും സൂസിമാരും അവരുടെ കാര്യങ്ങളൊക്കെ മാറ്റിവച്ച് ശുദ്ധിയോടെ, ഭക്തിയോടെ വീട്ടിൽ ഒത്തുകൂടിയിരിക്കും.
വസികളിൽ ചിരട്ടപ്പുട്ട്, ലത്തിരി എന്ന നൂലപ്പം, കണമ്പ് പാലുകറിവച്ചത്, ചുരുട്ട്, കോപ്പകളിൽ നിറയെ കള്ള് എന്നിവ തറവാട്ടു വീടിന്റെ സാളമുറിയിൽ വച്ചിരിക്കും. പള്ളിയിൽ നിന്നിറങ്ങുന്ന മമ്മാഞ്ഞി നേരെ പോകുന്നത് പുഴക്കടവിലേക്കായിരിക്കും. അവിടെയും ആളുകൾ ഭക്തിയോടെ നോക്കിനിൽപ്പുണ്ടാവും. എല്ലാ ആടയാഭരണങ്ങളോടെയും മമ്മാഞ്ഞി പുഴയിലേക്കിറങ്ങി മുഴുവനായി മുങ്ങിനനഞ്ഞൊലിച്ച് കയറിവരുന്നു. പിന്നെ വീട്ടിൽ കൂടിനിൽക്കുന്നവരുടെ ഇടയിലേക്ക് മമ്മാഞ്ഞിയുടെ ഒരു വരവുണ്ട്.... കൈവിരൽ പ്രത്യേക താളത്തിൽ ഞൊടിച്ച് ആരും കേൾക്കാത്ത, ആർക്കും മനസ്സിലാക്കാനാവാത്ത ഈണത്തിൽ ആർക്കും അറിയാനാവാത്ത പദങ്ങളുള്ള പാട്ടുപാടി നൃത്തം ചെയ്താണ് മമ്മാഞ്ഞി പള്ളിക്കടവിൽനിന്നു വീട്ടിലേക്ക് നടക്കുക.

വീട്ടിലേക്ക് വരുമ്പോൾ മമ്മാഞ്ഞി ഓരോരുത്തരെയും തുറിച്ചുനോക്കും. ആരൊക്കെയാണ് വെന്തീഞ്ഞയിടാത്തവരെന്നു നോക്കുകയാണ്. വെന്തീഞ്ഞ ഇടാത്തവരുടെ മുഖത്ത് മമ്മാഞ്ഞി കാറിത്തുപ്പും! പിന്നെ എല്ലാവരുടെയും ഭാവിവർത്തമാനങ്ങളെക്കുറിച്ച് വിശദമായ പ്രവചനങ്ങൾ നടത്തും. ഉത്കണ്ഠാകുലരായവരുടെ ചോദ്യങ്ങൾക്കു മറുപടി പറയും. നേർച്ചകാഴ്ചകൾ ഉപദേശിക്കും. പ്രാർത്ഥനകളിലും കുർബാനകളിലും ഉപേക്ഷ കാട്ടുന്നവരെ, എസ്തപ്പാടു കൂട്ടാതെ കിടന്നുറങ്ങുന്നവരെ ശാസിക്കും. പിന്നെ മേശമേൽ ഒരുക്കിവച്ച വിഭവങ്ങൾക്ക് മീതെ ആ മൂളിപ്പാട്ടോടെ കയറി കമിഴ്ന്നു കിടക്കും. മമ്മാഞ്ഞി അവയിലൊന്നുപോലും രുചിച്ചുനോക്കുന്നില്ല. അല്പനേരത്തിനുശേഷം എഴുന്നേറ്റ്, നേരത്തെ സമീപത്തായി മുറിച്ചുവിരിച്ചിരിക്കുന്ന മുഴുവനായ വാഴയിലയിൽ മലർന്നുകിടക്കുന്നു. ബോധം നഷ്ടപ്പെട്ട മട്ട് ഗാഢമായ മയക്കത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.

