തിരുവനന്തപുരം: ദൂരെ ദേശത്തേയ്ക്ക് യാത്ര ചെയ്യാൻ എത്തുന്ന ഒരാൾക്ക് അവസാന വണ്ടിയും നഷ്ടമായാൽ ബാഗിൽ തലവച്ചു ബസ് സ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയല്ലാതെ മറ്റെന്താണ് വഴി? അതിസമ്പന്നമായ പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഇത് പതിവാണ്. വിമാന യാത്രക്കാർ വലുപ്പച്ചെറുപ്പം നോക്കാതെ വിമാനത്താവളത്തിൽ നിലത്ത് കിടന്നുറങ്ങാറുണ്ട്. എന്നാൽ തലസ്ഥാനത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കാവൽക്കാരന് മാത്രം ഉറങ്ങുന്നവരോട് കട്ടക്കലിപ്പാണ്. അടുത്ത വണ്ടി നോക്കി കിടന്നു മയങ്ങിയ വയോധികർ അടക്കമുള്ള യാത്രക്കാരെ ചൂരൽ വടികൊണ്ട് അടിച്ചാണ് വിജയകുമാർ എന്ന സെക്യുരിറ്റിക്കാരൻ പ്രതികാരം വീട്ടിയത്.

ചൊവ്വാഴ്ച രാത്രിയാണ് തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഒരു സുരക്ഷാ ഉദ്യാഗസ്ഥനും അയാളുടെ ശിങ്കിടികളും അഴിഞ്ഞാടിയത്. ജീവൻ ടിവി എക്‌സ്‌ക്ലൂസിവായി ഈ വാർത്ത റിപ്പോർട്ട് ചെയ്തപ്പോഴാണ് ക്രൂരത പുറംലോകത്ത് എത്തിയത്. ബസ് സ്റ്റാൻഡിലെ സുരക്ഷാജീവനക്കാരനായ വിജയകുമാറാണ് ബസ് സ്റ്റാൻഡിൽ അഴിഞ്ഞാടിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയിലായിരുന്നു ഇടപെടൽ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശമില്ലാതെയായിരുന്നു ഇടപെടൽ

സ്റ്റാൻഡിൽ കിടന്നുറങ്ങിയവരെ നീളമുള്ള ചൂരൽവടികൊണ്ട് തലങ്ങും വിലങ്ങും തല്ലിയ സുരക്ഷാജീവനക്കാരൻ പ്രായമുള്ളവരെപ്പോലും വെറുതെ വിട്ടില്ല. എണീക്കട്ട എന്ന് പറഞ്ഞ് ആ്‌ക്രോശിച്ചു കൊണ്ടായിരുന്നു ഇടപെടൽ. തുടർന്ന് തമ്പാനൂർ പൊലീസ് രംഗത്തെത്തിയെങ്കിലും അടികൊണ്ടവരെ ഉൾപ്പെടെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. തല്ലിയ ആൾക്കും തല്ലുകൊണ്ടവർക്കുമെതിരേ തമ്മിൽ തല്ലിയതിനാണ് തമ്പാനൂർ പൊലീസ് കേസെടുത്തത്. ഇതോടെ അടി കിട്ടിയവരും വെട്ടിലായി. ഏകപക്ഷീയമായ അക്രമത്തിനെതിരെ ഇത്തരത്തിൽ കേസെടുത്തത് ഏവരേയും ഞെട്ടിക്കുകയും ചെയ്തു.

