- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തിനെ 'നായകനാക്കി' എടുത്ത ലോകത്തിലെ ആദ്യത്തെ ചിത്രം; മൃഗത്തേക്കാൾ മൃഗീയമായി ചിന്തിക്കുന്ന മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥ പ്രമേയം; പേരുകൾ പോലും പ്രസക്തമല്ലാത്ത മനുഷ്യർ സ്ക്രീനിൽ തലങ്ങും വിലങ്ങും ഓടുന്നതായി തോന്നിക്കുന്ന ഞെട്ടിക്കുന്ന ക്രാഫ്റ്റ്; ഓസ്കർ തിളക്കത്തിലേക്ക് 'ജല്ലിക്കട്ട്'; ലിജോയ്ക്ക് അഭിനന്ദനപ്രവാഹം
തിരുവനന്തപുരം: ഈ ചിത്രത്തിലെ നായകൻ ആരാണെന്ന് ചോദിച്ചാൽ ഒരു പോത്താണ്! മൃഗത്തേക്കാൾ മൃഗീയമായി ചിന്തിക്കുന്ന മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥ പറയുന്ന ചിത്രം.പേരുകൾ പോലും പ്രസക്തമല്ലാത്ത ഒരുപറ്റം മനുഷ്യർ സ്ക്രീനിൽ തലങ്ങും വിലങ്ങും ഓടുന്നതായി തോന്നിക്കുന്ന ഞെട്ടിക്കുന്ന ക്രാഫ്റ്റ്. ഒറ്റനോട്ടത്തിൽ മലയാള സിനിമയുടെ എല്ലാ ചിട്ടവട്ടങ്ങളെയും തട്ടിമറിച്ചിടുന്ന ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട്. പക്ഷേ അത് വിദേശ- ഇന്ത്യൻ ചലച്ചിത്ര ഫെസ്റ്റിവലുകളിൽ അവാർഡുകൾ വാരിക്കൂട്ടുകയാണ്. ഗോവൻ അന്താഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രമായ ജെല്ലിക്കട്ട്, ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്'. ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തിൽ നിന്ന് ലഭിച്ചിരിക്കുന്നത് ജല്ലിക്കട്ടിനാണ്. മലയാള സിനിമക്ക് ഒരു അഭിമാന നിമിഷം കൂടി.
പൃഥ്വിരാജ്, മഞ്ജുവാര്യർ, ആസിഫ് അലി, വിജയ് ബാബു, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങി നിരവധി പേരാണ് ജല്ലിക്കട്ട് ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അഭിമാന നിമിഷമെന്നാണ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം.എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ജല്ലിക്കട്ടിന്റെ തിരക്കഥയെഴുതിയത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവാണ് പ്രധാന കഥാപാത്രങ്ങളായി എത്തി. 2019 ഒക്ടോബർ നാലിനാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചത്. 2019ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജല്ലിക്കട്ട് പ്രദർശിപ്പിച്ചിരുന്നു.
'ജല്ലിക്കെട്ടി'ലെ നായകൻ ഒരു പോത്താണ്
ജല്ലിക്കട്ടിനെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണം പങ്കുവെച്ച് ജൂറി ബോർഡ് - ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ രാഹുൽ റാവയിൽ ഇങ്ങനെ ട്വീറ്റ് ചെയ്യുന്നു. ' ചിത്രത്തിന്റെ തീം, നിർമ്മാണ നിലവാരം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനം എന്നിവ തികച്ചും പ്രശംസ പിടിച്ചുപറ്റുന്നു. , ''മനുഷ്യരുടെ അകം വെളിപ്പെടുത്തുന്ന ഒരു ചിത്രമാണിത്. മനുഷ്യ സഹജവാസന മൃഗങ്ങളെക്കാൾ മോശമാണെന്ന് ചിത്രം അതിശയകരമായി ചിത്രീകരിച്ചിരിക്കുന്നു. നാമെല്ലാവരും അഭിമാനിക്കേണ്ട ഒരു നിർമ്മാണമാണിത്. ചിത്രീകരണം വളരെ നന്നായി.അങ്ങേയറ്റം കഴിവുള്ള സംവിധായകനാണ് ലിജോ. അതുകൊണ്ടാണ്, ഞങ്ങൾ ജല്ലിക്കട്ട് തെരഞ്ഞെടുത്തതത്
മനുഷ്യനിലെ 'മൃഗ'ത്തിന്റെ തൊലിയടർത്തിയെടുത്ത് ഉണങ്ങാനിടുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നായിരുന്നു ഈ പടം കണ്ട് ഒരാൾ സോഷ്യൽ മീഡിയിൽ കുറിച്ചത്. കശാപ്പുശാലയിലെ കത്തിമുനയിൽ നിന്നും പ്രാണരക്ഷാർത്ഥം ജീവനും കൊണ്ടോടുന്ന ഒരു പോത്താണ് 'ജല്ലിക്കെട്ടി'ലെ നായകൻ. വിരണ്ടു കൊണ്ടുള്ള ജീവൻ-മരണപാച്ചിലിനിടയിൽ ഒരു നാടിനു തന്നെ പോത്ത് ഭീഷണിയാവുകയാണ്. നാട്ടിലെ ക്രമസമാധാനം തകർക്കുന്ന, നാട്ടുകാരുടെ ഉറക്കം കളയുന്ന പോത്തിനു പിറകെ നിൽക്കാതെ ഓടികൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യർ. ഒരൊറ്റ വരിയിൽ പറഞ്ഞു തീർക്കാവുന്ന ഒരു കഥാതന്തുവിനെ ഒരു മണിക്കൂർ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റുകയാണ് ലിജോ.