മുറ്റത്ത് വളർന്നുനിൽക്കുന്ന വാഴയുടെ വായുവിൽ വിടർന്നുനിൽക്കുന്ന വലിയ ഇലയിൽ അന്തരീക്ഷത്തിലെന്നവണ്ണം കിടക്കാനും ആ സമയങ്ങളിൽ മമ്മാഞ്ഞിക്കു കഴിയുമായിരുന്നു.
ചില അപൂർവ്വ അവസരങ്ങളിൽ മമ്മാഞ്ഞി അതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
ആ സമയത്ത് വാഴയില കനം തൂങ്ങി ഒടിഞ്ഞുതൂങ്ങുന്നില്ല എന്നു മാത്രമല്ല ഒരു കാക്ക വന്നിരുന്നാൽ ഉള്ളത്രപോലും വാഴയില ചായുകയോ ഇളകുകയോ ചെയ്യാറില്ലത്രെ!

മമ്മാഞ്ഞി പൂർവ്വസ്ഥിതി പ്രാപിക്കുന്ന നേരത്ത് വാഴ വലിയ ശബ്ദത്തോടെ നിലംപതിക്കുകയും ചെയ്യും.

അപ്പോഴേക്കും മേശപ്പുറത്തെ ഭക്ഷണപാനീയങ്ങളുടെ രുചിയും മണവുമൊക്കെ തീർത്തും നഷ്ടപ്പെട്ട് അവ വെറും ചണ്ടി മാത്രമായിത്തീർന്നിട്ടുണ്ടാകും. അവയൊന്നും ആരും ഒരിക്കലും ഉപയോഗിക്കാറില്ല. പുഴയിലേക്ക് വെറുതെ വലിച്ചെറിയുകയാണ് പതിവ്. മത്സ്യങ്ങൾ പോലും അവ തൊടാറില്ലത്രെ.

ആ നേരത്തെല്ലാം മമ്മാഞ്ഞിയുടെ മുഖത്ത് എന്തൊരു തേജ്ജസ്സാൺ മമ്മാഞ്ഞി മറ്റൊരാളായി മാറുന്നതുപോലെ. എല്ലാം കഴിഞ്ഞ് ഉണരുമ്പോൾ മമ്മാഞ്ഞി പറയുന്നത് കഴിഞ്ഞുപോയതൊന്നും ഞാനറിയാറില്ലെന്നാണ്...

കാസ്പറു പപ്പാഞ്ഞി മരിച്ചശേഷവും അതിനുമുമ്പും എല്ലാ കാര്യങ്ങൾക്കും മമ്മാഞ്ഞിക്കു ശക്തി ലഭിച്ചുകൊണ്ടിരുന്നത് ഈയൊരു പ്രക്രിയയിലൂടെയായിരുന്നെന്ന് മമ്മാഞ്ഞിയും മറ്റെല്ലാവരും വിശ്വസിച്ചുപോരുന്നു.

പിന്നെ പ്രായമേറെയായ കാലത്ത് മമ്മാഞ്ഞി ഉത്തരവാദിത്വങ്ങളിൽ നിന്നും മറ്റെല്ലാത്തിൽനിന്നും പിന്മറി പുറത്തിറങ്ങാതെ, ആരോടും ഉരിയാടാതെ അടച്ച ഒരു മുറിയിൽ റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ വിശുദ്ധവേദ പുസ്തകം വായിച്ചുകൊണ്ട് ഇരിപ്പുതുടങ്ങി. ഇടയ്ക്ക് തല ഉണങ്ങുമ്പോൾ മാത്രം കതകുതുറന്ന് പുറത്തിറങ്ങി കിണറ്റിൻകരയിൽത്തെന്ന് തനിയെ ആവോളം വെള്ളം ബക്കറ്റിൽ കോരിയൊഴിച്ച് ഉണങ്ങാതെ കെട്ടിവച്ച് മുറിയിൽ കയറുന്നു. ബൈബിൾ വായിക്കാത്തപ്പോൾ നല്ല വെളുത്ത പേപ്പറിൽ ധാരാളമായി കുനുകുനാ എഴുതിനിറയ്ക്കാനും തുടങ്ങി.

ഒരു നേരം മാത്രമുള്ള ലഘുവായ ഭക്ഷണം.
അങ്ങനെ എഴുത്തും വായനയും മാത്രമായി കഴിയവേ ഒരു ദിവസം വിശുദ്ധവേദപുസ്തകത്തിലേക്ക് കണ്ണുതുറന്നിരുന്ന് ജുവാണാ മമ്മാഞ്ഞി മരിച്ചുപോവുകയായിരുന്നു'.

ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയുള്ള ഒപ്പീസ്
ജോണി മിറാൻഡ
പൂർണപബ്ലിക്കേഷൻസ്
2015, വില : 85 രൂപ