വിമുക്ത ഭടന്മാർക്ക് ജോലി നൽകുന്ന 'കെസ്‌കോൺ' വഴിയാണ് ഇയാൾ തമ്പാനൂരിൽ സുരക്ഷാജീവനക്കാരനായെത്തിയത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ വിജയകുമാർ ഒരു നീളൻ ചൂരലുമായെത്തി ഉറങ്ങിക്കിടന്നവരെയൊക്കെ മർദിക്കുകയായിരുന്നു. അവസാന ബസും പോയ ശേഷം സ്റ്റാൻഡിൽ കിടന്ന് ഉറങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അതിൽ പ്രായമായവരുമുണ്ട്. അവരെയുൾപ്പെടെ വിജയകുമാർ മർദിച്ചു. ഇതിനിടെ എന്തിനാണ് തന്നെ അടിച്ചതെന്ന് ചോദിച്ച ഒരാളെ വിജയകുമാർ ക്രൂരമായി മർദിച്ചു. ഇതുകണ്ടതോടെ വിജയകുമാറിന്റെ ശിങ്കിടിയെന്ന തരത്തിൽ മറ്റൊരാൾകൂടി എത്തി വിജയകുമാറിനെ ചോദ്യം ചെയ്തയാൾക്ക് നേരെ തിരിയുകയും മർദിക്കുകയും ചെയ്തു. ഇതെല്ലാം ജീവൻ ടിവിയുടെ വാർത്തയിലും വ്യക്തമാണ്.

സംഭവം വഷളായിത്തുടങ്ങിയതോടെ മറ്റ് യാത്രക്കാരും ഇടപെട്ടു. ഇതിനിടെ ചോദ്യം ചെയ്തയാളുടെ മുഖത്ത് ഉൾപ്പെടെ വിജയകുമാർ ചൂരൽ കൊണ്ട് ക്രൂരമായി അടിച്ചുവെന്നും കണ്ടുനിന്നവർ പറയുന്നു. പിന്നീട് തമ്പാനൂർ പൊലീസെത്തി വിജയകുമാറിനെയും മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചതോടെ വിജയകുമാർ തനിക്ക് മർദനമേറ്റതായാണ് പൊലീസിനോട് പറഞ്ഞത്. ഇതോടെ പൊലീസ് അടികിട്ടയവർക്ക് നേരെ തിരിഞ്ഞു.ഇയാൾ മദ്യപിച്ചിരുന്നതായും നാലുപേർക്കുമെതിരേ തമ്മിൽ തല്ലിയതിന് കേസെടുത്തതായും തമ്പാനൂർ പൊലീസ് പറഞ്ഞു. തമ്പാനൂർ ബസ്സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന യാത്രക്കാരെ ആരെയും സുരക്ഷാജീവനക്കാരൻ മർദിച്ചില്ലെന്നാണ് തമ്പാനൂർ എസ്.ഐ. പറഞ്ഞത്. ബസ് സ്റ്റാൻഡിൽ സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ചിലർക്കെതിരേയാണ് വിജയകുമാർ ചൂരൽ പ്രയോഗിച്ചതെന്നാണ് എസ്.ഐ. പറയുന്നത്.

വിജയകുമാറിനെ ചിലർ തല്ലിയെന്നാണ് തങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ വ്യക്തമാക്കിയത്. രാത്രി ബസ് കാത്തിരിക്കുന്നവർക്കു നേരെ ജീവനക്കാരുടെ ഇത്തരം പെരുമാറ്റം സ്ഥിരമാണെന്നും പരാതിയുണ്ട്. തമിഴ്‌നാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിക്കുന്നവർക്കു നേരെയാണ് ജീവനക്കാർ അതിരുകടക്കുന്നത്. രാത്രിയിൽ ബസ് സ്റ്റാൻഡിലെത്തുന്ന പൊലീസും ബസ് കാത്തിരിക്കുന്നവർക്ക് നേരെ തിരിയാറുണ്ടെന്നും ആരോപണമുണ്ട്.വിജയകുമാർ മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോർട്ട് ലഭ്യമായതിനാൽ അദ്ദേഹത്തെ കെ.എസ്.ആർ.ടി.സി.യിൽ നിന്ന് ഒഴിവാക്കിയതായി തമ്പാനൂർ ഡിപ്പോ മേധാവി അറിയിച്ചു.