വന്യതയാണ് ജല്ലിക്കെട്ടിന്റെ ഓരോ ഫ്രെയിമിനെയും സുന്ദരമാക്കുന്നത്. മനുഷ്യർക്ക് ഉള്ളിലെ മൃഗത്തെ കുറിച്ചും മൃഗതൃഷ്ണകളെ കുറിച്ചും ആൾകൂട്ട മനഃശാസ്ത്രത്തെ കുറിച്ചുമൊക്കെ ലിജോ സംസാരിക്കുന്നത് നീണ്ട സംഭാഷണശകലങ്ങളിലൂടെയല്ല, പോത്തിനു പിറകെ ഓടുന്ന മനുഷ്യരുടെ കിതപ്പുകൾ, ദ്രുതചലനങ്ങൾ, ശരീരഭാഷ അതിലൂടെയൊക്കെ സ്വയം പ്രേക്ഷകനു മനസ്സിലാക്കിയെടുക്കാവുന്ന രീതിയിലാണ് 'ജല്ലിക്കെട്ടി'ന്റെ ദൃശ്യഭാഷയൊരുക്കപ്പെട്ടിരിക്കുന്നത്.
പേരുകൾ പോലും പ്രസക്തമല്ലാത്ത ഒരുപറ്റം മനുഷ്യർ സ്ക്രീനിൽ തലങ്ങും വിലങ്ങും ഓടുമ്പോൾ, ആണത്ത ആഘോഷങ്ങളുടെ കൊടിപിടിച്ച് പ്രേക്ഷകനും ആ ആൾക്കൂട്ടത്തിനൊപ്പം ഓടി തുടങ്ങും. വീറ്, വാശി, പരാജയബോധം, അപമാനം, കീഴ്പ്പെടുത്താനുള്ള ത്വര തുടങ്ങി മനുഷ്യനിലെ എല്ലാ വന്യതകളും പുറത്തു ചാടുമ്പോൾ മനുഷ്യനും മൃഗത്തിനും ഇടയിലുള്ള വേർത്തിരിവിന്റെ ലക്ഷ്മണരേഖകളെല്ലാം മായ്ക്കപ്പെടുകയാണ്.
ഈ സിനിമയിൽ. ദൃശ്യങ്ങളും ശബ്ദവുമാണ് ജല്ലിക്കെട്ടിനെ മറ്റൊരു തലത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ. ക്യാമറക്കണ്ണുകൾ ഏതൊക്കെ ആംഗിളിൽ നിന്നാണ് പോത്തിനൊപ്പം ഓടുന്ന ആ ആൾക്കൂട്ടചലനങ്ങളെ ഒപ്പിയെടുത്തിരിക്കുന്നതെന്ന് വിസ്മയത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ. പെട്രോമാക്സിന്റെയും തീപന്തങ്ങളുടെയും ടോർച്ചിന്റെയും വെളിച്ചത്തിൽ ഇരമ്പിയാർക്കുന്ന കടലു പോലെ കുതിക്കുന്ന മനുഷ്യർ. കാടിന്റെയും രാത്രിയുടെയും തീക്ഷ്ണവും വന്യവുമായ സൗന്ദര്യം മതിയാവോളം ഒപ്പിയെടുക്കുകയാണ് ഗിരീഷ് ഗംഗാധരന്റെ ക്യാമറക്കണ്ണുകൾ. സമീപകാലത്ത് മലയാളസിനിമ കണ്ട ഏറ്റവും മികച്ച വിഷ്വൽ ട്രീറ്റാണ് 'ജല്ലിക്കെട്ടി'ന്റേത് നിസ്സംശയം പറയാം.
ചെമ്പൻ വിനോദ്, ആന്റണി പെപ, സാബു മോൻ, ജാഫർ ഇടുക്കി തുടങ്ങിയ പ്രധാന താരങ്ങളെല്ലാം കഥാപാത്രങ്ങളിലേക്ക് കൂട് വിട്ട് കൂടുമാറുന്ന അഭിനയമികവിന്റെ ദൃഷ്ടാന്തം കൂടിയാണ്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